ADVERTISEMENT

ദോഹ∙ സ്‌കൂളുകൾക്ക് മധ്യവേനൽ അവധി തുടങ്ങിയതോടെ പ്രവാസികൾ അവധി ആഘോഷത്തിന്റെ തിരക്കിലേക്ക്. ഖത്തറിലെ മിക്ക സ്‌കൂളുകളും മധ്യവേനൽ അവധിക്കായി അടച്ചു. ഈ മാസം മുപ്പതോടെ മുഴുവൻ സ്‌കൂളുകളിലും അവധി തുടങ്ങും. ഓഗസ്റ്റ് 14 നാണ് ക്ലാസ് പുനരാരംഭിക്കുന്നത്. ഒറ്റയ്ക്കും കുടുംബമായും നാട്ടിൽ അവധിക്ക് പോകാൻ തയാറെടുക്കുകയാണ് ഭൂരിഭാഗം പ്രവാസികളും.

നാട്ടിലെ കുടുംബത്തോടൊപ്പം ബക്രീദ് ആഘോഷം, മക്കളുടെ പഠനം, കല്യാണം, പുതിയ വീടുവയ്ക്കൽ, പുതിയ വീട്ടിലേക്ക് താമസം മാറൽ, ചികിത്സ, യാത്രകൾ  എന്നിങ്ങനെ നൂറായിരം ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് പലരുടെയും യാത്ര. ഖത്തറിലെ കടുത്ത ചൂടിൽ നിന്ന് നാടിന്റെ മഴക്കാലം അനുഭവിക്കാനാവുന്നതിന്റെ ആശ്വാസവുമുണ്ട്. എന്നാൽ, സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് അവധിക്കാല യാത്ര വേണ്ടെന്നു വച്ചവരുമുണ്ട്. 

പരിധി' കഴിഞ്ഞാൽ 'പണി'യാകും

ബാഗേജ് പരിധി നോക്കിയാണ് ഓരോ പ്രവാസിയും നാട്ടിലേക്കുള്ള സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കുന്നത്. നാലംഗ കുടുംബമാണെങ്കിൽ വാങ്ങിയ സാധനങ്ങൾ ദോഹയിലെ മുറിയിൽ ഉപേക്ഷിച്ചു പോകേണ്ടി വരില്ലെന്നതാണ് സമാധാനം. ബജറ്റ് എയർലൈനുകളിൽ പരമാവധി 30 കിലോയാണ് ഒരു പ്രവാസിയുടെ ബാഗേജ് പരിധി. പരിധി വിട്ടാൽ അധിക തൂക്കത്തിന് നല്ലൊരു തുക നൽകേണ്ടിയും വരും.

ചില ബജറ്റ് എയർലൈനുകളിൽ ഒരാൾക്ക് ബാഗേജിൽ 2 പെട്ടിയേ അനുവദിക്കൂ. കയ്യിൽ ലാപ്ടോപ് ഉൾപ്പെടെ പരമാവധി 10 കിലോക്കാണ് അനുമതി. പെട്ടിയുടെ തൂക്കം മാത്രം ഏകദേശം 2-3 കിലോ വരുമെന്നതിനാൽ മിക്കവരും കാർഡ് ബോർഡ് പെട്ടികളെയാണ് ആശ്രയിക്കുന്നത്. എത്ര ശ്രദ്ധിച്ചു പാക്ക് ചെയ്താലും ഒടുവിൽ ഏറെ ഇഷ്ടപ്പെട്ടു വാങ്ങിയ സാധനങ്ങളിൽ പലതും മാറ്റിയ്ക്കേണ്ടിയും വരും.

അല്ലെങ്കിൽ വിമാനത്താവളത്തിൽ ഉപേക്ഷിക്കേണ്ടി വരും. രണ്ടും മൂന്നും വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് പോകുന്നവർ ബാഗേജ് പരിധി മൂലം 'അഡ്ജസ്റ്റ്' ചെയ്യേണ്ടി വരുന്നതാണ് സങ്കടകരം. ബാഗേജ് പരിധി തലവേദനയാകുന്നതിനാൽ യാത്രയ്ക്ക് ദിവസങ്ങൾക്ക് മുൻപേ അത്യാവശ്യം വേണ്ട സാധനങ്ങൾ നാട്ടിലേക്ക് പാഴ്സൽ അയയ്ക്കുന്നവരും കുറവല്ല. പ്രവാസികളുടെ ബാഗേജ് പരിധി ഉയർത്തണമെന്ന വർഷങ്ങളായുള്ള ആവശ്യങ്ങൾ ഇന്നും ചുവപ്പുനാടകളിൽ തന്നെയാണ്. 

പോക്കറ്റ് കീറും ടിക്കറ്റ് നിരക്ക്

ഖത്തർ ഐഡിയുള്ളവരിൽ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് ദോഹയിൽ തിരികെ എത്തുമ്പോൾ ഹോട്ടൽ ക്വാറന്റീൻ വേണ്ട എന്നത് പ്രവാസികളുടെ ഇത്തവണത്തെ യാത്രാ ചെലവ് ഗണ്യമായി കുറയ്ക്കുമെങ്കിലും ടിക്കറ്റ് നിരക്ക് പക്ഷേ പോക്കറ്റ് കീറും.

