ADVERTISEMENT

ദുബായ് ∙ നഗരഭംഗിക്ക് കോട്ടം വരുത്തുന്നവരെ പിടികൂടാൻ നഗരസഭ പരിശോധന കർശനമാക്കി. വ്യക്തികളും സ്ഥാപനങ്ങളും ശീലമാക്കിയ പരിസ്ഥിതി വിരുദ്ധ പ്രവണതകൾക്ക് പിഴ ചുമത്തി ശിക്ഷിക്കാനാണു  നീക്കം. ചവറുകളും മാലിന്യങ്ങളും നിശ്ചിത ഇടങ്ങളിലല്ലാതെ തള്ളുക, പൊതു സ്ഥലങ്ങളിൽ തുപ്പുക, നഗരത്തിന്റെ മനോഹാരിതയ്ക്ക് ഭംഗം വരുത്തുന്ന തരത്തിൽ പരസ്യങ്ങൾ പതിക്കുക തുടങ്ങിയവ നിരീക്ഷിച്ച് പിടികൂടും.

പൊതു ഇടങ്ങളിൽ തുപ്പിയാൽ 500 ദിർഹമാണ് പിഴ ചുമത്തും. വ്യക്തിഗത ദുശീലങ്ങൾ, കമ്പനികളുടെ നിയമ ലംഘനങ്ങൾ എന്നിവയ്ക്ക് പിഴ  വെവ്വേറെ ആയിരിക്കും. 2003 ലെ എമിറേറ്റ്  പ്രാദേശിക നിയമം 11 പ്രകാരമാണ് നാഗരിക സമൂഹത്തിനു നിരയ്ക്കാത്ത പ്രവണതകൾ പിടിക്കപ്പെട്ടാലുള്ള  ശിക്ഷയെന്ന് അധികൃതർ വിശദീകരിച്ചു. പൊതുശുചിത്വ നിയമങ്ങൾ ലംഘിക്കുന്നവർക്ക് താക്കീത് നൽകാനും പിഴ ചുമത്തി ശിക്ഷിക്കാനും ഉദ്യോഗസ്ഥരെ നിയമിച്ചതായി നഗരസഭാധികൃതർ വ്യക്തമാക്കി.

നഗരസഭ സ്ഥാപിച്ച മാലിന്യപ്പെട്ടികൾ പരതുന്നതും നിയമം ലംഘനമാണ്. ആവശ്യമുള്ള വസ്തുക്കൾ തിരഞ്ഞെടുത്ത് വിൽപന നടത്താൻ ചിലർ  മാലിന്യപ്പെട്ടികൾ പരതുന്നതു ശ്രദ്ധയിൽപ്പെ സാഹചര്യത്തിലാണ് അധികതരുടെ ഈ അറിയിപ്പ്. പലതരം രോഗങ്ങൾ പടർത്താൻ ഇതു വഴി വയ്ക്കുമെന്നും മുനിസിപ്പാലിറ്റി  മുന്നറിയിപ്പ് നൽകി.

നിയമ ലംഘനങ്ങളും പിഴയും 

–നിരത്തിലെക്കോ ഫൂട്പാത്തിലേക്കോ കെട്ടിടത്തിലെ എസിയിൽ നിന്നോ മറ്റോ വെള്ളം വീഴാൻ ഇടയായാൽ പിഴ 100 ദിർഹം.

–അനുമതിയില്ലാത്ത ഇടങ്ങളിൽ വച്ച് പാചകം ചെയ്താൽ പിഴ 500 ദിർഹം.

–പൊതു സ്ഥലങ്ങൾ ജീവികളോ അരുമ മൃഗങ്ങളോ മലിനമാക്കിയാൽ ഉടമ അതു നീക്കം ചെയ്യണം. അതിനു തയാറായില്ലെങ്കിൽ പിഴ 500 ദിർഹമായിരിക്കും.

–പൊതു സ്ഥലങ്ങളിൽ തുപ്പിയാൽ 500 ദിർഹം പിഴ ഈടാക്കും.

–വാഹനം കഴുകിയ വെള്ളം നിരത്തുകളിലേക്ക് ഒഴുക്കിയാലും പിഴ 500 ദിർഹമാണ്.

– പാഴ് വസ്തുക്കളും ചവറുകളും തള്ളി രക്ഷപ്പെടുന്നവർക്ക് പിഴ 1000 ദിർഹം.

–പൊതു സ്ഥലങ്ങളിൽ ച്യൂയിങ് ഗം ചവച്ച് തുപ്പുന്നവർക്ക് പിഴ ആയിരം ദിർഹം.

–അനധികൃത പരസ്യങ്ങൾ പതിക്കുക, കാർഡുകൾ, അച്ചടിച്ച ചിത്രങ്ങൾ എന്നിവ  നിരത്തിൽ വിതറുക എന്നിവ കണ്ടെത്തിയാൽ പിഴ ആയിരം ദിർഹമായിരിക്കും. 

–കെട്ടിടാവശിഷ്ടങ്ങൾ, ഉപയോഗ ശൂന്യമോ അല്ലാത്തതോ ആയ സാങ്കേതിക ഉപകരണങ്ങൾ എന്നിവ  പുറം തള്ളി രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ 5000 ദിർഹം.

–മറ്റുള്ളവരുടെ ചവറുകൾ, പാഴ് വസ്തുക്കൾ എന്നിവ അനുമതി കൂടാതെ ശേഖരിക്കുക, സൂക്ഷിക്കുക, പുനരുത്പാദനം നടത്തുക  തുടങ്ങിയ നിയമലംഘനങ്ങൾക്കും പിഴ 5000 ദിർഹം.

–പൊതു സ്ഥലങ്ങളിൽ അനുമതി കൂടാതെ ശുചീകരണത്തിനു ശ്രമിക്കുന്നവർക്കും  5000 ദിർഹമാണ് മുനിസിപ്പാലിറ്റി നിശ്ചയിച്ച പിഴ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com