ADVERTISEMENT

കുവൈത്ത് സിറ്റി∙ അനധികൃത മാർഗത്തിൽ കുവൈത്തിലെത്തി ഇന്ത്യൻ എംബസിയുടെ സഹായം തേടുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധന. എംബസിയുടെ അഭയകേന്ദ്രത്തിൽ കഴിയുന്ന 80 വനിതകൾ ഉൾപ്പെടെ നൂറിലേറെ പേരിൽ മലയാളികളാണ് കൂടുതലും. കഴിഞ്ഞ വർഷം 15–20 പേർ മാത്രമായിരുന്നു. അതും ആന്ധ്രയിൽനിന്നുള്ളവർ. ഗാർഹിക ജോലിക്കാരുടെ പ്രശ്നം ചർച്ച ചെയ്യുന്ന പ്രത്യേക ഓപ്പൺ ഹൗസിലാണ് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

305 സ്ത്രീകൾ ഉൾപ്പെടെ 395 വീട്ടുജോലിക്കാർ 6 മാസത്തിനിടെ എംബസിയിൽ അഭയം തേടി. എംബസി ടിക്കറ്റിലാണ് ഭൂരിഭാഗം പേരും നാട്ടിലേക്കു പോയത്. പലരും ടൂറിസ്റ്റ് വീസയിൽ മൂന്നാം രാജ്യങ്ങൾ വഴി വന്നവരാണ്. കുവൈത്തിൽ ജോലിക്കായി നിയമവിരുദ്ധ ഏജന്റുമാരെയും ഇടനിലക്കാരെയും ആശ്രയിക്കരുത്.  

ഉദ്യോഗാർഥികളെ ചൂഷണം ചെയ്യാൻ ഇടനിലക്കാരെ അനുവദിക്കരുതെന്ന് ആവർത്തിക്കുമ്പോഴും ചതിക്കപ്പെട്ട് എംബസിയിൽ എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇക്കാര്യത്തിൽ ബോധവൽക്കരണം ശക്തമാക്കണം. ഇതിന്റെ ഭാഗമായാണ് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചതെന്നും പറഞ്ഞു.  അനധികൃത ഇടനിലക്കാരിൽ ചിലരെ പിടികൂടി നാടുകടത്തിയെന്നും ചിലർ ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളും പരാതിയും വർധിച്ചു

ഈ വർഷം ഇതുവരെ 42600ലേറെ ഗാർഹിക തൊഴിൽ വീസ ഇന്ത്യക്കാർക്കു ലഭിച്ചു. ഗാർഹിക തൊഴിലാളികളുടെ എണ്ണം വർധിച്ചതോടെ (മൂന്നു ലക്ഷത്തിലേറെ) പരാതികളും കൂടി. ഈ വർഷംമാത്രം 1688 പരാതികൾ എത്തി. ഇവരെല്ലാം തൊഴിൽ കരാറില്ലാതെ അനധികൃത മാർഗത്തിൽ എത്തിയവരാണ്. രേഖകൾ ശരിപ്പെടുത്തി ഇവരെ ഇന്ത്യയിലേക്കു തിരിച്ചയച്ചു.  

നിയമം പാലിച്ചാൽ ഖേദിക്കേണ്ട

ഇന്ത്യാ ഗവൺമെന്റിന്റെ നടപടിക്രമങ്ങൾ പാലിച്ച് വിദേശ ജോലിക്കു പോയാൽ പ്രയാസപ്പെടേണ്ടിവരില്ലെന്നും സ്ഥാനപതി പറഞ്ഞു. മോഹന വാഗ്ദാനം നൽകി എത്തുന്ന ഇടനിലക്കാരെക്കുറിച്ച് ഇന്ത്യയിലും കുവൈത്തിലും അധികൃതരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസിയിൽ 24 മണിക്കൂർ ഹെൽപ് ലൈൻ ലഭ്യമാണ്. കൂടാതെ ആഴ്ചതോറും സംഘടിപ്പിക്കുന്ന ഓപ്പൺഹൗസിൽ എത്തി പരാതിപ്പെടാനും സൗകര്യമുണ്ടെന്നും പറഞ്ഞു.

തൊഴിൽ കരാർ സുരക്ഷ നൽകും

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഗാർഹിക തൊഴിലാളി കരാർ ശക്തവും ഫലപ്രദവും തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതാണെന്നും പറഞ്ഞു. ഗാർഹിക തൊഴിലാളികളുടെ തൊഴിൽകരാർ എംബസി സാക്ഷ്യപ്പെടുത്തൽ നിർബന്ധമാണെന്നും സ്ഥാനപതി പറഞ്ഞു. തൊഴിൽ കരാറുണ്ടാക്കി നിയമവിധേയ മാർഗത്തിൽ എത്തിയാൽ സുരക്ഷ ഉറപ്പാക്കാമെന്നും പറഞ്ഞു.

നഴ്സുമാർക്ക് മികച്ച അവസരം

കോവിഡിനുശേഷം ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ആരോഗ്യപ്രവർത്തകർക്ക് അനുവദിച്ച തൊഴിൽ വീസകളുടെ എണ്ണം ഗണ്യമായി വർധിച്ചു. കഴിഞ്ഞ മാസം 2000ത്തിലേറെ നഴ്സുമാരെ റിക്രൂട്ട് ചെയ്തു. കൂടുതൽ അവസരങ്ങൾക്കായുള്ള ശ്രമം തുടരുമെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com