ADVERTISEMENT

ദുബായ്∙ കുടുംബ സുരക്ഷയ്ക്കു നേരെ ഉയരുന്ന ഭീഷണികളിൽ പ്രധാന പങ്ക് രക്ഷിതാക്കൾക്കുമുണ്ടെന്ന് ദുബായ് പൊലീസ് ഉപമേധാവി ലഫ്റ്റ.ജനറൽ ദാഹി ഖൽഫാൻ ബ്ൻ തമീം. ദുബായ് സാമൂഹിക ക്ഷേമ വകുപ്പുമായി സഹകരിച്ച് ദേശീയ സുരക്ഷ വകുപ്പ് 'അൽ അമീൻ ' സംഘടിപ്പിച്ച സൗഹൃദ സംഗമത്തിലാണ് കുടുംബഭദ്രതയുടെ പ്രധാന്യത്തെ കുറിച്ച് പരാമർശിച്ചത്. യു എ ഇ യിലെ കുടുംബങ്ങൾ ചെലവിടുന്ന തുകയിൽ 40 ശതമാനവും അടിസ്ഥാനാവശ്യങ്ങൾക്കല്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബ വ്യവസ്ഥ ശിഥിലമാകാൻ ഇടയാക്കുന്ന പത്ത് കാരണങ്ങളും വിശദീകരിച്ചു.

മാതാവിന്റെയോ പിതാവിന്റെയോ വഴിവിട്ട പെരുമാറ്റം, കുടുംബ വഴക്കും അനുബന്ധമായുള്ള വിവാഹമോചനവും, മക്കളിൽ നിന്നുള്ള അകൽച്ച, കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക പ്രയാസം, കുട്ടികളോടുള്ള അമിത ലാളന, മോശം കൂട്ടുകെട്ട്, വിദ്യാഭ്യാസത്തിലെ പരാജയം, മാധ്യമങ്ങളിൽ നിന്നുള്ള നെഗറ്റീവ് സന്ദേശങ്ങളുടെ സ്വാധീനം, കുട്ടികളോടുള്ള പരുഷ സമീപനം, കടക്കെണി എന്നിവയാണ് അവ.

പത്ത് മുതൽ പതിനേഴ് വരെയുള്ള പ്രായം ഏറെ ശ്രദ്ധിക്കേണ്ട ഘട്ടമാണ്. ഈ പ്രായപരിധിയിൽ കൗമാരക്കാർ ആന്തരികവും ശാരീരികവുമായ മാറ്റങ്ങൾക്ക് വിധേയമാകും. ആ സമയത്ത് അപകട ഘട്ടം തരണം ചെയ്യാനായാൽ അവൻ ഒരു പരിധി വരെ വിജയിച്ചതായി വിലയിരുത്താമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബവഴക്കുകൾ കുട്ടികളുടെ കൺമുന്നിൽ വച്ചാകുന്നതു അവരിൽ നിരാശ വളർത്തും.

മാതാപിതാക്കളുടെ ദുശാഠ്യം കുട്ടികളുടെ സ്വഭാവം വഴിതിരിച്ചു വിടും.അവരിൽ ഉത്കണ്ഠയും പിരിമുറുക്കവും വർധിക്കാൻ ദാമ്പത്യ ബന്ധത്തിലെ ഉലച്ചിൽ ഇടയാക്കും. കുട്ടികളെ സ്വാധീനിക്കുന്ന സ്വഭാവങ്ങൾ സുഹൃദ് വലയത്തിലേക്കു വ്യാപിക്കും. അതു അവരുടെ ഭാവിയെയും വിദ്യഭ്യാസത്തേയും ഒരു പോലെ ബാധിക്കും. മാതാപിതാക്കൾ ജോലിക്കാരാണെങ്കിലും മക്കളോടൊപ്പം ചെലവിടാൻ സമയം കണ്ടെത്താതിരുന്നാൽ അവരുടെ ജീവിതം അനാഥരെപ്പോലെയാകും.

