ADVERTISEMENT

ദുബായ്∙ പുതിയ തരം വീസകൾ ഏർപ്പെടുത്തിയും നിയമങ്ങൾ ലഘൂകരിച്ചും ദുബായ് കുതിക്കുമ്പോൾ കൂടുതൽ പേർ  ഇവിടേക്ക് എത്തുന്നതിനാൽ വാടക നിരക്കും ഉയർച്ചയിൽ. 25% വരെ വർധനയാണു പ്രധാന ഇടങ്ങളിൽ.

 

താരതന്മ്യേന കുറഞ്ഞ വാടകയുള്ള ദയ്റ, ദുബായ് സ്പോർട്സ് സിറ്റി, ജുമൈറ വില്ലേജ് എന്നിവിടങ്ങളിലും വാടകനിരക്കു വർധന രണ്ടക്കം കടന്നിരിക്കുകയാണ്. ഏറ്റവുമധികം ഉയർച്ച രേഖപ്പെടുത്തിയത് ദുബായ് മറീന, ജുമൈറ ബീച്ച് റസിഡൻസ്, ജുമൈറ ലേക്ക് ടവേഴ്സ് എന്നിവിടങ്ങളിലാണ്.

 

ഈ അവസ്ഥ തുടർന്നാൽ ഈ വർഷം അവസാനത്തോടെ ദുബായ് ഏറ്റവും കൂടുതൽ വാടക നിരക്ക് രേഖപ്പെടുത്തിയ 2014 ലെ അതേ നിലയിലേക്ക് എത്തുമെന്നാണ് മേഖലയുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകളും വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ 25% വർധനയാണു ദുബായ് മറീനയിലുള്ളത്.

 

പാം ജുമൈറ, ജുമൈറ ബീച്ച് റസിഡൻസ്, ജുമൈറ ലേക്ക് ടവേഴ്സ് എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22%, ജുമൈറ വില്ലേജ് സർക്കിൾ, ഗ്രീൻസ് എന്നിവിടങ്ങളിൽ 21% വാടക ഉയർന്നു. ദയ്റ, ദുബായ് സ്പോർട്സ് സിറ്റി, ജുമൈറ വില്ലേജ് എന്നിവിടങ്ങളിൽ യഥാക്രമം 11%, 15%, 21% എന്നിങ്ങനെയാണു നിരക്ക് വർധന.

 

മുൻപ് ഇടത്തട്ട് മുതൾ മുകളിലേക്കാണു നിരക്ക് വർധന ഉണ്ടായിരുന്നതെങ്കിൽ ഇപ്രാവശ്യം ജോലി തേടി ആളുകൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ നിരക്കു കുറഞ്ഞ പ്രദേശങ്ങളിലും ക്രമാതീതമായ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്.

 

2020ന് ശേഷം ദുബായിലെ ജനസംഖ്യയിൽ ഒരുലക്ഷം പേരുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതാദ്യമായി ഏപ്രിലിൽ ദുബായ് ജനസംഖ്യ 35 ലക്ഷം കടന്നു. ക്രമാനുഗതമായി ഇനിയും നിരക്കുകൾ ഉയരുമെന്നു തന്നെയാണ് ഈ മേഖലയിലുള്ളവർ വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com