ഒന്നിച്ചു പിറന്ന മൂവർക്കും പത്താം ക്ലാസിൽ മിന്നും വിജയം; ത്രിമൂർത്തികളുടെ വിശേഷം പങ്കിട്ട് പിതാവ്

akshay-ajay-abhay
SHARE

ദുബായ്∙ കഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാൽ പത്താം ക്ലാസ് പരീക്ഷാഫലം വന്ന ദിവസം മുതൽ ഇന്നുവരെ ദുബായിൽ ജോലി ചെയ്യുന്ന പ്രമോദ് പുല്ലാനിക്കൊട്ടിലിന്റെ  സന്തോഷത്തിനു ഇരട്ടിമധുരമാണ്.  അതേസമയം, പാലക്കാട്ട് പട്ടാമ്പിയിലെ വീട്ടിൽ ഭാര്യ ജയശ്രീ ആഹ്ളാദത്താല്‍ മതിമറന്നു. നാട്ടിലും വീട്ടിലും സന്തോഷത്തിന്റെ പൂത്തിരി കത്താൻ കാരണം മറ്റൊന്നുമല്ല, ഒന്നിച്ച് ജനിച്ച് വളർന്ന മൂന്ന് മക്കൾ, അക്ഷയ്, അഭയ്, അജയ് എന്നിവർ  പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി വിജയിച്ചു എന്നതാണ്.  നാട്ടിലും വീട്ടിലും താരങ്ങളായ ഈ കൂടെപ്പിറപ്പുകളുടെ  ജനനം മുതൽ ഇപ്പോൾ വിജയത്തിൽ എത്തിനിൽക്കുന്ന നിമിഷംവരെ കൗതുകവും രസകരവുമായ ഒരുപാട് ജീവിതാനുഭവങ്ങൾ പ്രമോദിന് പങ്കുവയ്ക്കാനുണ്ട്. ദുബായിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുകയാണു പട്ടാമ്പിക്കാരനായ  പ്രമോദ്.

akshay_ajay_abhay

ത്രിമൂർത്തികളുടെ ജനനവും ശൈശവവും 

വിവാഹ ശേഷം ഒന്നരവർഷം കഴിഞ്ഞാണ് ഭാര്യ ജയശ്രീ ഗർഭിണിയായെന്ന് അറിയുന്നത്.  അന്നു പ്രമോദ് ദുബായിൽ ജോലിക്കു കയറിയിട്ട് അധികം നാൾ ആയിരുന്നില്ല. പ്രമോദ് പറയുന്നു:  ആശുപത്രിയിൽ ടെസ്റ്റ്`നടത്തിയപ്പോൾ മൂന്നു കുട്ടികൾ ഉണ്ടെന്ന് അറിഞ്ഞു.  അതു വല്ലാത്തൊരു അനുഭവം ആയിരുന്നു ഞങ്ങൾക്ക്.  ഓരോ മാസം കഴിയുന്തോറും ഭാര്യക്ക് പ്രയാസങ്ങൾ ഏറിവന്നു. ഇരിക്കാനും കിടക്കാനും ബുദ്ധിമുട്ട്.  കുട്ടികളുടെ ഭാരം കാരണം ഭാര്യക്ക് കംപ്ലീറ്റ് ബെഡ് റെസ്റ്റ് ആയി.  ശ്വസിക്കാൻ ഏറെ പ്രയാസം. മൂന്നു കുട്ടികൾ ആയതിനാൽ കൂടുതൽ ഭക്ഷണം കഴിക്കുവാൻ ഡോക്ടർ നിർബന്ധിച്ചു. അതു ചെയ്യാനും ചെയ്യാതിരിക്കാനും പറ്റാത്ത അവസ്ഥ.  എങ്ങനെയൊക്കെയോ കഴിച്ചുകൂട്ടിയ ഗർഭകാലം.  നാട്ടിൽ ഭാര്യ ശാരീരികമായും ഞാൻ ദുബായിൽ മാനസികമായും ടെൻഷനിൽ കഴിഞ്ഞുകൂടിയ നാളുകൾ.  വീട്ടിൽ അച്ഛനും അമ്മയും അനുജനും നൽകിയ പിന്തുണ ഏറ്റവും വലുതായിരുന്നു. 

akshay-ajay-abhay-with-family

മൂന്ന് ആൺമക്കളുടെയും ജനനശേഷം ഉറക്കമില്ലാത്ത രാവുകളായിരുന്നു വീട്ടിൽ എല്ലാവർക്കും.  ഒരാൾ ഉറങ്ങുമ്പോൾ മറ്റേ ആൾ ഉണരും. അവൻ ഉറങ്ങുമ്പോൾ അടുത്ത ആൾ ഉണരും.  രാത്രിയിൽ മൂന്നുപേരെയും ഒന്നിച്ചു കിടത്താൻ പ്രയാസമായപ്പോൾ ഒരാളെ ജയശ്രീക്ക് ഒപ്പവും രണ്ടാമനെ അമ്മയ്‌ക്കൊപ്പവും മൂന്നാമത്തെയാളെ അനുജനൊപ്പവും കിടത്തി ഉറക്കാൻ തുടങ്ങി.അവരുടെ അച്ഛച്ഛനും അച്ഛമ്മയും (എന്റെ മാതാപിതാക്കൾ) അവരോടൊപ്പം കളിയും ചിരിയും പരിഭവവും ഒക്കെയായി കഴിഞ്ഞു. അങ്ങനെ മൂന്നുപേരും വളർന്നു.

