ADVERTISEMENT

ദോഹ∙ ഫിഫ ഖത്തർ ലോകകപ്പിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ തദ്ദേശീയമായി വികസിപ്പിച്ച ഇന്റലിജന്റ് സെക്യൂരിറ്റി സംവിധാനം. ഖത്തർ സർവകലാശാലയിലെ എൻജിനീയറിങ് കോളജ് ആണ് ഇന്റലിജന്റ് ക്രൗഡ് മാനേജ്‌മെന്റ്-കൺട്രോൾ സിസ്റ്റം വികസിപ്പിച്ചത്. ജനക്കൂട്ടത്തിന്റെ എണ്ണം തിട്ടപ്പെടുത്തുക, മുഖം തിരിച്ചറിയൽ, അസാധാരണ  സംഭവങ്ങൾ തിരിച്ചറിയൽ (എഇഡി) തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുന്നതാണിത്.

 

ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ പങ്കാളിത്തത്തിൽ പ്രഫ.സുമയ അൽ മാദീദിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഇന്റലിജന്റ് സെക്യൂരിറ്റി സംവിധാനം വികസിപ്പിച്ചത്. വൻകിട ഇവന്റ് ആയതിനാൽ ഫിഫ ലോകകപ്പ് വലിയ സുരക്ഷാ വെല്ലുവിളികൾ നിറഞ്ഞതാണ്. 15 ലക്ഷത്തിലധികം കാണികളെയാണ് ലോകകപ്പിലേക്ക് പ്രതീക്ഷിക്കുന്നത്.

 

ലോകകപ്പിന്റെയും ടൂർണമെന്റുമായി ബന്ധപ്പെട്ട ഇവന്റുകളുടെയും സുഗമമായ നടത്തിപ്പിനായി സ്റ്റേഡിയങ്ങൾക്ക് അകത്തും പുറത്തുമുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കുക നിർണായകമായ ഒന്നാണ്. ഇതിനായി ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡ്രോൺ അധിഷ്ഠിത വിഡിയോ നീരിക്ഷണം എന്നിവ ഉപയോഗിക്കാനാണ് പദ്ധതി. ലോകകപ്പിനെത്തുന്നവർക്ക് തങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

 

അസാധരണ സംഭവങ്ങൾ കണ്ടെത്തുക, മുഖം തിരിച്ചറിയൽ സംവിധാനങ്ങളിലൂടെ സംശയാസ്പദമായ വ്യക്തികളെ ട്രാക്ക് ചെയ്യുക, റെക്കോർഡ് ചെയ്ത വിവരങ്ങൾ കാണികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടു കൈകാര്യം ചെയ്യുക എന്നിവയിലാണ് പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ), ഡ്രോൺ അധിഷ്ഠിത കംപ്യൂട്ടർ വിഷൻ, ഐസിടി തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളാണ് കളിക്കാരും കാണികളും ഉൾപ്പെടെ ലോകകപ്പിനെത്തുന്നവർക്കുള്ള സുരക്ഷയും സേഫ്റ്റിയും ഉറപ്പാക്കുന്നതിനായി ഖത്തർ ഉപയോഗിക്കുന്നത്.

 

സുരക്ഷ ഡ്രോൺ ഡേറ്റാടിസ്ഥാനത്തിൽ

 

ജനക്കൂട്ടത്തെ നിയന്ത്രിച്ച് ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ടാണ് ഡ്രോണുകളുടെ ഡേറ്റകളിൽ നിന്ന് ജനക്കൂട്ടത്തെ എണ്ണി തിട്ടപ്പെടുത്തുന്നതിനുള്ള കൗണ്ടിങ് സിസ്റ്റം വികസിപ്പിച്ചത്. പ്രസക്തമായ സവിശേഷതകളും ജനസാന്ദ്രതയും കൃത്യമായി നിർണയിക്കാൻ വിശാലമായ സ്‌കെയിൽഡ് ന്യൂറൽ ശൃംഖലയെ ഉപയോഗപ്പെടുത്താൻ കഴിവുള്ളതാണിത്.

 

കായിക സൗകര്യങ്ങളിലെ ജനക്കൂട്ടത്തെ എണ്ണിത്തിട്ടപ്പെടുത്താൻ ഫുട്‌ബോൾ സപ്പോർട്ടേഴ്‌സ് ക്രൗഡ് ഡാറ്റസെറ്റ് (എഫ്എസ്‌സി-സെറ്റ്) എന്ന പുതിയ ഡാറ്റാ സെറ്റും വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 6,000 ചിത്രങ്ങൾ സ്വമേധയാ അടയാളപ്പെടുത്തും. സ്റ്റേഡിയങ്ങൾക്ക് അകത്തും പുറത്തുമായുള്ള ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടത്തിനിടയിലെ വിവിധ തരം ദൃശ്യങ്ങളെ പ്രതിനീധീകരിക്കുന്ന ചിത്രങ്ങളായിരിക്കും ഇവ.

 

മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനവും വികസിപ്പിച്ചിട്ടുണ്ട്. മൾട്ടി ടാക്‌സ് കൺവൊലൂഷനൽ ന്യൂറൽ നെറ്റ് വർക്ക് (സിഎൻഎൻ) ഉപയോഗിച്ചുള്ളതാണിത്. പോസ് വ്യതിയാനങ്ങൾ വരുത്തിയ മുഖങ്ങളെയാണ് ഇതു പരിഗണിക്കുന്നത്. മുഖത്തിന്റെ ഇടത്, വലത് വശങ്ങൾ, മുൻവശം എന്നിങ്ങനെ 3 തരത്തിലുള്ള മുഖചിത്രങ്ങൾ രേഖപ്പെടുത്താൻ ഇവയ്ക്ക് കഴിയും. ഇതിന് പുറമെ ചർമം അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് സെഗ്‌മെന്റേഷൻ പദ്ധതിയും വികസിപ്പിച്ചിട്ടുണ്ട്.

 

വിശ്വാശ്യതയും ഫലപ്രാപ്തിയും മൂലം ഡ്രോൺ അധിഷ്ഠിത വിഡിയോ നീരീക്ഷണവും അസാധാരണ സംഭവങ്ങൾ തിരിച്ചറിയുന്നതിനുള്ള സംവിധാനവുമാണ് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത്. കായിക ഇവന്റുകളിൽ ജനക്കൂട്ടത്തിനിടയിലെ അക്രമാസക്തമായ പെരുമാറ്റങ്ങൾ വേഗത്തിൽ കണ്ടെത്താൻ ക്യാമറകൾ ഉള്ള ഓഗുമെന്റഡ് ഡ്രോണുകൾക്ക് കഴിയും. ലോകകപ്പിനിടെ സ്റ്റേഡിയങ്ങളിലും മറ്റ് പൊതു വേദികളിലുമുള്ള ജനക്കൂട്ടത്തെ കൃത്യമായി നീരീക്ഷിക്കാൻ കഴിവുള്ളവയാണിവ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com