ദോഹ∙ഖത്തറിന്റെ ആഭ്യന്തര വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടി കപ്പൽ ടൂറിസം സീസൺ.കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് കൂടുതൽ കരുത്താർജിച്ചു തിരിച്ചുവരുന്ന മേഖലയ്ക്ക് കപ്പൽ ടൂറിസം സീസൺ വലിയ സംഭാവന നൽകിയിട്ടുണ്ട്. സീസണിന്റെ ആദ്യ പകുതിയിൽ തന്നെ ഏകദേശം 58,000 കപ്പൽ സഞ്ചാരികളാണ് ദോഹയിലെത്തിയതെന്ന് ഖത്തർ ടൂറിസം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബെർതോൾഡ് ട്രെൻകെൽ വ്യക്തമാക്കി.
കൂടുതൽ പ്രോഗ്രാമുകൾക്ക് ഈ മാസം അവസാനത്തോടെ തുടക്കമാകും. ഓസ്ട്രേലിയ, യുകെ തുടങ്ങിയ പ്രധാന വിപണികളിൽ കൂടുതൽ സജീവമാകും. ഫിഫ ലോകകപ്പ് നടക്കുന്നതിനാൽ നവംബർ മുതൽ തിരക്കേറുമെന്നു ട്രെൻകെൽ പറഞ്ഞു.
ഏപ്രിലിൽ അവസാനിച്ച കപ്പൽ ടൂറിസം സീസണിലേക്ക് എഴുപതിലധികം ആഡംബര കപ്പലുകളാണ് യാത്രക്കാരുമായി എത്തിയത്. ബൽജിയം, ബ്രസീൽ, ഇന്ത്യ, ഇറ്റലി, ജർമനി, ഫ്രാൻസ്, സ്പെയ്ൻ, യുകെ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പൽ സഞ്ചാരികൾ സീസണിന്റെ ആദ്യ ഘട്ടത്തിൽ തന്നെ എത്തി. എമറാൾഡ് ക്രൂസുമായുള്ള പങ്കാളിത്തത്തോടെ അടുത്ത വർഷം ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണവും കൂടുമെന്നാണ് പ്രതീക്ഷ. ശൈത്യകാലത്തെ അപേക്ഷിച്ച് വേനൽക്കാലത്ത് എത്തുന്ന സന്ദർശകരുടെ എണ്ണം കുറവാണ്.
ഇക്കഴിഞ്ഞ ഈദുൽ ഫിത്ർ അവധിക്കാലത്ത് സന്ദർശകർ വർധിച്ചിരുന്നു. അടുത്ത മാസത്തെ ഈദ് അൽ അഥയ്ക്കും കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ വിമാനത്താവളങ്ങളിലും തിരക്കായി. ഈ വർഷം ആദ്യ പാദത്തിൽ 71.4 ലക്ഷം യാത്രക്കാരാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയത്. 2021 ആദ്യ പാദത്തെ അപേക്ഷിച്ച് 162 ശതമാനമാണ് വർധന.