സ്‌കൂൾ കാലഘട്ടം 

എല്ലാ ആൺകുട്ടികളെപ്പോലെയും മൂവരും കുസൃതികൾ തന്നെയായിരുന്നു. ഓരോരുത്തർക്കും വെവ്വേറെ വസ്ത്രങ്ങൾ കളിപ്പാട്ടങ്ങൾ അങ്ങനെ ഓരോന്നും.  ഇവർ മൂന്നുപേരും ഐഡന്റിക്കൽ അല്ല.  അതിനാൽ അവരവർക്ക് വ്യത്യസ്തമായ വസ്ത്രങ്ങൾ ആയിരുന്നു ചെറുപ്പം മുതൽ.  സ്‌കൂൾ യൂണിഫോം മാത്രമായിരുന്നു ഇവർക്ക് ഒരുപോലെയുള്ള വസ്ത്രങ്ങൾ. കുസൃതിത്തരങ്ങളും വാക്കുതർക്കങ്ങളും അടിപിടിയും വികൃതിയുമെല്ലാം മറ്റുകുട്ടികളെപ്പോലെ ഉണ്ടായിരുന്നെങ്കിലും മൂന്നുപേരും പൊതുവായ കാര്യങ്ങൾക്ക്, പ്രത്യകിച്ചു പഠനകാര്യങ്ങളിൽ വലിയ ഐക്യം ഉണ്ടായിരുന്നു എന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.  എൽകെജി മുതൽ ഏഴാം ക്‌ളാസ് വരെ മൂന്നുപേരും നാട്ടിലെ മഹർഷി വിദ്യാലയത്തിലായിരുന്നു പഠനം. അതിനുശേഷം എട്ടാം ക്ലാസ്സ്മുതൽ പത്തുവരെ പരുത്തൂർ ഹൈസ്‌കൂൾ പള്ളിപ്പുറത്തു പഠനം തുടർന്നു. ഇന്ന് ഇവർക്കു മൂന്നുപേർക്കും എല്ലാവിഷയത്തിനും എ പ്ലസ് കിട്ടാൻ പ്രധാന കാരണം പഠനസമയത്ത് മൂവരും ഒന്നിച്ചിരിക്കുകയും തമ്മിൽ ചർച്ചകൾ നടത്തുകയും ചെയ്യുന്നത് കാരണമായിരിക്കും എന്നു വിശ്വസിക്കുന്നു. ഒരാളുടെ തെറ്റ് മറ്റവൻ തിരുത്തും. അത്തരത്തിൽ ഇവർ തമ്മിൽ ഉണ്ടായിരുന്ന ഐക്യമാണ്  നല്ല വിജയം നേടുവാൻ പ്രധാന കാരണം.  കൊറോണക്കാലം പഠനത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും കുട്ടികൾ തമ്മിലുള്ള ഒത്തൊരുമ അതിനെ അതിജീവിക്കാൻ സഹായിച്ചു.

പാഠ്യേതര വിഷയങ്ങൾ 

പഠനം മാറ്റിനിർത്തിയാൽ  മൂന്നുപേർക്കും പല കാര്യങ്ങളിലും പലതരം അഭിരുചികളാണ്. അക്ഷയ്, അജയ് എന്നിവർക്ക് ലോങ് ജംപ്, ക്രിക്കറ്റ് എന്നിങ്ങനെ കായിക മത്സരങ്ങൾ ഇഷ്ടമാണെങ്കിൽ അഭയ് ആകട്ടെ, സാഹിത്യം, സിനിമ എന്നിവയിലാണ് തൽപരൻ. അക്ഷയ് എൻസിസി യിലും അജയ് സ്റ്റുഡന്റസ് പൊലീസ് കേഡറ്റിലും ഉണ്ടായിരുന്നു. ഭാവിയിൽ എന്താകണം എന്നൊക്കെ ചോദിച്ചാൽ മക്കൾ  ചിരിക്കും.  അക്ഷയ്, അജയ് എന്നിവർക്ക് യൂണിഫോം ഇടുന്ന പട്ടാളം, പൊലീസ് പോലെ എന്തെങ്കിലും ആകാനാണ് താൽപര്യം എങ്കിൽ കൂട്ടത്തിൽ ശാന്തസ്വഭാവക്കാരനായ അഭയ്‌ക്ക് ശാസ്ത്രജ്ഞൻ ആകുന്നതിനോടാണു താൽപര്യം. 

ദുബായ് ഖിസൈസിൽ താമസിക്കുന്ന പ്രമോദ്  മക്കളുടെ വിജയാഘോഷം എത്രയും പെട്ടെന്ന് പാലക്കാട് പട്ടാമ്പിയിലെ സ്വന്തം നാട്ടിൽ ചെന്ന് എല്ലാവരോടൊപ്പം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA