ADVERTISEMENT

ദുബായ്∙ ഹോട്ടലുകളുടെ സുവർണ നഗരമായി  ദുബായ്. പ്രതിമാസം പുതിയ 1,027 ഹോട്ടൽ മുറികളാണു സന്ദർശകരെ സ്വീകരിക്കാനായി സജ്ജമാകുന്നത്. ദുബായ് എക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റാണു വിനോദ സഞ്ചാര മേഖലയിലെ പ്രധാന കണ്ണിയായി ഹോട്ടൽ രംഗത്തും അനുബന്ധമായുമുള്ള  ദുബായ് നഗരത്തിന്റെ  കുതിപ്പ് വ്യക്തമാക്കിയത്. 2021 ഏപ്രിൽ മുതൽ 2022 ഏപ്രിൽ വരെ പുതിയ 12,324 ഹോട്ടൽ മുറികൾ ഒരുങ്ങി. 2022 ഏപ്രിൽ അവസാനമായപ്പോഴേക്കും 1.40 ലക്ഷത്തിലധികം ഹോട്ടൽ മുറികളായി. കഴിഞ്ഞ വർഷം  ഇതേ കാലയളവിൽ ഇതു 1.28 ലക്ഷമായിരുന്നു. പ്രതിവർഷം ഹോട്ടൽ രംഗത്തുണ്ടായ പുരോഗതി 9.6 ശതമാനമാണ്.

 

പുതിയ 55 ഹോട്ടലുകളും ഇക്കാലയളവിൽ ദുബായിൽ തുറന്നു. 2021 ൽ 714 ആയിരുന്നു ഹോട്ടലുകളെങ്കിൽ 2022 ഏപ്രിലിൽ 769 ആയി ഉയർന്നു.ഓരോ മാസവും 4.5 ശതമാനാണു ഹോട്ടലുകളുടെ വർധന.

 

പഞ്ചനക്ഷത്ര ഹോട്ടലുകൾ 34%

 

എമിറേറ്റിൽ ആഡംബര ഹോട്ടലുകളും പെരുകി. മൊത്തം ഹോട്ടലുകളിൽ 34 ശതമാനവും പഞ്ചനക്ഷത്രങ്ങളാണ്. 146 സ്ഥാപനങ്ങൾ പഞ്ചനക്ഷത്ര പദവിയിലെത്തിയതായി അധികൃതർ വെളിപ്പെടുത്തി  

 

സന്ദർശകരുടെ പ്രവാഹത്തിൽ 2022 

 

കോവിഡ് തീവ്രത കുറഞ്ഞ  2022 ൽ ദുബായിലേക്കുള്ള സന്ദർശകരുടെ എണ്ണവും കൂടി. കഴിഞ്ഞ ജനുവരി-മാർച്ച് മാസങ്ങൾക്കിടയിൽ 30.97 ലക്ഷം പേരെയാണ് എമിറേറ്റ് വരവേറ്റത്. 202l ലെ കാലയളവിനേക്കാൾ 214 % സന്ദർശക വർധന. അന്നു 10.27 ലക്ഷം ആളുകൾ മാത്രമാണ് കോവിഡ് കടമ്പ കടന്നു ദുബായിലെത്തിയത്.

 

പുതുമകളുടെ പറുദീസ

 

ഓരോ വരവിലും സന്ദർശകർക്കു നവ്യാനുഭവം പകരുന്ന പുരോഗതിയാണു ദുബായ് സന്ദർശകർക്കു സമ്മാനിക്കുന്നത്. വിനോദ മേഖലയിൽ പുതിയ ഉല്ലാസ കേന്ദ്രങ്ങൾ തുറന്നാണു വിനോദ സഞ്ചാരികളെ മാടി വിളിക്കുന്നത്.' ഐൻ ദുബായ്', ഡീപ് ഡൈവ് ദുബായ്, ഹത്ത ഡോം പാർക്ക്,  പാം ജുമൈരയിലെ  'ദ് വ്യൂ അറ്റ് ദ് പാം' എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.

 

കരയിലും കടലിലും ആകാശത്തുമെല്ലാം അവിസ്മരണീയ  ഉല്ലാസ സംവിധാന ഒരുക്കിയതിനാൽ അനുദിനം ജനപ്രിയ നഗരമായി  മാറുകയാണു ദുബായ്.

 

 

സന്ദർശനമായാലും ബിസിനസ്സായാലും സ്വാഗതം

 

വിനോദമായാലും ബിസിനസ്സ് ചെയ്ത് സ്ഥിരവാസമാണു ലക്ഷ്യമെങ്കിലും വീസാ നടപടിക്രമങ്ങൾ ലളിതമായതാണു ദുബായ് എമിറേറ്റിന്റെ സവിശേഷത. പുതിയ ഉദാര വീസാ നയം വിദേശികളുടെ വിശ്വാസം നേടിക്കഴിഞ്ഞു. 5 വർഷം കാലാവധിയുള്ള വീസകൾ സ്വന്തമാക്കാൻ രാജ്യാന്തര വിദേശ കമ്പനികളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കു പോലും ഇപ്പോൾ എളുപ്പമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com