ആകർഷകമായ വിഭവങ്ങൾ ഒരുക്കി 'ഹാപ്പി ബാർക് ഡേ'; അരുമകളുടെ പ്രിയപ്പെട്ട കോഫി ഷോപ്പ്

dog-cafe1
SHARE

ദുബായ് ∙ ജന്മദിന കേക്കുകളും കപ്പ് കേക്കുകളും മറ്റും കണ്ട് ആവേശത്തോടെ ഇൗ കോഫി ഷോപ്പിൽ കയറിച്ചെല്ലരുത്, ഇത് നിങ്ങൾക്കുള്ളതല്ല, വളർത്തുമൃഗങ്ങള്‍ക്കുള്ളതാണ്. മനുഷ്യന് കഴിക്കാൻ പാകത്തിന് അവ ഭംഗിയായി തോന്നുമെങ്കിലും പൂച്ചകൾക്കും നായ്ക്കൾക്കും മാത്രമുള്ളവയാണ്. ദുബായ് ബിസിനസ് ബേയ്ക്കടുത്താണ് അരുമകൾക്കുള്ള വിഭവങ്ങൾ തയാറാക്കി നൽകുന്ന  'ഹാപ്പി ബാർക് ഡേ' എന്ന സ്ഥാപനം. ദിവസം മുഴുവൻ അരുമകൾക്ക് കളിച്ചുരസിച്ച്, രുചികൾ നുണഞ്ഞ് കഴിയാനുള്ള സൗകര്യമാണ് ഇവിടെയൊരുക്കിയിട്ടുള്ളത്.

dog-cafe4

ദക്ഷിണ കൊറിയയിൽ നിന്നുള്ള ഹ്യുൻസുക് കു ആണ് വളർത്തുമൃഗങ്ങൾക്കായി ആരോഗ്യകരമായ പലതരം വിഭവങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇത്തരം കടകൾ തന്റെ മാതൃരാജ്യത്തുണ്ടെന്നും അവിടെ നിന്നാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്നും ഇൗ യുവതി പറഞ്ഞു. തന്റെ ആദ്യത്തെ നായ മാമിന് അസുഖം വന്നതിന് ശേഷം വളർത്തുമൃഗങ്ങളുടെ ഭക്ഷണത്തിൽ ഇവർ വളരെയേറെ ശ്രദ്ധ ചെലുത്തിയിരുന്നു. 

dog-cafe3

 സ്ഥാപനം തുറക്കാൻ തീരുമാനിക്കും മുൻപ് വളർത്തുമൃഗങ്ങളെ എങ്ങനെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും പരിപാലിക്കാം എന്നതിനെക്കുറിച്ച് കൂടുതലറിയാൻ പെറ്റ് ന്യൂട്രീഷൻ കോഴ്‌സിൽ പങ്കെടുക്കുകയും ചെയ്തു. എല്ലാ ഉടമകളും അവരുടെ നായ്ക്കൾ നന്നായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. മനുഷ്യർക്കായി ധാരാളം റസ്റ്ററന്റുകൾ ഉണ്ട്, എന്നാൽ നായ്ക്കൾക്ക് വളരെ പരിമിതമായ സ്ഥലങ്ങളാണുള്ളത്. അതിനാൽ, നായ്ക്കൾക്കും പൂച്ചകൾക്കും മാത്രമായി ഒരു മികച്ച റസ്റ്ററന്റ് തുറക്കാൻ തീരുമാനിക്കുകയായിരുന്നു.  ഉടമയ്ക്കും അരുമകൾക്കും ഒരുമിച്ച് ആസ്വദിക്കാനാകും വിധമാണ് സ്ഥാപനം പ്രവർത്തിക്കുന്നത് ഹ്യുൻസുക് കു പറഞ്ഞു. 

dog-cafe6

2008 ൽ ദുബായിലെത്തിയ ഹ്യുൻസുക് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീട്, തന്റെ പ്രിയപ്പെട്ട വളർത്തു നായയ്‌ക്കൊപ്പം കഴിയാൻ സാധിക്കുന്ന ജോലി കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് 'ഹാപ്പി ബാർക് ഡേ' ആരംഭിക്കുന്നത്. ഇപ്പോൾ താൻ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ തൊഴിലാളിയാണെന്ന് ഇവർ പറയുന്നു.

dog-cafe2

ഇവിടെ ദിവസവും തയാറാക്കുന്ന വിഭവങ്ങൾ ആകർഷകങ്ങളാണ്. പപ്പാസിനോസ് പോലുള്ള ഇനങ്ങൾ ഇവയിൽ ശ്രദ്ധേയം. ചിക്കന്റെ ചാറുപയോഗിച്ച് നിർമിക്കുന്ന വിഭവമാണിത്. കൂടാതെ പച്ചക്കറികൾക്കൊപ്പം ബീഫ് അല്ലെങ്കിൽ സാൽമൺ മീൻ ചേർത്തുണ്ടാക്കിയ കേക്കുകളും രുചികരം. 

dog-cafe5
dog-cafe

നായ്ക്കൾ ഭക്ഷണം കഴിക്കുന്ന കാഴ്ച മനോഹരം. ഉയർന്ന കസേരകളിൽ കൈകാലുകൾ വച്ചാണ് നായ്ക്കൾ ഇരിക്കുന്നത്. 'ഹാപ്പി ബാർക്ക് ഡേ'യിലെ ഭക്ഷണത്തിന് 10 മുതൽ 20 ഡോളർ വരെയാണ് വില. നായ്ക്കളുടെ ജന്മദിനാഘോഷങ്ങൾക്കായി നിർമിച്ച കേക്കുകൾക്ക് ഏകദേശം 55 ഡോളർ വില വരും.  നായയുമായി നടക്കാനും, നീന്താനും സമയം കണ്ടെത്താറുണ്ടെങ്കിലും, റസ്‌റ്ററന്റിൽ ഒരുമിച്ച് പോകുന്നത് പുതിയ അനുഭവമാണെന്ന് ഇവിടെ എത്തുന്നവർ പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS