ADVERTISEMENT

അബുദാബി∙ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദിന്റെ നിർമാണം ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെത്തി. ജബൽഅലിയിൽ ദുബായ് മെട്രോ പാലത്തിന്റെയും റോഡുകളുടെയും പശ്ചാത്തലത്തിൽ ഇത്തിഹാദ് റെയിൽ നിർമാണം പുരോഗമിക്കുന്നതിന്റെ  വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് നിർമാതാക്കൾ വിവരം പുറത്തുവിട്ടത്. 

ഡ്രോണുകൾ ഉപയോഗിച്ച് ചിത്രീകരിച്ച ആകാശ ദൃശ്യത്തിൽ നിർമാണ പുരോഗതി വ്യക്തമാണ്. ജബൽഅലി മെട്രോ സ്റ്റേഷനുകൾക്ക് സമീപത്തുകൂടി പോകുന്ന ഇത്തിഹാദ് റെയിൽ യാഥാർഥ്യമായാൽ യാത്രക്കാർക്ക് ഇരു റെയിലും ഉപയോഗിക്കാൻ സൗകര്യമൊരുങ്ങും. ചരക്കുനീക്കവും എളുപ്പമാകും. ഫുജൈറയിൽ യുഎഇയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ നിർമാണ ദൃശ്യങ്ങൾ ഇത്തിഹാദ് റെയിൽ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. അൽ ബിത്‌നയിൽ 600 മീറ്റർ ഉയരമുള്ള പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഹജ്ർ മലനിരകൾക്കിടയിലൂടെ കടന്നുപോകുന്ന പാതയിൽ പട്ടണങ്ങളുടെയും കൃഷിയിടങ്ങളുടെയും ആകാശദൃശ്യങ്ങൾ ആസ്വദിക്കാം. 

യുഎഇയുടെ യാത്രാ, ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് ഇത്തിഹാദ് റെയിലിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. 

പടിഞ്ഞാറ് സൗദി–യുഎഇ അതിർത്തിയായ ഗുവൈഫാത്ത് മുതൽ കിഴക്ക് ഒമാൻ വരെ നീളുന്ന 1,200 കിലോമീറ്റർ പാത സജ്ജമാക്കി യാത്രാ സർവീസ് തുടങ്ങിയാൽ അബുദാബിയിൽനിന്ന് ഫുജൈറയിലെത്താൻ 100 മിനിറ്റ് മതി. യാത്രാ ട്രെയിനിൽ അബുദാബി-ദുബായ്, ദുബായ്–ഫുജൈറ യാത്രയ്ക്ക് 50 മിനിറ്റും.

സുരക്ഷിതവും വേഗമേറിയതും സൗകര്യപ്രദവുമായ ഇത്തിഹാദ് റെയിൽ നഗരങ്ങളെയും ജനങ്ങളെയും കൂടുതൽ അടുപ്പിക്കും. മണിക്കൂറിൽ 200 കിലോമീറ്ററാണ് വേഗം. 

പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. യുഎഇയിലുടനീളം  11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കുന്നത്. 2024ൽ യാത്രാ സർവീസ് തുടങ്ങാനാണ് പദ്ധതി. ഇത്തിഹാദ് റെയിൽ ജിസിസി റെയിലുമായി ബന്ധിപ്പിക്കുന്നതോടെ ഗൾഫ് രാജ്യങ്ങളുമായുള്ള ദൂരവും കുറയും.

English SummaryEtihad Rail meets Dubai's Sheikh Zayed Road in new milestone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com