ലഹരി മരുന്ന് കുഴിച്ചിടും, ലൊക്കേഷൻ വാട്സാപ്പിൽ; മലയാളികൾക്കും സന്ദേശം, സംഘം ദുബായിൽ സജീവം

drug-selling
പ്രതീകാത്മക ചിത്രം. Photo: shutterstock/Doidam 10
SHARE

ദുബായ്∙ വാട്സാപ്പ് വഴി സന്ദേശമയച്ചുള്ള ലഹരിമരുന്ന് വിൽപന ദുബായിൽ വർധിച്ചു. വിവിധ തരം ലഹരിമരുന്നുകളാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ഹഷീഷ്, ക്രിസ്റ്റൽ മെത്തഡിൻ, ലിറിക, ട്രമഡോൾ, മൊഫീൻ തുടങ്ങിയ ലഹരിമരുന്നുകളും വയാഗ്രയും അബുദാബി, ദുബായ്, അൽ െഎൻ, ഷാർജ, മുസഫ, മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവിടങ്ങളിൽ ലഭ്യമാകുമെന്നു സന്ദേശത്തിൽ പറയുന്നു.

വിൽപനക്കാർ അയച്ചുതരുന്ന ബാങ്ക് അക്കൗണ്ടിലേക്കു പണം നൽകിയാൽ ലഹരിമരുന്ന് ഒരു വിജന സ്ഥലത്ത് കുഴിച്ചിടുകയും ആ സ്ഥലത്തിന്റെ ലൊക്കേഷൻ മാപ്പും ചിത്രവും വാട്സാപ്പ് ചെയ്യുകയുമാണു ചെയ്യുന്നത്. ഇത് എളുപ്പ വഴിയായതിനാൽ പലരും ഇവരുടെ വലയിൽ വീഴുന്നുമുണ്ട്.

മലയാളികള്‍ ഉൾപ്പെടെയുള്ളവർക്ക് ഇത്തരത്തിൽ വാട്സാപ്പ് സന്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നു. ഉച്ചാരണ ശുദ്ധിയില്ലാത്ത അറബിക് മാത്രമേ ഇവർ സംസാരിക്കുകയുള്ളൂ. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ എന്തെങ്കിലും ചോദിച്ചാൽ ഇൗ ഭാഷകൾ അറിയില്ലെന്നും അറബിക് സംസാരിക്കൂ എന്നുമാണു വാട്സാപ്പിലൂടെ ശബ്ദസന്ദേശമയക്കുക. എന്നാൽ, അറബിക് ഉച്ചാരണം കേൾക്കുമ്പോൾ തന്നെ ഇവർ അറബ് വംശജരല്ലെന്നു തിരിച്ചറിയാൻ സാധിക്കുന്നു.

drug-selling-dubai
ദുബായിലെ മലയാളി യുവാവിന് ലഭിച്ച അജ്ഞാത നമ്പരിൽ നിന്നുള്ള വാട്സ് ആപ്പ് സന്ദേശം.

ദുബായിൽ കേസ്, ശിക്ഷ

ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ അടുത്തിടെ നടന്ന ഒരു കേസിൽ, ലഹരിമരുന്ന് വ്യാപാരിയിൽ നിന്ന് ഓൺലൈനിൽ മയക്കുമരുന്നു വാങ്ങിയ പ്രതിക്കു മൂന്നു മാസത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞു രണ്ടു വർഷത്തേക്കു പണമി‌‌ടപാടുകൾ നടത്തുന്നതിൽ നിന്നു വിലക്കാനും കോടതി ഉത്തരവിട്ടു. ലഹരിമരുന്ന് ആവശ്യമുണ്ടോ എന്ന് ആവശ്യപ്പെട്ടു പ്രതിക്കു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിക്കുകയും ഇതനുസരിച്ചു ബന്ധപ്പെട്ടു ഹാഷിഷ് ഓർഡർ ചെയ്യുകയുമായിരുന്നു.

