വെട്ടൂർ ജി വിടപറയുമ്പോൾ നഷ്ടമാകുന്നതു ഗൾഫ് റേഡിയോ പ്രക്ഷേപണ കലയുടെ കുലപതിയെ

g-sreedharan
വെട്ടൂർ ജി. ശ്രീധരൻ
SHARE

ദുബായ്∙ റേഡിയോ പ്രക്ഷേപണ കുലപതി വെട്ടൂർ ജി. ശ്രീധരൻ വിടപറയുമ്പോൾ നഷ്ടമാകുന്നത് ഗൾഫ് റേഡിയോ പ്രക്ഷേപണ കലയുടെ കുലപതിയെയാണെന്ന് യുഎഇയിലെ റേഡിയോ പ്രവർത്തകർ അഭിപ്രായപ്പെടുന്നു. ഇന്നു റേഡിയോ പ്രക്ഷേപണ രംഗത്തു തിളങ്ങി നിൽക്കുന്ന റേഡിയോ പ്രവർത്തകരിൽ പലരുടെയും ഗുരുവും ഗുരുതുല്യനുമായിരുന്നു അദ്ദേഹം.  ന്യൂസ് എഡിറ്റർ അനൂപ് കീച്ചേരി, അദ്ദേഹത്തിന്റെ ശിഷ്യനും മാധ്യമപ്രവർത്തകനുമായ ബൈജു ഭാസ്കർ, റേഡിയോ ഏഷ്യ മുൻ പ്രക്ഷേപകനും കേരള പബ്ളിക് റിലേഷൻസ് അഡീഷണൽ ഡയറക്ടറുമായ സലിൻ മാങ്കുഴി എന്നിവർ തങ്ങളുടെ ഒാർമകൾ പങ്കിടുന്നു:

anoop-2
അനൂപ് കേച്ചേരി, ബൈജു ഭാസ്കരൻ, സലിൻ മാങ്കുഴി

രണ്ടു പതിറ്റാണ്ടിലേറെ റേഡിയോ ഏഷ്യയുടെ പ്രോഗ്രം ഡയറക്ടർ ആയിരുന്ന വെട്ടൂർജി ഒരു പുതിയ റേഡിയോ സംസ്കാരമാണ് ഗൾഫ് മലയാളികൾക്കു പകർന്നു നൽകിയതെന്നു അനൂപ് കീച്ചേരി പറഞ്ഞു. തികഞ്ഞ കലാസ്നേഹിയും നാടക എഴുത്തുകാരനുമായ വെട്ടൂർജി റേഡിയോയിൽ ഒട്ടേറെ പരീക്ഷണങ്ങളാണു നടത്തിയത്. ആകാശവാണി മാത്രം കേട്ടു പരിചയിച്ചു പ്രവാസലോകത്ത് എത്തിയ മലയാളികൾക്കു നാടിന്റെ സ്പന്ദനം ഒട്ടും തനിമ ചോരാതെ വിവിധ പരിപാടികളിലൂടെ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് . 1990 കളിൽ ആണ് യുഎഇയിൽ ആദ്യത്തെ മലയാളം റേഡിയോ ആരംഭിച്ചത്. അതിനു ശേഷം  മുതൽ റാസൽഖൈമ റേഡിയോയുടെ ഭാഗമായിരുന്നു വെട്ടൂർ ജി . ഗൾഫിലെ മലയാളം റേഡിയോ പ്രക്ഷേപണത്തിന് 30 വർഷത്തെ പഴക്കമുണ്ട്. 

anoop-keecheri-sreedharan-2

1992ൽ റാസൽഖൈമ റേഡിയോ ഒരു മണിക്കൂർ സമയത്തേക്കു മാത്രം അനുവദിച്ചതാണു മലയാളം പരിപാടികളുടെ പ്രക്ഷേപണം. റാക് റേഡിയോയില്‍ ഉറുദു പരിപാടികള്‍ സജീവമാക്കാന്‍ അന്നത്തെ വാര്‍ത്താവിതരണ വകുപ്പ് ചെയര്‍മാന്‍ നടത്തിയ ശ്രമമാണ് മലയാളത്തിലേക്കു വാതിൽ തുറന്നത്. 