ആദ്യവിവാഹത്തിൽ ഉള്ള കുഞ്ഞിനെ പിതാവ് അവഗണിച്ചതിന്റെ ദൂഷ്യഫലം പൊലീസ് പട്രോളിങ് വിഭാഗം കണ്ടെത്തിയതും സംവാദത്തിൽ ചർച്ചയായി. ഉപേക്ഷിക്കപ്പെട്ട വീട്ടിൽ തനിച്ച് കഴിയുന്ന നിലയിലായിരുന്നു ഈ കുട്ടി. മാനസികമായി തകർന്ന അവൻ ചെറിയ മോഷണങ്ങളും പതിവാക്കിയിരുന്നു. തുടർന്ന് സമൂഹത്തിൽ അറിയപ്പെട്ട രക്ഷിതാവിനെ അറസ്റ്റ് ചെയ്തപ്പോൾ അയാൾ തന്റെ ഭാഗം ന്യായീകരിക്കാനാണു ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ മോചനം ശാശ്വത പരിഹാരമല്ല

വിവാഹ മോചനം താൽക്കാലിക തർക്കങ്ങൾക്ക് പരിഹാരമാവുമെങ്കിലും അതു പലപ്പോഴും യുദ്ധത്തിനു തുടക്കമിടാനുള്ള തീപ്പൊരിയാകുമെന്ന് ദാഹി ഖൽഫാൻ ചൂണ്ടിക്കാട്ടി. വിവാഹമോചനം എളുപ്പവഴിയും തിടുക്കത്തിലുമുള്ള തീരുമാനവുമാകരുത്. ദമ്പതികളുടെ വഴിപിരിയൽ അവരുടെ കുട്ടികളിലെ അക്രമാസക്തമായി ബാധിക്കും. മാതാപിതാക്കൾ മൂലം വീട് വിട്ടിറങ്ങിയ കുട്ടികൾ മോശം കൂട്ട് കെട്ടിൽ കുടുങ്ങിയ സംഭവങ്ങൾ ഏറെയാണ്.

കുട്ടികൾ കോടതിയിൽ പക്ഷം ചേരാൻ നിർബന്ധിതരാകുമ്പോൾ രണ്ടിലൊരാളെ വെറുക്കാനും നിർബന്ധിതരാവുകയാണ്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ച ശേഷം അന്തിമ നീക്കം മാത്രമായിരിക്കണം വിവാഹ മോചനം. വിവാഹമോചിതരായ പല ഇണകളും  പിന്നീട് ഖേദം പ്രകടിപ്പിച്ച സംഭവങ്ങൾ കൂടുതലുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

വാരിക്കോരി ചെലവഴിക്കുന്നതു സ്നേഹമല്ല

സാമ്പത്തിക പ്രയാസം കുടുംബങ്ങളുടെ മനോബലം കെടുത്തുന്ന സ്ഥിതിയുണ്ട്. ഇവരെ കണ്ടെത്തി സഹായിക്കാനുള്ള ഫണ്ട് കണ്ടെത്തണം. ധൂർത്തും ദുർവ്യയവും കണക്കില്ലാതെ മക്കൾക്ക് പണം നൽകുന്നതും അവരുടെ ഭാവി  അവതാളത്തിലാക്കും. അമിത ലാളനയുടെ ഫലം സങ്കടമായിരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അതിരില്ലാത്ത വാഹനപ്രേമം 

ആഡംബര വാഹനങ്ങൾ സ്വന്തമാക്കാനുള്ള യുവാക്കളുടെ അഭിനിവേശം ധൂർത്തിനു ഉദാഹരണമാണ്. നല്ലൊരു തുക വാഹനത്തിനാണ് ചെലവിടുന്നത്. ബിരുദം കഴിഞ്ഞ് പുതുതായി ജോലി നേടുന്നവർക്ക് വിവാഹത്തിനു വിമുഖരാണ്ടെങ്കിലും 4 ലക്ഷം ദിർഹം വരെയുള്ള വാഹനങ്ങൾ വാങ്ങാൻ അവർ താൽപര്യപ്പെടുന്നു. സ്വന്തം വീടിനെക്കാൾ വിലയുള്ള വാഹനമാണ് ചിലർ വാങ്ങുന്നതെന്നു അദ്ദേഹം സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com