ദോഹ∙ ഖത്തറിന്റെ ഏകീകൃത പൊതുഗതാഗത ശൃംഖലയായ സിലയുടെ മൊബൈൽ ആപ്പും വെബ്‌സൈറ്റും പ്രകാശനം ചെയ്തു.
'സില നിങ്ങളെ അവിടേക്ക് കൊണ്ടുപോകുന്നു' എന്ന തലക്കെട്ടിലുള്ള സിലയുടെ പ്രഥമ ബ്രാൻഡ് ക്യാംപെയ്‌ന്റെ കീഴിലാണ് സില മൊബൈലും വെബ്‌സൈറ്റും പ്രകാശനം ചെയ്തത്. യാത്ര എളുപ്പവും സ്മാർട്ടും കൂടുതൽ സൗകര്യപ്രദവുമാക്കുന്നതാണ് ആപിലെയും വെബ്‌സൈറ്റിലെയും ഫീച്ചറുകൾ.
യാത്രാ സമയം, യാത്രാ രീതി, മികച്ച റൂട്ടുകൾ എന്നിവയ്ക്ക് പുറമെ റിയൽ ടൈം നാവിഗേഷനോടു കൂടി യാത്ര ആസൂത്രണം ചെയ്യാനുള്ള എല്ലാ വിവരങ്ങളും ആപ്പിൽ ലഭിക്കും. പൊതു ഗതാഗത സ്റ്റേഷനുകൾ, റൂട്ടുകൾ, സർവീസ് ഷെഡ്യൂളുകൾ, വിമാനത്താവളത്തിലേക്ക് പോകാനും വരാനുമുള്ള യാത്ര കൃത്യമാക്കുന്നതിനായി വിമാനങ്ങളുടെ സമയം ട്രാക്ക് ചെയ്യാനുള്ള ഫീച്ചർ, സിലയെക്കുറിച്ചുള്ള പുതിയ വാർത്തകൾ, രാജ്യത്തിനകത്ത് നടക്കുന്ന ഇവന്റുകളുടെ പട്ടിക, ഇവന്റ് വേദികളിലേക്ക് എത്താനുള്ള പൊതുഗതാഗത സൗകര്യങ്ങൾ ഏതൊക്കെ തുടങ്ങി യാത്രക്കാരന് യാത്ര എളുപ്പമാക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നതാണ് മൊബൈൽ ആപ്പും വെബ്‌സൈറ്റും.
സിലയുടെ പ്രവർത്തനങ്ങളുടെ തുടക്കം മാത്രമാണ് ആപ്പും വെബ്‌സൈറ്റും. അവസാന ഘട്ടം പൂർത്തിയാകുമ്പോൾ രാജ്യത്തിന്റെ മുഴുവൻ പൊതുഗതാഗത ശൃംഖലകളുടെ സമന്വയവും പൂർത്തിയാകും.
കൂടുതൽ മികച്ച പദ്ധതികളും സംരംഭങ്ങളും സേവനങ്ങളും കൂടി ഉൾപ്പെടുത്തുന്നതോടെ ഭാവിയിൽ രാജ്യത്തെ ഏക ഔദ്യോഗിക പൊതുഗതാഗത വിവര കേന്ദ്രമായി സില മാറുമെന്ന് ഗതാഗത മന്ത്രാലയം ടെക്‌നിക്കൽ കാര്യ വകുപ്പ് ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് ബിൻ ഖാലിദ് അൽതാനി വ്യക്തമാക്കി.
ഖത്തറിന്റെ പൊതുഗതാഗത സൗകര്യങ്ങളെ ഒറ്റ ശൃംഖലയുടെ കീഴിലാക്കിയുള്ളതാണ് സില. കണക്ഷൻ എന്നർഥം വരുന്ന അറബിക് പദമാണ് സില. രാജ്യത്തെ ജനങ്ങൾക്കും സന്ദർശകർക്കും തടസ്സമില്ലാത്ത യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതാണ് സില. നിലവിൽ ദോഹ മെട്രോ, കർവ ബസ്, ട്രാം, കർവ ടാക്‌സികൾ എന്നിവയാണ് സിലയുടെ കീഴിലുള്ളത്. ഘട്ടം ഘട്ടമായി സില യാഥാർഥ്യയമാകുന്നതോടെ പൊതുഗതാഗത സൗകര്യങ്ങളിലെ യാത്രയ്ക്കായി ഏകീകൃത പേയ്‌മെന്റ് സംവിധാനം ഉൾപ്പെടെ പുതിയ സേവനങ്ങളും യാത്രാ സൗകര്യങ്ങളും നടപ്പാക്കും.
ഖത്തർ റെയിൽവേ കമ്പനി, പൊതുഗതാഗത കമ്പനിയായ മൗസലാത്ത്, ഖത്തർ ഫൗണ്ടേഷൻ, മിഷ്‌റെബ് പ്രോപ്പർട്ടീസ് എന്നിവയുടെ സഹകരണത്തിലാണ് ഗതാഗത മന്ത്രാലയം സിലക്ക് തുടക്കമിട്ടത്.
English Summary : Qatar’s integrated public transport network Sila unveils mobile app and website