റേഡിയോ ഏഷ്യ എഎം വര്‍ഷങ്ങളോളം ഗള്‍ഫില്‍ മലയാളത്തിന്റെ ഏക ശബ്ദമായി . പിന്നീ‌ട് മലയാളം പറയാന്‍ മാത്രം പത്തോളം റേഡിയോ ചാനലുകള്‍ യുഎഇയിൽ പിറവിയെടുത്തു. നിലവിൽ നാല് എഫ് എം റേഡിയോസ്റ്റേഷനുകളാണ് ഉള്ളത് . വെട്ടൂർജി കൊണ്ടുവന്ന പ്രക്ഷേപണ സംസ്കാരം പലരും പിന്തുടർന്നു. അങ്ങനെ പ്രവാസികളുടെ ചെവിയിൽ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന നാട്ടുവാർത്തകളും സംഗീതവും റേഡിയോ നാടകവുമൊക്കെയായി ഗൾഫ്‌ നാടുകളിൽ ആദ്യമായി മലയാളം റേഡിയോ അവതരിപ്പിച്ച വ്യക്തി കൂടിയാണ് ഓർമയായത്. 

anoop-keecheri-sreedharan
വെട്ടൂർ ജി ശ്രീധരനോടൊപ്പx അനൂപ് കീച്ചേരി

അറബ് നാട്ടിൽ മലയാളമെന്ന പ്രാദേശിക ഭാഷ ജൈത്രയാത്ര നടത്തുമ്പോൾ വെട്ടൂർ ജി എന്ന നാമം തങ്കലിപികളിൽ എഴുതി ചേർക്കേണ്ടതാണ് . അനുകരിക്കാൻ തന്റെ മുന്നിൽ ഒന്നും ഇല്ലാത്ത ഒരു കാലത്തയിരുന്നു തന്റെ റേഡിയോ പരീക്ഷണങ്ങൾ എന്നു വെട്ടൂർജി പറയാറുണ്ട് . റേഡിയോ ഏഷ്യ എന്ന പ്രസ്ഥാനത്തെ രണ്ടു പതിറ്റാണ്ടു നയിച്ച പ്രക്ഷേപകൻ. ഞാനുൾപ്പെടെ ഒട്ടേറെ റേഡിയോ അവതാരകരെ ഈ മേഖലയ്ക്കു സമ്മാനിച്ചിട്ടുണ്ട് . 

2011 ൽ സന്ദർശക വീസയിൽ യുഎഇയിൽ എത്തിയപ്പോഴാണ് വെട്ടൂർജിയെ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഒരു പരിപാടിക്കിടെ പരിചയപ്പെടുന്നത്. പിന്നീടു തിരുവനന്തപുരം ഓംകാർ സ്റ്റുഡിയോയിൽ നടന്ന അഭിമുഖം. അവിെട നിന്ന് ഇങ്ങോട്ടുള്ള റേഡിയോ ജീവിതത്തിൽ ഞാനെന്ന മാധ്യമ പ്രവർത്തകനെ വാർത്തെടുക്കുന്നതിൽ മുൻനിരയിൽ ഉണ്ടായ ഗുരുതുല്യനായ വ്യക്തിയാണ് എനിക്ക് വെട്ടൂർ ജി. നാടകാഭിനയവും രചനയുമൊക്കെ പഠിപ്പിച്ച വെട്ടൂർജി എന്താണു റേഡിയോ എന്നും റേഡിയോ അവതാരകൻ എങ്ങനെ ആയിരിക്കണമെന്നുമൊക്കെ മനസിലാക്കിത്തന്നു . റേഡിയോ കേൾക്കുന്നവർക്ക് കാഴ്ചകൾ സമ്മാനിക്കണമെന്നാണ് എന്നും പറയാറുള്ളത് .ഏതു  പ്രതിസന്ധിയെയും എങ്ങനെ ശാന്തമായി നേരിടണമെന്നു ജീവിതത്തിലൂടെ പഠിപ്പിക്കുന്ന ഒരു മനുഷ്യനാണ്‌ വെട്ടൂർജി. പുതിയതലമുറയിൽ പെട്ട എന്നെപ്പോലുള്ള റേഡിയോ പ്രവർത്തകർക്കു നിരവധി കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് മനസിലാക്കാനും പഠിക്കാനുമുണ്ടെന്ന് അദ്ദേഹത്തോടപ്പം ജോലിചെയ്ത ആ വേളയിൽ നേരിട്ടു ബോധ്യപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ഓർമകൾക്കു മുന്നിൽ കണ്ണീരിൽ കുതിർന്ന പ്രണാമം . 

