ADVERTISEMENT

ദുബായ് ∙ പ്ലാസ്റ്റിക ക്യാരി ബാഗിനു പകരം തുണി, പേപ്പർ സഞ്ചികൾ ഉൾപ്പടെയുള്ള ബദൽ മാർഗത്തിലേക്ക് ദുബായും. കടകളിൽ ബില്ലിനൊപ്പം ബാഗിന് 25 ഫിൽസ് ഈടാക്കി തുടങ്ങി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.  പ്ലാസ്റ്റിക്കിന് ബദലായി ഉപയോഗിക്കാവുന്ന  ബാഗുകൾ പല കടകളുടെയും കാഷ് കൗണ്ടറുകൾക്കു മുന്നിൽ സ്ഥാനം പിടിച്ചു. നിലവാരമനുസരിച്ച് ഇതിന് പല വിലയാണ് ഈടാക്കുന്നത്. കയ്യും വീശി കടയിൽ പോയാൽ കീശ കീറും കടകളിൽ നിന്ന് പേപ്പർ ബാഗുകൾ സൗജന്യമായി നൽകാനും അനുവദിക്കില്ല.

25-fils-for-carry-bags-dubai-2

ഉപയോക്താക്കളിൽ നിന്ന് തുക ഈടാക്കണം എന്നതാണ് വ്യവസ്ഥ. ബാഗുകളുമായി സാധനങ്ങൾ വാങ്ങാൻ എത്തുന്നതിന് ഉപയോക്താവിനെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. 57 മൈക്രോ മീറ്ററിൽ താഴെ കനം ഒരോ ബാഗിനും വേണം എന്നാണ് മറ്റൊരു നിബന്ധന. രണ്ടു വർഷത്തിനുള്ളിൽ പ്ലാസ്റ്റിക്കിന് പൂർണ നിരോധനം ഏർപ്പെടുത്തുന്നതു വരെ ഈ നടപടി തുടരും. ഇതിന്റെ പുരോഗതിയും പല ഘട്ടങ്ങളായി അധികൃതർ വിലയിരുത്തും. ഓരോ ഉപഭോക്താവിനും വിൽക്കാവുന്ന ബാഗുകളുടെ എണ്ണത്തിന് പരിധിയില്ല, എന്നാൽ സാധനങ്ങൾ പായ്ക്ക് ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും ബാഗുകളുടെ ഉപയോഗം യുക്തിസഹജമാക്കുന്നതിന് ജീവനക്കാർക്ക് പരിശീലനം നൽകണമെന്നും വ്യവസ്ഥയുണ്ട്.

ബാഗ് കീറിയാൽ മാറ്റിനൽകും

സർക്കാർ നിർദേശം പാലിച്ച് 25 ഫിൽസ് ഈടാക്കിത്തുടങ്ങിയതായി ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ സലീം അറിയിച്ചു. പുനരുപയോഗിക്കാവുന്ന തുണി, ചണം ബാഗുകളും പുറത്തിറക്കിയതായി അദ്ദേഹം പറഞ്ഞു. രണ്ടു ദിർഹം മുതൽ ഏഴു ദിർഹം വരെ വിലയിലുള്ള ബാഗുകളുണ്ട്. ഇവ ഒരിക്കൽ വാങ്ങിയാൽ മതി. ഇവക്ക് കീറലോ പൊട്ടലോ സംഭവിച്ചാലും മാറി നൽകും. ലുലുവിന്റെ എല്ലാ ഷോപ്പുകളിലും ഇവ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.

ഇനി മറക്കില്ല

കടകളിൽ വിവിധ തരം പുതിയ ബാഗുകൾ കണ്ടപ്പോഴാണ് ഇതേക്കുറിച്ച് ഓർത്തതെന്ന് മുതുകുളം സ്വദേശി എബി വഴിക്കുളങ്ങര പറഞ്ഞു. പലരും ഓഫിസിൽ നിന്ന് നേരിട്ട് വന്ന് സാധനം വാങ്ങി പോകുന്നവരാണ്. പലപ്പോഴും ബാഗ് കരുതാറില്ല.  എന്നാൽ രണ്ടു ദിർഹം മുതൽ ഏഴര ദിർഹം വരെയുള്ള ബാഗുകൾ വാങ്ങുമ്പോൾ ഇനി മുതൽ ആളുകൾ കൂടുതൽ ശ്രദ്ധിക്കുമെന്നും ചൂണ്ടിക്കാട്ടി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബായ് കാൻ നടപ്പാക്കിയ പദ്ധതി പ്രകാരം വെറും നൂറു ദിനം കൊണ്ട് ഒറ്റത്തവണ ഉപയോഗിക്കുന്ന പത്തുലക്ഷം വെള്ളക്കുപ്പികൾ ശേഖരിച്ച് ഇല്ലാതാക്കാൻ സാധിച്ചിരുന്നു. യുഎഇയിലെ ആദ്യ പ്ലാസ്റ്റിക് പുനരുപയോഗ ആപ്പായി റീകാപ്പ് മുഖേന നടത്തിയ പദ്ധതി വഴി ജനുവരി 2021 മുതൽ 300 ടൺ പ്ലാസ്റ്റിക്കും അലൂമിനിയം കാനുകളും മാലിന്യങ്ങളിൽ നിന്ന് വേർതിരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾ മണ്ണിൽ അലിയാൻ 400 വർഷവും അവയുടെ ദോഷഫലങ്ങൾ ഇല്ലാതാകാൻ ആയിരക്കണക്കിന് വർഷവും എടുക്കും. രാജ്യത്തെ കടൽത്തീരങ്ങളിൽ ചത്ത കടലാമകളിൽ 86 ശതമാനവും ജെല്ലിഫിഷാണെന്ന് കരുതി പ്ലാസ്റ്റിക് വസ്തുക്കളാണ് ഭക്ഷിച്ചതെന്ന്  പ്രാദേശിക അതോറിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക്കിന്റെ ഞെട്ടിക്കുന്ന കണക്ക്

യുഎഇയിൽ ഒരു സാധാരണ ഒരു വ്യക്തി വർഷം 11845 പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുമെന്നാണ് ദ് വേൾഡ് ഗവൺമന്റ് ഉച്ചകോടി റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാജ്യാന്തര തലത്തിൽ ഇത് വെറും 307 ആണെന്ന് അറിയുമ്പോഴാണ് ഇതിന്റെ ഗൗരവം മനസ്സിലാകുന്നത്.

English Summary : Dubai implements 25 fils tariff for single-use carry bags from July 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com