ADVERTISEMENT

ദുബായ്∙ അടുത്ത 10 വർഷത്തിനിടെ 40 ശതമാനം പരമ്പരാഗത തൊഴിലുകൾ ഇല്ലാതാകുമെന്ന് പഠന റിപ്പോർട്ട്. തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ മാർക്കറ്റ് മാഗസിനാണ് പഠനം നടത്തിയത്.

 

online-shopping-digital-banking

മനുഷ്യധ്വാനം വേണ്ടിയിരുന്ന തൊഴിലിരിപ്പിടങ്ങളിൽ സാങ്കേതിക വിദ്യ ഇടം പിടിക്കും. റോബട്ടുകളോ കിയോസ്കുകളോ മനുഷ്യനു പകരം ഇടംനേടും. 

 

പണമിടപാടുകൾ ഡിജിറ്റലാകും

 

കാഷ്യർമാർക്കാകും ആദ്യം ജോലി നഷ്ടപ്പെടുകയെന്നും സർവേ പറയുന്നു. ഇപ്പോൾ തന്നെ ഒട്ടുമിക്ക പണമിടപാടുകളും ഡിജിറ്റലാണ്. അടുത്ത പത്തു വർഷത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പണം വാങ്ങി ബാക്കി കൊടുക്കുന്ന ജോലി ഇല്ലാതാകും. ആ പണി പൂർണമായും പോസ് മെഷീനുകളോ ക്യു ആർ കോഡുകളോ കാർഡ് പെയ്മെന്റുകളോ ഏറ്റെടുക്കും.  പണം അടയ്ക്കുമ്പോൾ തന്നെ ബിൽ ഫോണിൽ കിട്ടുമെന്നതിനാൽ അതിനും ആളുവേണ്ട. 

 

ഓഫിസ് ജോലിക്ക് ആളുവേണ്ട

 

ഓഫിസ് ജോലിയിൽ നല്ലൊരു പങ്കും സാങ്കേതിക വിദ്യ കയ്യടക്കും. ജീവനക്കാരുടെ ഹാജരും ശമ്പളവും മറ്റു സേവന വേതന വ്യവസ്ഥകളും കൈകാര്യം ചെയ്യാൻ പ്രത്യേകിച്ച് ഒരാളിന്റെ ആവശ്യമുണ്ടാകില്ല.  ഓഫിസ് ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും ടെക്നോളജി വരും. ഗേറ്റ് കീപ്പർ വരെ ടെക്നോളജിയുടെ കുത്തൊഴുക്കിൽ അപ്രത്യക്ഷമാകാം. ഗേറ്റ് തുറക്കാൻ ഇപ്പോൾ തിരിച്ചറിയൽ കാർഡ് മതി. വാതിൽ തുറക്കാനും ഇതേ മാർഗം സ്വീകരിക്കാം. 

 

ബില്ലടിക്കാനും മെഷീൻ 

 

വിൽപനയ്ക്കും ചെറുകിട കച്ചവടത്തിനും ഇപ്പോൾ ഉപയോഗിക്കുന്ന മനുഷ്യ ശേഷി അടുത്ത 10 വർഷത്തിനിടെ ആവശ്യമില്ലാതാകും. ആവശ്യമുള്ള സാധനം എടുക്കാനും അതിന്റെ വില സ്കാൻ ചെയ്യാനും തൂക്കം നോക്കാനും ഉപഭോക്താക്കളെ സഹായിക്കാൻ മെഷീനുകൾ വരുന്നതോടെ നഷ്ടമാകുന്നത് ആയിരക്കണക്കിനു തൊഴിലാണ്. അത്ര വേഗം എത്തില്ലെന്നു കരുതിയ നിർമാണ മേഖലയിലേക്കാണ് സാങ്കേതിക വിദ്യ അതിവേഗം കാലുറപ്പിക്കുന്നത്. 