പ്രവാസ പ്രക്ഷേപണ ഭൂമികയിലെ ഗാഫ് മരം

പ്രവാസ ഭൂമികയിലെ ഊഷര ജീവിതത്തില്‍ തെളിമഴയായി പെയ്തിറങ്ങിയ  റേഡിയോ ഏഷ്യയുടെ അമരക്കാരനായിരുന്നു വെട്ടൂര്‍ജിയെന്ന പേരില്‍ അറിയപ്പെട്ട വെട്ടൂര്‍ ജി. ശ്രീധരനെന്നു ബൈജു ഭാസ്കർ പറഞ്ഞു. 

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആകാശവാണി കേള്‍ക്കാന്‍ കാത്തിരുന്ന ഒരു ജനതയുണ്ടായിരുന്നു കേരളത്തില്‍. സമാനമായിരുന്നു തൊണ്ണൂറുകളുടെ തുടക്കത്തില്‍ റാസല്‍ഖൈമ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച റേഡിയോ ഏഷ്യയും. തൊണ്ണൂറുകളുടെ തുടക്കം ഗൾഫ് കൂടിയേറ്റം  വളരെ സജീവമായിരുന്ന കാലത്താണ്  ഗൾഫിൽ ആദ്യമായി മലയാള പ്രക്ഷേപണം ആരംഭിക്കന്നത്. ഗൾഫിലെ ആദ്യ മലയാള പ്രക്ഷേപകൻ കെ. പി .കെ. വെങ്ങരയാണെങ്കിൽ, ഗൾഫ് പ്രക്ഷേപണ രംഗത്തെ കുലപതി എന്നു വിശേഷിപ്പിക്കാവുന്നത് വെട്ടൂർജിയെയാണ്. 

കാൽ നൂറ്റാണ്ടോളം ഒരു റേഡിയോ നിലയത്തെ നയിക്കുക എന്നതു ചെറിയ കാര്യമല്ല. ഒരു മണിക്കൂറിൽ നിന്നും 24 മണിക്കൂര്‍ പ്രക്ഷേപണം എന്ന നിലയിലേയ്ക്ക് വളർന്ന റേഡിയോ ഏഷ്യ കാലത്തിനൊപ്പം നവീകരിക്കപ്പെട്ട് ഇന്നും തലയെടുപ്പോടെ നിൽക്കുന്നതിന് പിന്നിൽ വെട്ടൂര്‍ജിയെന്ന പ്രതിഭാശാലിയുടെ നേതൃത്വം പകന്നു നല്‍കിയ  കരുത്തുണ്ട്.

റേഡിയോ ഏഷ്യയിൽ വെട്ടൂർജിയുടെ ശിഷ്യരായി വന്ന് അദ്ദേഹത്തിന്‍റെ ശിക്ഷണത്തില്‍ വളര്‍ന്ന് സിനിമാ, റേഡിയോ രംഗങ്ങളിൽ ഉയരങ്ങൾ കീഴടക്കിയ നിരവധി പേരുണ്ട്. ആശാശരത്ത്, ശ്രീലക്ഷ്മി, ജയലക്ഷ്മി, ദീപാ ഗണേഷ്, സലിന്‍ മാങ്കുഴി, നിസാര്‍ സെയ്ദ്, ഗായത്രി, രതീഷ് രഘുനന്ദന്‍, അനൂപ് കീച്ചേരി തുടങ്ങി എത്രയോ പ്രതിഭകള്‍. 

തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തനവുമായി രണ്ടുവശം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ നെട്ടോട്ടമോടുന്നതിനിടെയാണ് 2007 ഏപ്രില്‍ മാസത്തില്‍ വെട്ടൂര്‍ജിയുടെ മുന്നിലെത്തുന്നത്. സഹോദരതുല്യം ഞാന്‍ സ്നേഹിക്കുന്ന സലിന്‍ മാങ്കുഴിയാണ് അതിനു നിമിത്തമായത്. വെട്ടൂര്‍ജിയുടെ ആത്മ സുഹൃത്ത് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ വക്കം ഷക്കീറും ഈയുള്ളവന് വേണ്ടി വാദിച്ചു.  വെട്ടൂര്‍ജി നല്‍കിയ ആ അവസരമാണ് പിന്നീട് എന്‍റെ ജീവിതത്തിലുണ്ടായ എല്ലാ ഉയര്‍ച്ചകള്‍ക്കും നിദാനം.

കാല്‍ നൂറ്റാണ്ടുകാലത്തെ ഐതിഹാസികമായ റേഡിയോ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയ വെട്ടൂർജി നയിച്ചത് ഒരു റിട്ടയര്‍മെന്‍റ് ലൈഫ് ആയിരുന്നില്ല. ഒരു ടിവി ചാനല്‍ തുടങ്ങുന്നതിനുള്ള ശ്രമങ്ങളുമായി അദ്ദേഹം സജീവമായിരുന്നു. ആ ശ്രമങ്ങള്‍ക്കിടെ കുമാരപുരത്തെ സംസ്കാര ടിവി ഓഫിസിലാണ് അവസാനമായി കാണുന്നത്. അന്നും 2007ല്‍ കണ്ട അതേ ചുറുചുറുക്ക്. പ്രായത്തെയും ചില ശാരീരിക പ്രശ്നങ്ങളെയും വകവയ്ക്കാതെ അവസാന കാലം വരെ കര്‍മ്മനിരതനായിരുന്നു വെട്ടൂര്‍ജി. തെറ്റുകണ്ടാൽ ശക്തമായി ശാസിക്കനും വൈകാതെ ഊഷ്മളമായി ചേർത്ത് പിടിക്കാനും കഴിയുന്ന വെട്ടൂര്‍ജിയുടെ നന്മയും സ്നേഹവും അനുഭവിക്കാത്തവര്‍ ഗള്‍ഫ് പ്രക്ഷേപണ രംഗത്തു കുറവാണ്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മറക്കാന്‍ കഴിയാത്ത വ്യക്തിത്വം. പ്രവാസ പ്രക്ഷേപണ മേഖലയില്‍ പടർന്നു പന്തലിച്ച ഗാഫ് മരമായിരുന്നു വെട്ടൂര്‍ജി. ആ സ്നേഹത്തണലില്‍ വളര്‍ന്നവര്‍ക്ക് ഈ വിയോഗം തീര്‍ക്കുന്നത് വലിയ ശൂന്യതയാണ്.

 

ജനകീയ റേഡിയോ സംസ്കാരം സൃഷ്ടിച്ചു

യുഎഇയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചിട്ട് 30 വർഷം തികയുന്ന വേളയിലാണ് ഈ രംഗത്തെ കുലപതിയും ആദ്യ കാലം മുതലേ ഗൾഫ് റേഡിയോയുടെ പ്രക്ഷേപകനുമായിരുന്ന വെട്ടൂർ ജി.ശ്രീധരൻ വിടവാങ്ങിയതെന്നു സലിൻ മാങ്കുഴി പറഞ്ഞു. പൂർവ്വമാതൃകകൾ ഒന്നും സ്വീകരിക്കാതെ സ്വന്തം നിലയിൽ ഒരു ജനകീയ റേഡിയോ സംസ്കാരം ഉണ്ടാക്കിയെടുക്കുകയും അതിൽ വൻ വിജയം നേടുകയും ചെയ്തു എന്നതാണു വെട്ടൂർജിയുടെ പ്രസക്തി. 

