ADVERTISEMENT

ദോഹ∙വിദേശയാത്ര നടത്തുന്ന രാജ്യത്തെ സ്വദേശികളും പ്രവാസി താമസക്കാരും ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾ ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമിഗ്രേഷൻ കൗണ്ടറുകളിലെ തിരക്കിലേക്ക് പ്രവേശിക്കാതെ സമയം ലാഭിക്കാൻ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാണ് ഇ-ഗേറ്റ്.

 

പരമാവധി രണ്ട് മിനിറ്റിനുള്ളിൽ ഇ-ഗേറ്റിലെ നടപടികൾ പൂർത്തിയാകും. യാത്രക്കാരുടെ വിരലടയാളം, കണ്ണിന്റെ സ്‌കാൻ, വ്യക്തിഗത യാത്രാ രേഖ എന്നിവ ഉപയോഗിച്ചാണ് ഇ-ഗേറ്റിന്റെ പ്രവർത്തനം. ഇ-ഗേറ്റുകൾ സൗജന്യമായി തന്നെ ഉപയോഗിക്കാം. വിമാനത്താവളത്തിലെ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിലായി ഏതാണ്ട് നാൽപ്പതിലധികം ഇ-ഗേറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

 

18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ അനുമതിയുള്ളു. കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾ പക്ഷേ ഇമിഗ്രേഷൻ കൗണ്ടറിലെത്തി വേണം നടപടികൾ പൂർത്തിയാക്കാൻ.

 

ഇ-ഗേറ്റ് തുറക്കാം; അനായാസം

 

∙18 വയസ്സിന് മുകളിലുള്ള രാജ്യത്തെ പ്രവാസികൾക്കും സ്വദേശികൾക്കും ഖത്തർ ഐഡി അല്ലെങ്കിൽ പാസ്‌പോർട്  ഉപയോഗിച്ച് ഇ-ഗേറ്റ് സേവനം പ്രയോജനപ്പെടുത്താം.

 

∙ഇതുവരെ ഇ-ഗേറ്റുകൾ ഉപയോഗിക്കാത്തവർ ടെർമിനലുകളിൽ ഇ-ഗേറ്റുകളോടു ചേർന്നുള്ള പാസ്‌പോർട് ഓഫിസിലെത്തി ഐഡി കാർഡ് ഉപയോഗിച്ച് ഇ-ഗേറ്റ് ഉപയോഗിക്കാനുള്ള സേവനം പ്രവർത്തനക്ഷമമാക്കാം. റജിസ്‌ട്രേഷൻ സേവനം തികച്ചും സൗജന്യമാണ്.

 

∙രാജ്യത്തിന് പുറത്തു പോകുമ്പോൾ പ്രവാസികൾക്ക് ഇ-ഗേറ്റിൽ പാസ്‌പോർട് അല്ലെങ്കിൽ ഖത്തർ ഐഡി ഉപയോഗിക്കാം. എന്നാൽ രാജ്യത്തേക്ക് മടങ്ങി വരുമ്പോൾ പ്രവാസികൾ പാസ്‌പോർട് വേണം ഉപയോഗിക്കാൻ.

 

∙ഇ-ഗേറ്റിലെ പ്രവേശന കവാടത്തിലെ ഇ-റീഡറിൽ യാത്രാ രേഖ (പാസ്‌പോർട്ടോ ഐഡിയോ) കൃത്യമായി വയ്ക്കുമ്പോൾ രേഖകളിലെ വിവരങ്ങൾ കാർഡ് റീഡ് ചെയ്യുന്നതോടെ ഗ്രീൻ ലൈറ്റ് തെളിയുകയും ഉള്ളിലേക്ക് പ്രവേശിക്കാനുള്ള ഗേറ്റ് തുറക്കുകയും ചെയ്യും.

 

∙ഇ-ഗേറ്റിലെ നടുവിലത്തെ ഗേറ്റ് തുറക്കുമ്പോൾ ഉടൻ അകത്ത് പ്രവേശിച്ച് ഗേറ്റിലെ റീഡറിൽ വിരലടയാളം(ഇ-ഗേറ്റ് സംവിധാനത്തിൽ റജിസ്റ്റർ ചെയ്തപ്പോൾ ഉപയോഗിച്ച വിരലടയാളം) പതിപ്പിച്ചോ ക്യാമറയ്ക്ക് നേർക്ക് നിന്ന് കണ്ണ് സ്‌കാൻ ചെയ്‌തോ പുറത്തു കടക്കാനുള്ള അനുമതി തേടാം. വിവരങ്ങൾ കൃത്യമെങ്കിൽ ഗ്രീൻ ലൈറ്റ് തെളിയുകയും ഇ-ഗേറ്റിന് പുറത്തു കടക്കാനുള്ള ഗേറ്റ് തുറക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com