ADVERTISEMENT

ദോഹ∙ ഇന്ത്യയിൽ ബിജെപി വക്താക്കൾ പ്രവാചകനെതിരെ നടത്തിയ പരാമർശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഖത്തറിന്റെ ശൂറ കൗൺസിലും. ഇന്ത്യയിലെ മുസ്‌ലീം ജനതയുടെ സുരക്ഷയും അവകാശ സംരക്ഷണവും സർക്കാർ ഉറപ്പാക്കണമെന്നും ആഹ്വാനം.

 

സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം  ബിജെപി വക്താക്കളുടെ പരാമർശത്തിൽ അപലപിക്കുകയും രാജ്യത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ടുള്ള ഖത്തർ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കൽ, മുസ്ലീം ആസ്തികളിന്മേലുള്ള കടന്നുകയറ്റം, മുസ്ലീങ്ങൾക്കെതിരെയുള്ള കലാപങ്ങൾ തുടങ്ങി ഇന്ത്യയിൽ ഇസ്‌ലാം മതത്തിനും വിശ്വാസികൾക്കും എതിരെ നടക്കുന്ന വിദ്വേഷങ്ങളുടെയും അക്രമങ്ങളുടെയും വ്യവസ്ഥാപിതമായ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രവാചകനെതിരെയുള്ള വിദ്വേഷകരമായ പരാമർശങ്ങളെന്നും ശൂറ കൗൺസിൽ ചൂണ്ടിക്കാട്ടി.

 

മുസ്ലീം ജനതക്കെതിരായ അക്രമങ്ങളും പ്രവാചകനും ഇസ്‌ലാം മതത്തിനും എതിരായ വിദ്വേഷപ്രചാരണങ്ങളും അവസാനിപ്പിക്കാൻ ഇന്ത്യൻ സർക്കാർ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടതിനൊപ്പം ഇന്ത്യയിലെ മുസ്‌ലീം പള്ളികളും മുസ്‌ലീം ജനവിഭാഗത്തിന്റെ സുരക്ഷയും അവരുടെ അവകാശങ്ങളും മത, സാംസ്‌കാരിക ഐഡന്റിറ്റിയും സംരക്ഷിക്കപ്പെടണമെന്നും കൗൺസിൽ ആഹ്വാനം ചെയ്തു.

 

അതിനിടെ, ബിജെപി വക്താക്കളുടെ വിദ്വേഷ പരാമർശങ്ങൾക്കെതിരെയുള്ള പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ ശക്തമായി തുടരുകയാണ്. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തലിനെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തിയാണ് ബിജെപി വക്താക്കളുടെ വിദ്വേഷ പരാമർശത്തിനെതിരെ ഖത്തറിന്റെ പ്രതിഷേധം അറിയിച്ചത്.

 

ഇന്ത്യ പരസ്യമായ ക്ഷമാപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തർ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ ഖത്തർ സന്ദർശനത്തിനിടെയാണ് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതും. അതേസമയം ഇന്ത്യൻ സമൂഹം ഖത്തറിലെ പ്രധാന സാമൂഹിക ഘടനയാണെന്നും രണ്ട് ഉദ്യോഗസ്ഥർ  നടത്തിയ അഭിപ്രായങ്ങൾ ഇന്ത്യൻ സമൂഹത്തിന്റെ അഭിപ്രായത്തെ അല്ല പ്രതിനിധീകരിക്കുന്നതെന്നും ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് അൽതാനി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

 

ബിജെപി വക്താക്കളുടെ പരാമർശങ്ങളെ ഇന്ത്യൻ സർക്കാർ പിന്തുണയ്ക്കുന്നില്ലെന്ന് ഇന്ത്യൻ സ്ഥാനപതി ഉറപ്പു നൽകിയതായും ഷെയ്ഖ അൽ മയാസ വ്യക്തമാക്കി. ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ ഖത്തർ നാഷനൽ മ്യൂസിയം സന്ദർശനത്തോടനുബന്ധിച്ചാണ് ഷെയ്ഖ മയാസയുടെ പ്രതികരണം.

 

വൈവിധ്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും കാര്യത്തിൽ പേരുകേട്ട ഇന്ത്യയിൽ ഇസ്‌ലാമോഫോബിക് അപകടകരമായ തലത്തിൽ എത്തികഴിഞ്ഞുവെന്നും ഔദ്യോഗികമായും വ്യവസ്ഥാപിതമായും ഇതിനെ നേരിടാത്ത പക്ഷം ഇസ്ലാമിനെ ലക്ഷ്യമാക്കിയുള്ള വിദ്വേഷ പ്രസംഗം 200 കോടിയിലധികം വരുന്ന മുസ്ലീങ്ങളെ ബോധപൂർവം അപമാനിക്കുന്നതായി കണക്കാക്കുമെന്നും  വിദേശകാര്യമന്ത്രാലയം വക്താവും അസി.വിദേശകാര്യ മന്ത്രിയുമായ ലുൽവ ബിൻത് റാഷിദ് അൽഖാദറും ട്വീറ്റ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com