ADVERTISEMENT

അബുദാബി∙ ഇന്ധനവില 4 ദിർഹം കടന്നതോടെ ചെലവുചുരുക്കൽ തന്ത്രങ്ങൾ ആവിഷ്ക്കരിച്ച് പ്രവാസി മലയാളികൾ. അനാവശ്യ യാത്രകൾ ഒഴിവാക്കിയും ഒരേ സ്ഥലത്തേക്കു പോകുന്നവർ ഒന്നിച്ച് യാത്ര ചെയ്തും വിലക്കയറ്റം നേരിടാനും പദ്ധതിയുണ്ട്.

പൊതുഗതാഗത സേവനം ഉപയോഗിക്കാൻ തീരുമാനിച്ചവരും കുറവല്ല. ഇതിനു കഴിയാത്തവർ യുഎഇയിൽ അനുവദനീയമായ കാർപൂളിങ് സംവിധാനം പ്രയോജനപ്പെടുത്താനും ഒരുങ്ങുന്നു. കുറഞ്ഞ ദൂരത്തേക്കുപോലും കാറിൽ  യാത്ര ചെയ്യുന്നത് ഒഴിവാക്കിയ പലരും നടത്തത്തിലേക്കു തിരിച്ചെത്തിയേക്കും. തൊട്ടടുത്ത് താമസിക്കുന്ന കുടുംബങ്ങൾ മാർക്കറ്റിൽ പോകുന്നത് ഒന്നിച്ചാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു.

ചെലവ് വീതിച്ചെടുക്കുന്നതിനാൽ വാഹനമോടിച്ചു പോകുന്നയാൾക്കും ലാഭകരം. ഇന്ധനച്ചെലവ് കൂടിയ വലിയ വാഹനങ്ങൾ വിറ്റ് മൈലേജ് കൂടുതൽ ലഭിക്കുന്ന വാഹനങ്ങളിലേക്ക് മാറുന്നവരും കുറവല്ല. കോവിഡ് കാലം പഠിപ്പിച്ച സാമ്പത്തിക അച്ചടക്കങ്ങൾ തുടരുന്നതാണ് കുടുംബ ബജറ്റിനെ താങ്ങിനിർത്താൻ നല്ലതെന്ന് വിലക്കയറ്റവും സൂചന നൽകുന്നുണ്ട്. വാഹനം സ്ഥിരമായി ഉപയോഗിക്കുന്നവരും ഇന്ധച്ചെലവ് കുറയ്ക്കാനുള്ള മാർഗം തേടുകയാണ്.

കടുത്ത ചൂടിൽ എ.സി ഒഴിവാക്കാൻ ആവാത്തതിനാൽ ഇന്ധച്ചെലവ് കൂടും. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോഴും ഓണാക്കി നിർത്തിയിടുമ്പോഴും ഇന്ധനം നിറക്കുമ്പോഴുമെല്ലാം അൽപം ശ്രദ്ധിച്ചാൽ അനാവശ്യമായി കത്തിത്തീരുന്ന ഇന്ധനത്തിന്റെ തോത് കുറയ്ക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ചെലവ് കുറയ്ക്കാൻ ചില പൊടിക്കൈകൾ

∙സ്റ്റാർട്ട ചെയ്ത ഉടൻ ആക്സലേറ്റർ കൊടുത്ത് പെട്ടെന്ന് വാഹനം ചൂടാക്കാൻ ശ്രമിക്കരുത്.

∙വാഹനം ആവശ്യത്തിന് തണുത്താൽ എ.സി ഓഫാക്കുക.

∙തണുത്ത കാലാവസ്ഥയിൽ എസി വേണ്ട. സാധാരണ റോഡുകളിലൂടെയുള്ള യാത്രയിൽ ജനൽ തുറന്നിട്ട് ശുദ്ധവായു ആസ്വദിക്കാം.

∙അതിവേഗ പാതയിലാണ് യാത്രയെങ്കിൽ ജനൽ തുറന്നിടരുത്, ഇന്ധനച്ചെലവ് കൂടും.

∙ചൂടു കുറഞ്ഞ അതിരാവിലെയോ വൈകിട്ടോ ഇന്ധനം നിറയ്ക്കുക.

∙അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ പെട്ടെന്ന് ബ്രേക്കിടുന്നത് ഒഴിവാക്കുക.

∙അനാവശ്യ സാധനങ്ങൾ വാഹനത്തിൽ സൂക്ഷിക്കുന്നത് ഒഴിവാക്കി ഭാരം കുറയ്ക്കുക.

∙വാഹനം സ്റ്റാർട്ട് ചെയ്ത് ഏറെ നേരം നിർത്തിടരുത്.

∙ടയറിൽ മതിയായ വായു ഉണ്ടെന്ന് 2 ആഴ്ചയിൽ ഒരിക്കലെങ്കിലും ഉറപ്പാക്കുക.

∙സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി വാഹനം യാത്രാ യോഗ്യമാണെന്ന് ഉറപ്പാക്കുക.

∙പെട്ടെന്ന് വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാതെ മിതമായ വേഗത്തിൽ യാത്ര ചെയ്യുക.

∙പെട്ടെന്ന് വാഹനം തിരിക്കുന്നതും തിരക്കിട്ട് യാത്ര ചെയ്യുന്നതും ഇന്ധനക്ഷമത കൂട്ടും.

∙സിഗ്നലിലോ മറ്റോ കാത്തിരിപ്പു സമയത്ത് വാഹനം ന്യൂട്ടറിൽ ഇട്ടാലും ഇന്ധനം ലാഭിക്കാം.

∙എൻജിൻ, എയർ ഫിൽറ്റർ, മോട്ടർ ഓയിൽ, ടയർ മർദം എന്നിവയെല്ലാം പതിവായി പരിശോധിക്കുക.

∙ഇന്ധനക്ഷമതയുള്ള വാഹനം തിരഞ്ഞെടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com