മധ്യ വേനൽ അവധിക്കായി മാസങ്ങൾക്ക് മുൻപേ ടിക്കറ്റെടുത്തവർക്ക് മാത്രമാണ് അൽപം ആശ്വാസം. അതേസമയം ഈദ് ആഘോഷത്തിനായി നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നവർക്ക് നല്ലൊരു തുക, പ്രത്യേകിച്ചും നാലംഗ കുടുംബത്തിന് ടിക്കറ്റിന് മാത്രമായി നൽകേണ്ടി വരും. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് നിരക്ക് കൂടുതൽ. ഈ ആഴ്ചയിലെ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ല.

ജൂലൈ ഒന്നിനും 13 നും ഇടയിൽ ദോഹയിൽ നിന്ന് നാട്ടിൽ പോയി തിരികെ എത്താനും ബജറ്റ് എയർലൈനുകളിൽ ഒരാൾക്ക് ഇക്കോണമി ക്ലാസിൽ 72,000-76,500 ഇന്ത്യൻ രൂപ വരും. നാട്ടിലേക്ക് മാത്രം 36,000-47,000 ഇന്ത്യൻ രൂപയാണ്. ജൂലൈയിൽ ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ അൽപം കുറവുണ്ടെങ്കിലും അവധി കഴിഞ്ഞ് പ്രവാസികൾ തിരികെ എത്തുന്ന ഓഗസ്റ്റിൽ ദോഹയിലേക്കുള്ള നിരക്ക് കൂടും.

യാത്രയ്ക്ക് മുൻപും യാത്രയിലും അറിയാൻ

∙കാലാവധിയുള്ള പാസ്‌പോർട്ട്, യാത്രാ ടിക്കറ്റ്, ഖത്തർ ഐഡി, കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ കയ്യിൽ കരുതാൻ മറക്കേണ്ട.

∙ഇന്ത്യയിലേയ്ക്കുള്ള യാത്രയ്ക്ക് 24 മണിക്കൂറിനുള്ളിൽ എയർ സുവിധയിൽ യാത്രാ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം.

∙കൈവശം 50,000 റിയാലിന് മുകളിൽ മൂല്യമുള്ള കറൻസിയോ നാണയങ്ങളോ രത്‌നങ്ങളോ ആഭരണങ്ങളോ പണത്തിന് തത്തുല്യമായവയോ ഉണ്ടെങ്കിൽ അക്കാര്യം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരെ ഡിക്ലറേഷൻ ഫോമിലൂടെ അറിയിക്കണം. 

∙ഐഡി കാർഡ്, ഡ്രൈവിങ് ലൈസൻസ്, കാർ ഉടമസ്ഥാവകാശ കാർഡ്, ബാങ്ക് കാർഡ് തുടങ്ങിയ രേഖകളുടെ കാലാവധി പരിശോധിക്കണം. 

∙ഔദ്യോഗിക രേഖകളും വ്യക്തിഗത സാധനങ്ങളും യാത്രയിൽ സുരക്ഷിതമായി സൂക്ഷിക്കണം. 

∙യാത്രയിൽ എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കണം. കോവിഡ് മുൻകരുതൽ പാലിക്കാനും മറക്കേണ്ട.

∙വിദേശരാജ്യങ്ങളിലേയ്ക്കാണ് യാത്രയെങ്കിൽ സന്ദർശിക്കുന്ന രാജ്യത്തേക്കുള്ള വീസ ഉറപ്പാക്കണം. സന്ദർശിക്കുന്ന രാജ്യങ്ങളിലെ തങ്ങളുടെ എംബസികളുടെ നമ്പറും വിലാസവും കൈവശം സൂക്ഷിക്കണം. വിദേശങ്ങളിൽവച്ച് ഏന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ അടിയന്തര ഘട്ടങ്ങളിൽ എംബസികളുടെ സേവനം തേടാൻ ഇതു സഹായകമാകും. 

∙യാത്ര ചെയ്യുന്ന രാജ്യത്തിന്റെ വീസ, പാസ്‌പോർട് പകർപ്പ് എന്നിവ യാത്ര ചെയ്യുന്ന വ്യക്തിയുടെ ഇ-മെയിലിലും സൂക്ഷിക്കണം. എതെങ്കിലും കാരണവശാൽ പാസ്‌പോർട്നഷ്ടമായാൽ ഇവ ഉപകരിക്കും.

∙യാത്രക്ക് മുൻപ് ഗുണമേന്മയുള്ള ഒന്നോ രണ്ടോ പൂട്ടുകൾ ഉപയോഗിച്ച് വേണം വീടിന്റെ വാതിലുകൾ പൂട്ടാൻ. 

∙പണം, ആഭരണം തുടങ്ങി അമൂല്യമായ വസ്തുക്കൾ വീടിനുള്ളിൽ സൂക്ഷിക്കാതെ ബാങ്കുകളിൽ സൂക്ഷിച്ച ശേഷമേ യാത്ര തുടങ്ങാവൂ.

∙വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുൻപ് ഇലക്ട്രിക് സ്വിച്ച് ബോർഡുകൾ, വാതക പൈപ്പ് ലൈൻ, ഗ്യാസ് സിലിണ്ടറുകൾ, എക്‌സ്‌ഹോസ്റ്റ് ഫാനുകൾ, വെള്ളത്തിന്റെ പ്രധാന വാൽവ് തുടങ്ങിയവയെല്ലാം ഓഫാക്കണം.

∙വീടിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇടയ്ക്കിടെ വീട് ശ്രദ്ധിക്കാൻ അടുത്ത സുഹൃത്തുക്കളേയോ ബന്ധുക്കളേയോ ചുമതലപ്പെടുത്തുന്നത് ഉചിതമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com