ലഹരിമരുന്ന് ഇടപാടുകാരൻ നൽകിയ ബാങ്ക് അക്കൗണ്ടിലേക്കു പ്രതി പണം ട്രാൻസ്ഫർ ചെയ്യുകയും പിന്നീട് ദുബായിൽ കുഴിച്ചിട്ട മയക്കുമരുന്ന് സ്ഥലത്തേക്കുറിച്ചുള്ള വിവരം അയച്ചുകൊടുക്കുകയും ചെയ്തതായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ആളുകൾ അവരെ പിന്തുടരുന്നത് ഒഴിവാക്കാനാണു ലഹരിമരുന്ന് വിൽപ്പനക്കാർ ഈ പുതിയ മാർഗം കണ്ടുപിടിച്ചത്. ഓൺലൈനിൽ ലഹരിമരുന്ന് വാങ്ങുന്നതും സ്വയം അല്ലെങ്കിൽ മറ്റുള്ളവർ മുഖേന പണം കൈമാറുന്നതും കുറ്റകരമാണ്. ഇവർക്ക് തടവും 50,000 ദിർഹം പിഴയും ശിക്ഷയായി ലഭിക്കും. പൊലീസ് പിടിക്കില്ലെന്നു കരുതി ഓൺലൈനിൽ ലഹരിമരുന്ന് ലഭിക്കുന്നത് എളുപ്പമാണെന്നു ചിലർ കരുതുന്നു.

Dubai-Police-foils-cocaine-smuggling-attempt
ലഹരി മരുന്നുമായി ദുബായിൽ പിടിയിലായ വ്യക്തി (ഫയൽ ചിത്രം).

ഒാണ്‍ലൈൻ വഴി ലഹിരമരുന്ന് വാങ്ങൽ; സാമ്പത്തിക ഇടപാടുകൾക്ക് പിടിവീഴും

യുഎഇയിൽ ഓൺലൈനായി ലഹരിമരുന്ന് വാങ്ങുന്നവരുടെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർക്ക് ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം രണ്ടു വർഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. യുഎഇ ലഹരിമരുന്ന് വിരുദ്ധ നിയമം അനുസരിച്ചാണ് നിയന്ത്രണങ്ങൾ.

ആദ്യമായി കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുന്നതിന് പകരം പുനരധിവാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആദ്യത്തെ പ്രാവശ്യം കുറ്റവാളികളോട് മൃദു സമീപനം സ്വീകരിക്കുമെങ്കിലും, ഇവർക്ക് സ്വയമോ മറ്റുള്ളവർ വഴിയോ പണം കൈമാറാനും നിക്ഷേപിക്കാനും അനുവദിക്കില്ലെന്നു നിയമവിദഗ്ധർ വിശദീകരിച്ചു.

കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറക്കിയ 2021-ലെ 30-ാം നമ്പർ പുതിയ ഉത്തരവ്, ലഹരിമരുന്ന്, സൈക്കോട്രോപിക് പദാർഥങ്ങളെക്കുറിച്ചുള്ള 1994-ലെ ഫെഡറൽ നിയമം നമ്പർ 14-ൽ പ്രധാന ഭേദഗതികൾ കൊണ്ടുവന്നു.

Dubai-Customs-drugs
ദുബായ് കസ്റ്റംസ് പിടികൂടിയ ലഹരി മരുന്ന് (ഫയൽ ചിത്രം).

ലഹരിമരുന്നിനെതിരെ ക്യാംപെയിനുമായി ദുബായ് പൊലീസ്

ജിപിഎസ് ഉപയോഗിച്ച് ലഹരിമരുന്നു വിൽപന നടത്തുന്ന 100 കടത്തുകാരെ ദുബായ് പൊലീസ് ഇവർക്കെതിരെ നടത്തിയ വൻ ക്യാംപെയിനിലൂടെ അറസ്റ്റ് ചെയ്തു. മൊബൈലിലേക്കു അജ്ഞാത നമ്പരുകളിൽ നിന്നു വാട്സാപ്പ് സന്ദേശമയച്ചാണ് ഇവർ വിൽപന നടത്തിയത്. നിയമവിരുദ്ധമായ വേദനസംഹാരികൾ, ഹാഷിഷ്, ക്രിസ്റ്റൽ മെത്ത് തുടങ്ങിയ വസ്തുക്കളുടെ വിൽപനയാണ് നടത്തുന്നതെന്നും ദുബായ് പൊലീസിലെ ഹേമയ ഇന്റർനാഷണൽ സെന്റർ ഡയറക്ടർ കേണൽ അബ്ദുല്ല അൽ ഖയാത്ത് പറഞ്ഞു.

English Summary : Drug sales via WhatsApp have skyrocketed in Dubai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS