ADVERTISEMENT

ഷാർജ ∙ ‘കൈയിൽ ലേഡീസ് ഹാൻഡ് ബാഗ്, മുഖത്ത് റോസ് പൗഡർ, ചുണ്ടിൽ ലിപ്സ്റ്റിക്, സെറ്റ് ചെയ്ത പുരികം, അണിയിച്ചൊരുക്കിയ കൺപീലികൾ, വേഷം പാന്റ്സും ഷേർട്ടും’– പറഞ്ഞു വന്നത് ഒരു യുവതിയെ കുറിച്ചല്ല, ഷാർജ അൽ നഹ്ദയിൽ താമസിക്കുന്ന മലയാളി യുവാവാണിത് പേര്: മുഹമ്മദ് ജാസിൽ.

ഇനി പറയുന്നത് സമൂഹമാധ്യമങ്ങളില്‍ പലരും കണ്ടിരിക്കാവുന്ന, വളരെ അടുപ്പമുള്ള രണ്ടു യുവാക്കളുടെ അതീവഗാഢമായ സൗഹൃദത്തെ കുറിച്ചാണ്; ജാസിലിന്റെയും ആഷിഖിന്റെയും ‘അസ്ഥിക്ക് പിടിച്ച’ സൗഹൃദ ജീവിതം. മലപ്പുറം കുറ്റിപ്പുറം സ്വദേശിയാണ് മുഹമ്മദ് ജാസിൽ (26). പാലക്കാട് ഒലവക്കോട് സ്വദേശിയാണ് ആഷിഖ് (27).

മുഹമ്മദ് ജാസിലിനെ ആഷിഖ്, ജാസിയെന്നും ആഷിഖിനെ മുഹമ്മദ് ജാസിൽ, ആഷി എന്നുമാണ് വിളിക്കുന്നത്. ഏഴു വർഷമായി യുഎഇയിലുള്ള ഇരുവരും ഇണപിരിയാത്ത സുഹൃത്തുക്കളാണിന്ന്. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടുന്ന ഇവരുടെ ‘കപ്പിൾ വിഡിയോസ്’ ടിക് ടോകിലൂടെ പതിവായി കാണുന്നത് ലക്ഷക്കണക്കിന് കാഴ്ചക്കാർ. ഇരുവർക്കും എന്താണ് പ്രത്യേകത എന്ന് ചോദിക്കാൻ വരട്ടെ, ബാക്കി കൂടി കേൾക്കൂ.

Jassel-Ashique-uae1

ജാസി സുന്ദരിയായ യുവതിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് ജീവിക്കുന്നത്. ആഷിയാണെങ്കിൽ, നിബിഡമായ താടി വളർത്തി പുരുഷനായും. ഇരുവരും തമ്മിൽ നാട്ടിൽ നിന്ന് ആരംഭിച്ച സൗഹൃദം ഇന്ന് നേരിട്ട് കാണുന്ന യുഎഇയിലെയും, സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെയും ലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്നു.

സുന്ദരിയെ കാണാൻ കൊതിച്ച് ആഷി ചെന്നു; അപ്പോൾ കണ്ടത്...

Jassel-Ashique3

ഏഴു വർഷം മുൻപത്തെ കഥയാണ് ഇനി പറയുന്നത്. നാട്ടിലെ അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനായിരുന്നു ആഷി. കളിപ്പിരാന്തിൽ കറങ്ങിനടക്കാത്ത ഇടങ്ങൾ കേരളത്തിലുണ്ടായിരുന്നില്ല. അങ്ങനെയാണ് ജാസിയുടെ വീട്ടിനടുത്തും എത്തുന്നത്. അന്ന് ആഷി പങ്കെടുക്കുന്ന സെവൻസ് ഫുട്ബോൾ കാണാൻ ജാസിയുമെത്തിയിരുന്നു, കൂടെ ജാസിയുടെ കൂടെ പഠിച്ചിരുന്ന കൂട്ടുകാരിയുമുണ്ടായിരുന്നു. ജാസിയും ആഷിയും തമ്മിൽ പരസ്പരം കണ്ടുമുട്ടുകയോ നോട്ടം കൈമാറുകയോ ചെയ്തിരുന്നില്ല.

എന്നാൽ, ആഷി ജസിയുടെ കൂടെയുള്ള സുന്ദരിയായ പെൺകുട്ടിയെ കണ്ടു മോഹിച്ചു. ഫുട്ബോൾ കളിച്ച് ദാഹിച്ചപ്പോൾ ആഷിയും സഹകളിക്കാരിൽ ചിലരും വെള്ളം കുടിക്കാൻ ചെന്നത് ജാസിയുടെ വീട്ടിൽ. അവിടെ ജസിയെ കണ്ടതോടെ ആഷിയുടെ മനസിൽ നിന്ന് പെൺകുട്ടിയോടുള്ള 'മുഹബ്ബത്ത്' പോയി, പകരം അതിലേറെ സുന്ദരനായ ജാസിയുടെ മുഖമാണ് ഇടം പിടിച്ചത്. അന്നവർ പരസ്പരം പരിചയപ്പെടുകയും ഗാഢ സൗഹൃദത്തിലേയ്ക്കുള്ള ഹൃദയ വാതിലുകൾ തുറക്കുകയും ചെയ്തു.

പിന്നീട് ജാസി യുഎഇയിലെത്തി. ദുബായിലെ ഒരു ജ്വല്ലറിയിൽ റിസപ്ഷനിസ്റ്റായി ജോലി ആരംഭിച്ചു. എന്നാൽ, ആഷിയുടെ മുഖം മനസിൽ നിന്ന് മായില്ലെന്ന് അന്നാണ് ജാസിക്ക് മനസിലായത്. ഉറ്റ സുഹൃത്തിന് സന്ദർശക വീസ അയച്ചുകൊടുത്തു ഇവിടേയ്ക്ക് കൊണ്ടുവന്നു. കുറച്ച് കാലം ഷാർജയിൽ ഒന്നിച്ച് താമസിച്ചു. പിന്നീട്, അബുദാബിയിലെ ഒരു ഹൈപ്പർമാർക്കറ്റിൽ ജോലി ലഭിച്ചതിനെ തുടർന്ന് ആഷി അങ്ങോട്ട് പോയി. പക്ഷേ, പ്രിയ സുഹൃത്തിനെ പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥയിൽ തിരിച്ചുവരാൻ ആഷിയോട് ജാസി ആവശ്യപ്പെട്ടു. കുറച്ചു കാലം റാസൽഖൈമയിലും ആഷി ജോലി ചെയ്തെങ്കിലും വൈകാതെ ജാസിയുമായി ഒന്നിച്ചു.

ആദ്യം ഡബ്‌സ്മാഷ്; പിന്നെ ടിക് ടോക്

ആദ്യം മ്യൂസിക്കൽ ഡബ് മാഷിലൂടെയാണ് ജാസി–ആഷി ടീം സമൂഹമാധ്യമങ്ങളിൽ ചുവടുവച്ചത്. അന്ന് ഒറ്റയ്ക്കൊറ്റയ്ക്കായിരുന്നു പരിപാടി. 2015ൽ ടിക് ടോക് സജീവമായതോടെ ഇരുവരും ചേർന്ന് ഒറ്റയ്ക്കും പിന്നീട് ‘കപ്പിൾ വിഡിയോ’യും ചെയ്തു തുടങ്ങി. കപ്പിൾ വിഡിയോയായിരുന്നു ഏറ്റവും ഹിറ്റായത്. ഇതിന് വനിതാ ആരാധകരാണ് കൂടുതലും. ടിക് ടോക്കിൽ ഫോളോവേഴ്സ് പെരുകാൻ അധികമസമയം വേണ്ടിവന്നില്ല. നിലവിൽ jasiljazziashi786 ടിക് ടോകിന് നാലു ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇൻസ്റ്റാഗ്രാമിലും ഇരുവരും സജീവമാണ്. jasi_ashi_official ഇൻസ്റ്റാ പേജിന് ഒരു ലക്ഷത്തോളം ഫോളോവേഴ്സാണുള്ളത്.

യുഎഇയിലെ റസ്റ്ററന്റ് അടക്കമുള്ള സ്ഥാപനങ്ങളെ തങ്ങളുടെ സമൂഹമാധ്യമ പേജിലൂടെ പരിചയപ്പെടുത്തുന്ന ഇരുവരും അതുകൊണ്ടാണ് ഇന്ന് ഉപജീവനം നടത്തുന്നത്. വലിയ വ്യവസായ സ്ഥാപനങ്ങളുടെയും ജ്വല്ലറികളുടെയും വിശേഷങ്ങൾ പങ്കുവയ്ക്കാൻ 3,000 ദിർഹത്തോളം കൈപ്പറ്റുന്നു. അതേസമയം, ചെറുകിട സ്ഥാപനങ്ങളാണെങ്കിൽ ആയിരം ദിർഹം മാത്രമേ വാങ്ങിക്കുന്നുള്ളൂ. രണ്ടുപേരും ചേർന്ന് പുതിയൊരു സംരംഭം തുടങ്ങാനുള്ള ആലോചനകളും നടക്കുന്നുണ്ട്.

‘സമൂഹമാധ്യമ ആങ്ങള’മാരോട് അപേക്ഷിക്കാനുള്ളത്...

Jassel-Ashique2

ഇപ്പോഴത്തെ വേഷവിധാനത്തോടെ നാട്ടിൽ ചെന്നാൽ ആൾക്കാരുടെ ചൂഴ്ന്നുനോട്ടത്തിൽ നിന്ന് കമന്റടിയിൽ നിന്നും രക്ഷപ്പെടാൻ പാടാണ്. എന്നാൽ, യുഎഇയിൽ അത്തരം വിഷമസന്ധികളില്ല. എല്ലാവരും ഇവിടെ തിരക്ക് പിടിച്ച ജീവിതം നയിക്കുന്നവരായതിനാൽ സ്വന്തം കാര്യം നോക്കി നടക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇവിടെ ജീവിക്കാനാണ് ഇരുവരും ഏറെ ഇഷ്ടപ്പെടുന്നത്.

ഞങ്ങളിപ്പോൾ ഞങ്ങളുടേതായ സ്വകാര്യ ജീവിതം നയിക്കുകയാണ്. അതിൽ ഇടപെടാൻ ആരും വരരുതേ എന്നാണ് അപേക്ഷ– ജാസിയും ആഷിയും മനോരമ ഒാൺലൈനിനോട് പറഞ്ഞു. അതേസമയം, 'സമൂഹമാധ്യമ ആങ്ങള'മാരുടെ ശല്യം കമന്റായും മെസേജ് ആയും വരാറുണ്ടെന്നും എന്നാൽ അവരെയൊക്കെ മൈന്‍ഡ് ചെയ്യാനുള്ള സമയമില്ലെന്നും ഇരുവരും പറഞ്ഞു.

നൂറിനേയും ആദിലയെയും അവരുടെ പാട്ടിന് വിടുക അടുത്തകാലത്ത് കേരളം ചർച്ച ചെയ്ത സ്വവർഗാനുരാഗികളായ നൂർ, ആദില എന്നീ പെൺകുട്ടികള്‍ക്കൊപ്പമാണ് ജാസിയും ആഷിയും. ഇരുവരെയും അവരുടെ പാട്ടിന് വിട്ടേയ്ക്കുക എന്നാണ് രണ്ടുപേർക്കും പറയാനുള്ളത്.പരസ്പരം ഇഷ്ടപ്പെടുകയും പ്രണയിക്കുകയും ചെയ്യുന്നവരെ സമൂഹം എന്തുകൊണ്ട് മനസിലാക്കുന്നില്ല? പിരിഞ്ഞിരിക്കുമ്പോഴുള്ള അവരുടെ വേദന ഉൾക്കൊള്ളാനെന്താണ് മടി? നൂറും ആദിലയും പെണ്ണായതുകൊണ്ട് അവരെ അകറ്റുന്നത് ശരിയല്ല. ഒരാളുടെ വ്യക്തിജീവിതത്തിൽ ഇടപെടാൻ മറ്റൊരാൾക്ക് അവകാശമില്ല. പ്രത്യേകിച്ച് ലൈംഗിക ജീവിതത്തിൽ. സമാധാനവും നന്തോഷവുമുള്ള തങ്ങളുടെ ഭാവി ജിവിതമാണ് ഇരുവരും തിരഞ്ഞെടുത്തത്.

പരസ്പരം പിരിഞ്ഞുള്ള ജീവിതം ഒട്ടും വയ്യാത്ത സാഹചര്യത്തിൽ അവർ ഒന്നായിത്തീരാൻ തീരുമാനിക്കുകയായിരുന്നു. ഇനിയുള്ള കാലം ഇത്തരം വ്യക്തികളുടേത് കൂടിയാണ്. പുതിയ തലമുറയ്ക്ക് ഇൗ ജീവിതരീതി പറഞ്ഞുകൊടുക്കാൻ മാതാപിതാക്കളും അധികൃതരും തയാറാകണമെന്നാണ് ജാസിയുടെയും ആഷിയുടെയും അഭിപ്രായം. ഇരുവരെയും ബന്ധപ്പെടാനുള്ള വാട്സാപ്പ്: +971 52 447 5210.

English Summary : Life of Jasil and Ashique in UAE who went viral on tik tok with couple videos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com