ADVERTISEMENT

ദോഹ∙ കോവിഡ് മഹാമാരി സമ്പന്ന-ദരിദ്ര രാജ്യങ്ങൾ തമ്മിലുള്ള അന്തരം  വെളിപ്പെടുത്തിയതായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. രാജ്യങ്ങൾ തമ്മിലുള്ള അന്തരത്തിന്റെ ആഴം വെളിപ്പെടുത്തിയതിനൊപ്പം അതിന്റെ വിടവ് വർധിപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ചും വികസനം കൈവരിക്കാനും ദാരിദ്ര്യം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരിശ്രമങ്ങളുടെ സമയത്താണിതെന്നു അമീർ ചൂണ്ടിക്കാട്ടി.

 

രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക വീണ്ടെടുക്കലിൽ തുല്യത കൈവരിക്കാനും ദാരിദ്ര്യവും യുദ്ധക്കെടുതികളും മൂലം ദുരിതം അനുഭവിക്കുന്നവർക്ക് പിന്തുണ നൽകുന്നതിനായി സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംരക്ഷിക്കാനും കഴിയുന്ന തരത്തിൽ വാക്കുകളും സന്നദ്ധതയും പ്രായോഗിക നടപടികളാക്കി മാറ്റാൻ കഴിയുന്ന സമീപനമാണ് രാജ്യാന്തര സമൂഹം സ്വീകരിക്കേണ്ടതെന്നും അമീർ ആഹ്വാനം ചെയ്തു.

 

റിറ്റ്‌സ് കാൾട്ടൻ ഹോട്ടലിൽ ബ്ലൂംബർഗ് സംഘടിപ്പിച്ച ഖത്തർ സാമ്പത്തിക ഫോറം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് അമീറിന്റെ ആഹ്വാനം. ഖത്തറിന്റെ ജിഡിപിയിൽ ഈ വർഷം 4.9 ശതമാനം വളർച്ചയാണ് കണക്കാക്കുന്നതെന്നും അമീർ വെളിപ്പെടുത്തി. ഊർജ വിലയിലെ വർധനയും സാമ്പത്തിക മേഖലയെ പിന്തുണയ്ക്കാൻ രാജ്യം സ്വീകരിച്ച നയങ്ങളുടെയും നടപടികളുടെയും ഗുണപരമായ സ്വാധീനവും ആണ് ജിഡിപി വളർച്ചയിലേക്ക് എത്താനുള്ള കാരണം.

 

സാമ്പത്തിക വൈവിധ്യവൽക്കരണ മേഖലയിലെ നിയമ ഭേദഗതികൾ ആഭ്യന്തര, വിദേശ നിക്ഷേപത്തിലും കഴിഞ്ഞ വർഷങ്ങളിലായി ഗണ്യമായ വർധനയ്ക്ക് വഴിതെളിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 2020 നെ അപേക്ഷിച്ച് 2021 ൽ 27 ശതമാനമാണ് വളർച്ച. വരും വർഷങ്ങളിൽ കൂടുതൽ വളർച്ചയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും അമീർ വ്യക്തമാക്കി.

 

കോവിഡ്, യുക്രെയ്ൻ കലാപം, സമ്പദ് വ്യവസ്ഥ, ദാരിദ്ര്യം, ഭക്ഷ്യ അരക്ഷിതാവസ്ഥ  തുടങ്ങി വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള അമീറിന്റെ പ്രസംഗം ഫിഫ ലോകകപ്പിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്തു കൊണ്ടാണ് അവസാനിച്ചത്.

 

പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനി, ഷെയ്ഖുമാർ, വിവിധ രാജ്യങ്ങളുടെ ഭരണാധികാരികൾ, സ്ഥാനപതിമാർ, മുതിർന്ന നയതന്ത്രജ്ഞർ, പാർലമെന്റ് അംഗങ്ങൾ, സാമ്പത്തിക വിദഗ്ധർ, ബിസിനസുകാർ, മാധ്യമ പ്രതിനിധികൾ എന്നിവർ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു. ആഗോള വീണ്ടെടുക്കൽ തുല്യമാക്കുക എന്ന പ്രമേയത്തിലാണ് ഫോറം നടക്കുന്നത്.

 

ലോകകപ്പ് സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തും

 

ദോഹ∙ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിൽ ആഗോള തലത്തിലുള്ള രാജ്യങ്ങളുടെ വലിയ പങ്കാളിത്തം ഉണ്ടാകുമെന്നതിൽ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് അമീർ. മേഖലയിൽ ആദ്യമായി എത്തുന്ന ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലേക്കാണ് ഖത്തറും മുഴുവൻ മേഖലയും നീങ്ങുന്നത്.

 

രാജ്യങ്ങളുടെ മികച്ച പങ്കാളിത്തം രാജ്യാന്തര സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള സാധ്യതകൾ തുറക്കുമെന്നത് മാത്രമല്ല വ്യത്യസ്ത തരം ആളുകൾക്കിടയിൽ ആശയവിനിമയത്തിന്റെയും ചർച്ചകളുടെയും പാലം ശക്തിപ്പെടുത്താനുള്ള പ്രേരക ശക്തിയാകുമെന്നും അമീർ ചൂണ്ടിക്കാട്ടി.

 

ആഗോള തലത്തിലുള്ള എല്ലാ ജനങ്ങളെയും ലോകകപ്പ് കാണാൻ ദോഹയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് അമീർ പ്രസംഗം അവസാനിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com