ജനങ്ങൾക്കു ഫോണിലൂടെ സംവദിക്കാൻ കഴിയുന്ന റേഡിയോ പരിപാടികൾ ഇന്നു സർവസാധാരണമാണ്. പത്തിരുപത്തിയെട്ട് വർഷത്തിനു മുമ്പ് ഫോൺ - ഇൻ പരിപാടി വെട്ടൂർജി സാക്ഷാത്കരിച്ചത് ഇന്നാലോചിക്കുമ്പോൾ അത്ഭുതം മാത്രമല്ല എത്രയോ മുൻപാണു താൻ സഞ്ചരിച്ചതെന്ന പ്രഖ്യാപനം കൂടിയായിരുന്നു. സിനിമാപ്പാട്ടുകളെയും സിനിമാ ശകലങ്ങളെയും ഉപയോഗിച്ച് റേഡിയോ ഏഷ്യ നിമ്മിച്ച ജനപ്രിയ പരിപാടികളൊക്കെ വെട്ടൂർ ജിയുടെ നിലപാടിന്റെയും കലാ സമീപനത്തിന്റെയും വിജയമായിരുന്നു. നാടകമായിരുന്നു വെട്ടൂർജിയുടെ തട്ടകം. അദ്ദേഹം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നിരവധി നാടകങ്ങൾ എഴുതാൻ എനിക്ക് സാധിച്ചു. റേഡിയോ ഏഷ്യയിൽ പ്രവർത്തിച്ച കാലം ഒരു പഠനകാലം പോലെ ഗുണം കിട്ടിയ കാലമാണ്. വെട്ടൂർജി പകർന്ന പാഠങ്ങൾ ഏറെ വിലപ്പെട്ടതാണ്.

തൊണ്ണൂറുകൾ മുതൽ രണ്ടായിരം വരെ ഗൾഫിൽ റേഡിയോ പ്രക്ഷേപണം ഉണ്ടാക്കിയ തരംഗം അതിശയകരമാണ്. ടെലിവിഷൻ ചാനലുകൾ സജീവമാകുന്നതിന് മുമ്പ് നാട്ടിലെ വാർത്ത അറിയാൻ റേഡിയോ ആയിരുന്നു ഏക വഴി. വാർത്തയിലും പരിപാടികളിലും വെട്ടൂർ ടച്ച് വരുത്തി.രണ്ടായിരം ആയപ്പോഴേക്കും റേഡിയോയിൽ അടിമുടി മാറ്റം വന്നു. എഫ് എം സ്റ്റേഷനുകൾ വന്നു. എന്നാലും വെട്ടൂർജി പണിത അതിശക്തമായ അടിത്തറ എല്ലാ റേഡിയോ പ്രവർത്തകരെയും പ്രചോദിപ്പിക്കുന്നു. ഇരുപത്തി ആറ് വർഷത്തിൽ പരം റേഡിയോ ഏഷ്യയുടെ ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചു. നിരവധി പേരെ പ്രക്ഷേപണ രംഗത്ത് അദ്ദേഹം കൊണ്ടുവന്നു. എക്കാലവും ഓർക്കപ്പെടേണ്ട മൗലിക സംഭാവന ഗൾഫ് പ്രക്ഷേപണ രംഗത്തിന് നൽകിയ തികഞഞ കലാകാരനാണ് വെട്ടൂർ ജി.ശ്രീധരൻ. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടം തന്നെ.ഇന്ന് പുലർച്ചെ രണ്ടിനാണ് െബംഗളുരുവിലെ സ്വകാര്യാശുപത്രിയിൽ വെട്ടൂർ ജി. ശ്രീധരൻ അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS