ADVERTISEMENT

ദുബായ് ∙ കാർഷിക മേഖലയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ടു സ്മാർട് സാങ്കേതിക വിദ്യകളിൽ രാജ്യം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മരുഭൂമിയിലെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച വിളകൾ വികസിപ്പിക്കുകയും വെള്ളം പാഴാകുന്നതൊഴിവാക്കാൻ ശാസ്ത്രീയ ജലസേചന പദ്ധതികൾ വ്യാപകമാക്കുകയും ചെയ്യും.

 

കാർഷിക മേഖലയിലേയടക്കം വെല്ലുവിളികൾ നേരിടാൻ ശാസ്ത്ര മികവുകൾ കൊണ്ടുമാത്രമേ കഴിയൂവെന്നും വ്യക്തമാക്കി. രാജ്യത്തെ പ്രധാന കാർഷിക ഗവേഷണ കേന്ദ്രമായ ഇന്റർനാഷനൽ സെന്റർ ഫോർ ബയോസാലൈൻ അഗ്രിക്കൾചറിൽ (ഐസിബിഎ) സന്ദർശനം നടത്തിയ അദ്ദേഹം വിവിധ പദ്ധതികളുടെ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി.

 

ഓരോ കാലഘട്ടത്തിലേയും വെല്ലുവിളികൾക്കു പരിഹാരം കാണാൻ ശാസ്ത്രീയ പദ്ധതികൾക്കു മാത്രമാണു കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം, ജലസേചനം, കൃഷി തുടങ്ങിയ മേഖലകളിൽ എല്ലാ കാലത്തും ശാസ്ത്ര മുന്നേറ്റത്തിലൂടെയാണു ലോകത്തിനു പിടിച്ചുനിൽക്കാനായത്. കാർഷികോൽപാദനം കൂട്ടുകയും കൂടുതൽ ഭക്ഷ്യസംസ്കരണ പദ്ധതികൾ ആരംഭിക്കുകയും ചെയ്യും.

 

ഡെസർട്ട് ലൈഫ് സയൻസ് ലബോറട്ടറി, ജീൻ ബാങ്ക്, എമിറേറ്റ്സ് സോയിൽ മ്യൂസിയം എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും ഷെയ്ഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു.

 

പരിസ്ഥിതി-കാലാവസ്ഥാമാറ്റ മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽ മഹൈരി, അബുദാബി എൻവയൺമെന്റ് ഏജൻസി എംഡി: റസാൻ അൽ മുബാറക്, ഐസിബിൻ ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. താരിഫ അൽ സാബി തുടങ്ങിയവർ വിവിധ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു.

കുറയ്ക്കും, പനയുടെ 'വെള്ളംകുടി'

ഉൽപാദനശേഷി കൂടിയ ഈന്തപ്പനകൾ കണ്ടെത്തി വ്യാപകമാക്കുന്നതും തോട്ടങ്ങൾ നനയ്ക്കാനുള്ള വെള്ളം ശാസ്ത്രീയ സംവിധാനത്തിലൂടെ കുറയ്ക്കാനും ഐസിബിഎയുടെ പദ്ധതി. പരമ്പരാഗത ജലസേചനത്തിൽ പ്രതിദിനം ഒരു മരത്തിനു 300 ലീറ്ററോളം വെള്ളം വേണ്ടതു പുതിയ പദ്ധതിയിലൂടെ വേനൽക്കാലത്തു 180 ലീറ്ററായും തണുപ്പുകാലത്ത് 60-80 ലീറ്ററായും കുറയ്ക്കാനാകും. രാജ്യമാകെ ഇതു നടപ്പാക്കുന്നത് കാർഷികരംഗത്തു വൻ നേട്ടമാകും. രാജ്യത്തു 2 കോടിയിലേറെ ഈന്തപ്പനകൾ ഉള്ളതായാണ് കണക്ക്.

ഈന്തപ്പനകളുടെ ജീൻബാങ്ക്

വംശമഹിമയും ഉയർന്ന ഉൽപാദനക്ഷമതയുമുള്ള ഈന്തപ്പനകൾ വ്യാപകമാക്കാൻ ലക്ഷ്യമിട്ട് 150 ഇനങ്ങളുടെ ജീൻബാങ്ക് സ്ഥാപിക്കാനും കഴിഞ്ഞു. എല്ലായിനങ്ങളുടെയും ജീനുകൾ ഉൾക്കൊള്ളുന്ന ബാങ്ക് ആണു ലക്ഷ്യം. ടിഷ്യൂകൾചറിലൂടെ വികസിപ്പിച്ചെടുത്ത ഈന്തപ്പനകൾക്ക് ഉയർന്ന പ്രതിരോധശേഷിയും വേഗത്തിലുള്ള വളർച്ചയുമുണ്ടാകും. ടിഷ്യൂ കൾചർ വഴി വികസിപ്പിച്ചെടുത്ത ഈന്തപ്പനകൾ അധികം ഉയരത്തിൽ വളരാത്തതിനാൽ വിളവെടുക്കാനും പറിച്ചുനടാനും സൗകര്യമാണ്. അപൂർവയിനത്തിൽ പെട്ടതും വംശനാശഭീഷണി നേരിടുന്നതുമായ അറേബ്യൻ 'കുറ്റിപ്പന'യും ശാസ്ത്രീയ മാർഗങ്ങളിലൂടെ യുഎഇ ശാസ്ത്രസംഘം വളർത്തിയെടുത്തിട്ടുണ്ട്.

ചിപ്പികൃഷിയിലും മുന്നേറ്റം

കല്ലുമ്മക്കായ, കക്ക, സാമൺ, ഹമൂർ മത്സ്യങ്ങൾ എന്നിവയുടെ കൃഷി വ്യാപകമാക്കുന്നതാണു മറ്റൊരു പദ്ധതി. ദിബ്ബയിലാണ് ആദ്യത്തെ ചിപ്പിവളർത്തൽ കേന്ദ്രം തുടങ്ങിയത്. പ്രതിമാസം വിളവെടുക്കുന്ന 4 ലക്ഷം കല്ലുമ്മക്കായയും പ്രാദേശിക വിപണിയിൽ വിറ്റുപോകുന്നു.

 

കൂടുതൽ ഫാമുകൾ തുടങ്ങി കയറ്റുമതി ചെയ്യും. ഹമൂർ കഴിഞ്ഞാൽ യുഎഇയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സാമൺ മത്സ്യം വളർത്താൻ ജബൽഅലിയിൽ നൂതന സംവിധാനങ്ങളോടെ ഫാമുണ്ട്. നോർവേ, അർജന്റീന എന്നിവിടങ്ങളിൽ നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചത്. പ്രതിമാസം 10,000 മുതൽ 15,000 കിലോ വരെ വിളവെടുക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com