ADVERTISEMENT

അബുദാബി∙ ഗ്രീൻപാസ് കാലാവധി 30ൽ നിന്നു 14 ആക്കി കുറച്ചതോടെ അബുദാബിയിൽ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങളിൽ വൻ തിരക്ക്. ദിവസേന 40,000ത്തിലേറെ പേരാണു സൗജന്യ പിസിആർ ടെസ്റ്റ് എടുക്കാൻ എത്തുന്നത്. നേരത്തെ 20,000 േപരായിരുന്നു ശരാശരി എത്തിയിരുന്നത്. തിരക്കു കൂടിയതോടെ ഫലം ലഭിക്കാനും കാലതാമസം നേരിടുന്നുണ്ട്.

 

കഴിഞ്ഞ ആഴ്ച വരെ 12 മണിക്കൂറിനകം ലഭിച്ചിരുന്ന ഫലം ഇപ്പോൾ 24 മണിക്കൂറിനു ശേഷമാണു ലഭിക്കുന്നത്. അബുദാബിയിൽ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാണ്. പകലത്തെ  തിരക്കിൽ നിന്നു രക്ഷപ്പെടാൻ രാത്രി 12നുശേഷം എത്തുന്നവരുടെ എണ്ണം കൂടിയതോടെ രാപകൽ തിരക്ക് അനുഭവപ്പെടുന്നു. കുടുംബമായി താമസിക്കുന്നവരാണു രാത്രി പരിശോധനയ്ക്കു എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ബാച്‌ലേഴ്സും എത്തിത്തുടങ്ങി.

 

ഇതും രാത്രിയിലെ തിരക്കു വർധിക്കാൻ കാരണമായി. അബുദാബിയിൽ തമൂഹ് ഹെൽത്ത് കെയറിന്റെ സഹോദര സ്ഥാപനമായ സൊമേറിയൻ ഹെൽത്തിനു കീഴിൽ മഫ്റഖ്, ഹമീം, ബാഹിയ എന്നിവിടങ്ങളിൽ ഓരോന്നും മുസഫയിൽ 4 കേന്ദ്രങ്ങളിലുമാണു സൗജന്യ പിസിആർ സൗകര്യമുള്ളത്. ഇതിൽ മുസഫയിലെ സെന്റ് പോൾസ് ചർച്ചിനു സമീപവും നിസാൻ ഷോറൂമിനു സമീപവുമുള്ള 2 ടെന്റുകളിൽ മാത്രമാണ് 24 മണിക്കൂറും സൗകര്യമുളളത്.

 

മഫ്റഖ്, ഹമീം എന്നിവിടങ്ങളിലെ ടെന്റുകളിൽ ഉച്ചയ്ക്കു 2 മുതൽ രാത്രി 11 വരെയും മറ്റു കേന്ദ്രങ്ങളിൽ രാവിലെ 9.30 മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും. അബുദാബിയിൽ ഗ്രീൻ പാസ് ഉള്ളവർക്കേ സർക്കാർ ഓഫിസുകൾ, ഷോപ്പിങ് മാൾ ഉൾപ്പെടെ വ്യാപാര, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ പ്രവേശനം ലഭിക്കൂ.

 

വാക്സീൻ എടുത്തവർക്കു ഒരു തവണ പിസിആർ ടെസ്റ്റ് എടുത്ത് ഫലം നെഗറ്റീവായാൽ അൽഹൊസൻ ആപ്പിൽ 14 ദിവസത്തേക്കും വാക്സീൻ എടുക്കാത്തവർക്കു 7 ദിവസത്തേക്കുമാണു ഗ്രീൻ പാസ് ലഭിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com