ADVERTISEMENT

അബുദാബി∙ ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ  ടൂർണമെന്റിനെ നിയന്ത്രിക്കുന്ന 129 ഒഫിഷ്യൽസുകളിൽ ഒരാൾ അബുദാബി പൊലീസ്. ഫിഫയുടെ ഖത്തർ വേൾഡ് കപ്പിലെ അസിസ്റ്റന്റ് റഫറിയായാണ് അബുദാബി പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് അഹ്മദ് യൂസഫ് അൽ ഹമ്മാദിയെ തിരഞ്ഞെടുത്തത്.

 

പൊലീസിലെ ഫിറ്റ്നസ് വിഭാഗം ഫസ്റ്റ് അസിസ്റ്റന്റ് ഉദ്യോഗസ്ഥനായ 36 വയസ്സുകാരനെ കൂടാതെ യുഎഇയിൽനിന്ന് അബ്ദുല്ല മുഹമ്മദ് മുഹമ്മദിനെ റഫറിയായും ഹസൻ അൽ മഹ്റിയെ അസിസ്റ്റന്റ് റഫറിയായും തിരഞ്ഞെടുത്തു. 2007 മുതൽ പ്രാദേശിക തലത്തിലും 2012 മുതൽ രാജ്യാന്തര തലത്തിലുമുള്ള ഫുട്ബോൾ മത്സരങ്ങളിൽ റഫറിയായി സേവനമനുഷ്ഠിച്ച അൽഹമ്മാദി വെല്ലുവിളികൾ നിറഞ്ഞ ഈ അവസരം തന്മയത്വത്തോടെ കൈകാര്യം ചെയ്യാനുള്ള തയാറെടുപ്പിലാണ്.

 

കഴിഞ്ഞ 10 വർഷത്തെ രാജ്യാന്തര മത്സരങ്ങളിലെയും ഫൈനലുകളിലെയും അനുഭവ സമ്പത്തുമായാണു അൽഹമ്മാദി ഖത്തറിലേക്ക് വിമാനം കയറുക. അതിനു മുൻപ് ഫിഫ മാനദണ്ഡം അനുസരിച്ചുള്ള ശാരീരിക, കായിക ക്ഷമത വീണ്ടെടുക്കാനുള്ള കഠിന ശ്രമം തുടരുമെന്നും പറഞ്ഞു. രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിക്കാനുള്ള അവസരം അബുദാബി പൊലീസ് പ്രതിനിധിക്കു ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നു മാനവശേഷി വിഭാഗം ഡയറക്ടർ മേജർ ജനറൽ സാലിം ഷഹീൽ അൽ നുഐമി പറഞ്ഞു.

 

2018ലെ റഷ്യൻ വേൾഡ് കപ്പ്, 2015ലെ ഓസ്ട്രേലിയ ഏഷ്യൻ കപ്പ്, 2019ലെ യുഎഇ ഏഷ്യൻ വേൾഡ് കപ്പ് ഫൈനൽ, 2020ലെ ഖത്തർ ഫിഫ ക്ലബ് വേൾഡ് കപ്പ് തുടങ്ങി ഒട്ടേറെ മത്സരങ്ങൾ മികവോടെ നിയന്ത്രിക്കാനും അൽഹമ്മാദിക്കു സാധിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com