 

നിർമാണ സൈറ്റിൽ പോകേണ്ടിവരില്ല

 

കെട്ടിട നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ പൂർണമായും സ്വയം നിയന്ത്രിത മെഷീനുകൾ ഉപയോഗിച്ചു സൃഷ്ടിക്കാം. കെട്ടിടങ്ങളുടെ രൂപകൽപ്പന പോലും നിർമിത ബുദ്ധി ഏറ്റെടുത്തു. വരും വർഷങ്ങളിൽ കെട്ടിടം പണി എവിടെ വരെയായി എന്നറിയാൻ വല്ലപ്പോഴും ഒന്നു സൈറ്റിൽ പോയാൽ മതി. ബാക്കിയെല്ലാം മെഷീൻ ചെയ്യും. സൈറ്റ് വരെ പോകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നിർമാണ പുരോഗതി ത്രിമാന ചിത്രങ്ങളും വിഡിയോ ചിത്രങ്ങളും സഹിതം മൊബൈൽ ഫോണിൽ ലഭിക്കാനും സംവിധാനമുണ്ട്. മേസ്തിരിയും മൈക്കാടും സൂപ്പർവൈസറും എൻജിനീയറുമൊക്കെ മറ്റു ജോലി അന്വേഷിക്കേണ്ടി വരുമെന്നു ചുരുക്കം. 

 

ട്രാവൽ ഏജന്റുമാരും ഭീഷണിയിൽ 

 

നിലനിൽപ് ഭീഷണിയിലായവരിൽ ട്രാവൽ ഏജന്റുമാരുമുണ്ട്. യാത്രകൾ തീരുമാനിക്കാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ഹോട്ടൽ കണ്ടു പിടിക്കാനും മുറി ബുക്ക് ചെയ്യാനും ആപ് ഉള്ളതു കൊണ്ട് ഇപ്പോൾ തന്നെ ഈ മേഖല കടുത്ത ഭീഷണിയിലാണ്. 

 

നെയ്യാനും തയ്ക്കാനും മെഷീൻ 

 

വസ്ത്ര നിർമാണ മേഖലയിലും സാങ്കേതിക വിദ്യ കടന്നു കയറി. വസ്ത്രം നെയ്യുന്നതും  തയ്ക്കുന്നതും മെഷീനുകളാണ്. തയ്ക്കേണ്ട തുണിയുടെ അളവ് കംപ്യൂട്ടറിൽ നൽകിയാൽ കൃത്യമായി അടയാളപ്പെടുത്തി തയ്ച്ചു പുറത്തിറക്കാം. 1.14 ലക്ഷം തൊഴിലുകൾ സാങ്കേതിക വിദ്യയ്ക്ക് തനിച്ചു കൈകാര്യം ചെയ്യാനാകുമെന്നാണ് നിഗമനം. എന്നാൽ, അത്ര നിരാശേപ്പെടേണ്ട കാര്യമില്ലെന്നും പഠനം പറയുന്നു. സാങ്കേതിക വിദ്യ കൈകാര്യം ചെയ്യാൻ കഴിവുള്ളവർക്കും കാലത്തിന് അനുസരിച്ചു പുതിയ സാധ്യതകളെ ഉപയോഗിക്കാൻ അറിയുന്നവർക്കും തൊഴിലിടങ്ങൾ ഉണ്ടാകും. സാങ്കേതിക വിദ്യ എത്ര വളർന്നാലും അതിനെ മുന്നിൽ നിന്നു നയിക്കാൻ മനുഷ്യൻ പഠിക്കുന്നതോടെ പുതിയ തൊഴിൽ സാഹചര്യങ്ങൾ രൂപപ്പെടുമെന്നും പഠനത്തിലുണ്ട്.

 

പാചകം ചെയ്യും റോബട്ടുകൾ 

 

തട്ടുകടയിലെ പാചക്കാർ പോലും ഭീഷണി നേരിടുമെന്നാണ് പ്രവചനം. ബ്രോസ്റ്റഡ് ചിക്കൻ, ഗ്രിൽഡ് ചിക്കൻ, ബർഗർ, പീത്‌സ മുതൽ ദോശവരെ ഉണ്ടാക്കാൻ ഇപ്പോൾ മെഷീനുകൾ ഉണ്ട്. മസാല കൂട്ട് റെഡിമെയ്ഡായും ലഭിക്കും. ചെലവ് കുറയ്ക്കാൻ ഫാസ്റ്റ് ഫുട് കമ്പനികൾ മെഷീനുകളെ ആശ്രയിച്ചു തുടങ്ങി. ബാങ്കിങ് മേഖലയിലും തൊഴിൽ നഷ്ടം വരും. ഇടപാടുകൾ ഓൺലൈനായതിനാൽ ബാങ്കിൽ നേരിട്ടുള്ള ഇടപാടുകൾക്കു ഭാവിയിൽ പ്രസക്തി നഷ്ടപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com