ADVERTISEMENT

ദുബായ്∙ രാജ്യാന്തര വാണിജ്യ വ്യവസായ സംരംഭങ്ങളുടെ സിരാകേന്ദ്രമായി എമിറേറ്റിനെ നിലനിർത്താൻ ലക്ഷ്യമിട്ട് ദുബായ് ഗ്ലോബൽ പദ്ധതിക്കു തുടക്കം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളുടെ വളർച്ചയ്ക്കു സഹായകരമാകുന്ന പദ്ധതികളാണ് മുഖ്യ കർമ പരിപാടി.

5 ഭൂഖണ്ഡങ്ങളിൽ സാന്നിധ്യം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ വ്യാപാര മേഖലകളുമായി ബന്ധപ്പെട്ട് 50 കേന്ദ്രീകൃത ഓഫിസുകൾ തുറക്കും. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കാൻ തയാറാകുന്ന കമ്പനികൾക്ക് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള നടപടി ക്രമങ്ങൾ‍ ലളിതവും വേഗത്തിലും സംരംഭകർക്ക് ഉറപ്പു വരുത്തുമെന്നും ദുബായ് ഗ്ലോബൽ ഉദ്ഘാടനം ചെയ്ത് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

എമിറേറ്റിലെ കമ്പനികളെ രാജ്യാന്തര തലത്തിൽ എത്തിക്കുക, വിദേശ കമ്പനികളുടെ നിക്ഷേപം ആകർഷിക്കുക, ദുബായ് ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണി തുറക്കുക എന്നിവയാണ് ദുബായ് ഗ്ലോബൽ ലക്ഷ്യമിടുന്നത്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ദുബായുടെ സമ്പത്ത് ഇരട്ടിയാക്കാൻ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷം ഇവിടെ ഒരുക്കുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ തുറക്കുന്ന ഓഫിസുകൾ ദുബായ് വ്യവസായ മേഖലയുടെ പ്രതിനിധികളായി പ്രവർത്തിക്കും.

ആ രാജ്യത്തെ വ്യവസായികളെയും നിക്ഷേപകരെയും ദുബായിലേക്ക് ആകർഷിക്കാനും ദുബായിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് മറ്റു രാജ്യങ്ങളിൽ വിപണി തുറക്കാനും ഇതു വഴി സാധിക്കും. ദുബായ് കമ്പനികൾക്ക് മറ്റു രാജ്യങ്ങളിൽ പ്രവർത്തനം തുടങ്ങുന്നതിനുള്ള അടിസ്ഥാന സൗകര്യവും ഈ ഓഫിസുകൾ ചെയ്തു കൊടുക്കും. പ്രവർത്തനം തുടങ്ങാൻ ആഗ്രഹിക്കുന്ന രാജ്യത്തെ നിയമങ്ങൾ, ഔദ്യോഗിക അനുമതികൾ തുടങ്ങിയവ ദുബായ് ഗ്ലോബൽ വഴി നേടിയെടുക്കാം.

ദുബായ് ആസ്ഥാനമായ കമ്പനികൾക്ക് ലോകത്തെവിടെയും പ്രവർത്തനം വ്യാപിപ്പിക്കാൻ വഴിയൊരുങ്ങും. ലോകത്തിലെ വൻകിട വിപണിയിലേക്ക് ദുബായ്ക്കു സുഖമായി പ്രവേശിക്കാം. ഇതുവഴി എമിറേറ്റിന്റെ അടിസ്ഥാന സമ്പദ് ഘടനയെ പിടിച്ചു നിർത്താനും രാജ്യാന്തര തലത്തിൽ ബിസിനസ് ആസ്ഥാനമായി ദുബായിക്കു മാറാനും കഴിയും.

ദുബായിലേക്ക് ആഫ്രിക്കൻ കമ്പനികൾ

ദുബായ് ∙ആഫ്രിക്കൻ കമ്പനികളും കൂടുതൽ ആഫ്രിക്കൻ രാജ്യക്കാരും ദുബായിലേക്ക് എത്തുന്നു. 2021 ഒക്ടോബറിനു ശേഷം 1600 ആഫ്രിക്കൻ കമ്പനികളാണ് ദുബായ് ചേംബേഴ്സിൽ റജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചത്. എക്സ്പോയോടനുബന്ധിച്ച് ദുബായ്ക്കും ആഫ്രിക്കയ്ക്കും ഇടയിലുള്ള വ്യാപാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഗ്ലോബൽ ബിസിനസ് ഫോറം ആഫ്രിക്ക (ജിബിഎഫ് ആഫ്രിക്ക) നടത്തിയ ശേഷം കമ്പനികളുടെ എണ്ണത്തിൽ 6.5% വർധനയുണ്ടായി.

ഇതോടെ ചേംബറിനു കീഴിൽ റജിസ്റ്റർ ചെയ്ത ആഫ്രിക്കൻ കമ്പനികളുടെ എണ്ണം 26420 ആയി. കെനിയ, ഇത്യോപിയ, മൊസാംബിക്, ഘാന എന്നിവിടങ്ങളിൽ ദുബായ് ഇന്റർനാഷനൽ ചേംബർ പ്രതിനിധി കാര്യാലയങ്ങളും തുറന്നിട്ടുണ്ട്. ഈ രാജ്യങ്ങളിലെ വ്യാപാര സാധ്യതകൾ മനസ്സിലാക്കി യുഎഇ കമ്പനികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാനാണ്  ഈ കാര്യാലയങ്ങൾ. കഴിഞ്ഞ വർഷം നടന്ന ജിബിഎഫ് ആഫ്രിക്ക സമ്മേളനത്തോടനുബന്ധിച്ച് 550 ഉഭയകക്ഷി യോഗങ്ങളാണ് നടന്നത്. 91 രാജ്യങ്ങളിൽ നിന്ന് 3000 പേർ പങ്കെടുത്തു.

English Summary : Sheikh Hamdan launches ‘Dubai Global’ to attract investments, open new markets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com