ADVERTISEMENT

ദോഹ∙ ഇന്ത്യയിൽ ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഒരു തരത്തിലുമുള്ള വിവേചനവും ഇല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദോഹ ഷെറാട്ടൻ ഹോട്ടലിൽ നടന്ന കമ്യൂണിറ്റി സ്വീകരണത്തിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. മതം വ്യക്തിപരമായ ഒന്നാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ക്രിസ്ത്യൻ, മുസ്‌ലീം തുടങ്ങി  ഏതു മതവിഭാഗത്തിലുള്ളവർക്കും ഇന്ത്യയിൽ ഉയർന്ന പദവി അലങ്കരിക്കാൻ കഴിയും. നാനത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷത. ഇന്ത്യയുടെ ദേശീയ, മേഖലാ തലത്തിൽ ബഹുവിധ രാഷ്ട്രീയ പാർട്ടികൾ ഉണ്ട്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരും വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരുമുണ്ട്.

vice-president-in-doha-sheraton-2

 

naidu
ഷെറാട്ടണിലെ കമ്യൂണിറ്റി സ്വീകരണ ചടങ്ങ്.

എന്നാൽ എല്ലാവരും ഒന്നാണെന്നും ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമാണ് ഇന്ത്യയെന്ന് അഭിമാനത്തോടെ തന്നെ പറയാൻ കഴിയുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഖത്തറിന്റെ വികസനത്തിൽ ദോഹയിലെ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെക്കുറിച്ച് ഖത്തറിന്റെ ഭരണനേതൃത്വം അഭിനന്ദനം അറിയിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു.

 

vice-president-in-doha-sheraton-3

പ്രവാസികളാണ് ഇന്ത്യയുടെ കരുത്തെന്ന് വിശേഷിപ്പിച്ചതിനൊപ്പം ജോലി ചെയ്യുന്ന രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ഏതു രാജ്യത്ത് ജോലി ചെയ്താലും എത്ര ഭാഷകൾ പഠിച്ചാലും മാതൃഭാഷയെയും ജന്മനാടിനെയും മറക്കരുതെന്നും ഉപരാഷ്ട്രപതി ഓർമപ്പെടുത്തി.

 

ഖത്തറിൽ എത്തിയ ശേഷം നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും  ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും വ്യാപാര, വാണിജ്യ വളർച്ചയും ഇന്ത്യയുടെ വിവിധ മേഖലകളിലെ പുരോഗതികളും കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികളും കോവിഡ് വാക്‌സിനേഷൻ വിജയവും ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിൽ വിഷയമായി. ഇന്ത്യൻ എംബസിയും ഇന്ത്യൻ കമ്യൂണിറ്റിയും ചേർന്ന് നൽകിയ സ്വീകരണ ചടങ്ങിലേക്ക് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് ഉപരാഷ്ട്രപതിയെ ആനയിച്ചത്.

 

വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ നേതൃത്വത്തിലുള്ള കഥകളി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങി ഇന്ത്യയുടെ തനത് കലാരൂപങ്ങളുടെ അവതരണവും ചടങ്ങിന് മാറ്റേകി.  ചടങ്ങിൽ ഉപരാഷ്ട്രപതിയുടെ പത്‌നി എം.ഉഷയും പങ്കെടുത്തു. കേന്ദ്ര ആരോഗ്യ,കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ, രാജ്യസഭാംഗങ്ങളായ സുശീൽ കുമാർ മോഡി, വിജയ് പാൽ സിങ് ടമർ, ലോകസഭാംഗം പി.രവീന്ദ്രനാഥ്, ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ, ഇന്ത്യൻ എംബസി അപ്പെക്‌സ് സംഘടനാ ഭാരവാഹികൾ, വിവിധ അസോസിയേഷൻ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.

 

3 ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഇന്നലെ രാവിലെ ഡൽഹിയിലേക്ക് മടങ്ങിയ ഉപരാഷ്ട്രപതിയെ യാത്രയയ്ക്കാൻ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയാണ് ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com