ADVERTISEMENT

അബുദാബി ∙ യുഎഇയിൽ അമുസ്‌ലിംകളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുള്ള  നിയമങ്ങൾ നാളെ (ചൊവ്വ) ഫെഡറൽ നാഷനൽ കൗൺസിൽ  ചർച്ച ചെയ്യും. 18 അനുഛേദങ്ങൾ ഉൾപ്പെടുന്ന നിയമം രാജ്യത്തെ സമാധാനവും സഹിഷ്ണുതയും  സഹവർത്തിത്വവും ഊന്നിപ്പറയുന്നതാണ്.

യുഎഇയിൽ എല്ലാ മതവിഭാഗങ്ങൾക്കും ആരാധനാലയങ്ങൾ അനുവദിച്ചിട്ടുണ്ട്. ഈ മത വിഭാഗങ്ങൾക്കെല്ലാം സമ്പൂർണ നിയമസമത്വം ഉറപ്പു നൽകുന്നതാണു പുതിയ നിയമമെന്ന് എഫ്എൻസി സാമൂഹിക, തൊഴിൽ, താമസ, മാനവവിഭവശേഷി സമിതി അധ്യക്ഷ നാഇമ അൽ മൻസൂരി അറിയിച്ചു.

ഏതു മതവിശ്വാസമാണെങ്കിലും പൊതു ധാർമികതയും സമൂഹനന്മയും ബന്ധിപ്പിച്ചതായിരിക്കണം ആരാധനാലയങ്ങളിലെ ആചാരങ്ങളും അനുബന്ധ കർമങ്ങളുമെന്നും അവർ സൂചിപ്പിച്ചു. പുതിയ നിയമം സംബന്ധിച്ച കരടുരേഖ തയാറായിട്ടുണ്ട്. അമുസ്‌ലിംകളുടെ ആരാധനാലയങ്ങളുമായി  ബന്ധപ്പെട്ട ആദ്യത്തെ ഫെഡറൽ നിയമമായിരിക്കും ഇത്. ഈ നിയമമനുസരിച്ച് ഫെഡറൽ, പ്രാദേശിക  സർക്കാറുകൾക്ക് ആരാധനാലയങ്ങളും പ്രാർഥനാമുറികളും അനുവദിക്കാന്‍ സാധിക്കും. എന്നാൽ ഇത് ഏകീകൃത  ഫെഡറൽ നിയമത്തിന്റെ തണലിൽ ആയിരിക്കുക എന്നതാണു പുതിയ നിയമത്തിന്റെ ലക്ഷ്യം.

ഓരോ മത വിഭാഗങ്ങൾക്കും അവരുടെ വിശ്വാസമനുസരിച്ചുള്ള ആരാധനാ സ്വാതന്ത്ര്യം വിഭാവനം ചെയ്യുന്നതാണ് പുതിയ നിയമമെന്നും നാഇമ സൂചിപ്പിച്ചു.

പിഴ പത്ത് ലക്ഷം ദിർഹം വരെ

നിശ്ചിയക്കപ്പെട്ട സ്ഥലങ്ങളിലും മുറികളിലും മാത്രമായിരിക്കണം ആരാധന. സംഘമായോ മറ്റോ അധികൃതരുടെ അനുമതി കൂടാതെ ആരാധനാകർമങ്ങൾ നിർവഹിച്ചാൽ അര ലക്ഷം ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴ ശിക്ഷയാണ് നിയമത്തിൽ അനുശാസിക്കുന്നത്. അനുമതി കൂടാതെ ആരാധനാമുറികൾ അനുവദിക്കുന്നവരും പിഴശിക്ഷയും ഇതര നടപടികളും നേരിടേണ്ടി വരും.

200 രാജ്യക്കാർ അധിവസിക്കുന്ന യുഎഇയിൽ എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ വിശ്വാസമനുസരിച്ചു സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് പുതിയ നിയമമെന്നും നാഇമ അൽ മൻസൂരി അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com