ADVERTISEMENT

സൊഹാർ ∙ മസ്കത്തിൽ നിന്നു പുറപ്പെട്ടു നാലര മണിക്കൂർ കൊണ്ട് സമ പ്രായമായ സ്കൂട്ടറുമായി  ഇബ്രാഹിം ബിലാലും മുഹമ്മദ് അഫ്സലും സൊഹാറിലെത്തി. കൊടും ചൂടിൽ 22 വർഷം പഴക്കമുള്ള സ്കൂട്ടറുമായി അറേബ്യൻ മണ്ണിൽ യാത്രക്കിറങ്ങുമ്പോൾ ബജാജ് ചേതക് എന്ന പഴയ റോഡ് രാജാവിനോടുള്ള വിശ്വാസം മാത്രമാണ് ഇവരുടെ കൈമുതൽ. മധ്യപൂർവദേശത്ത് മുഴുവൻ ചേതക് സ്‌കൂട്ടറിൽ കറങ്ങാനിറങ്ങിയ ബിലാലും അഫ്സലും ജിസിസിയിൽ പര്യടനം തുടരുകയാണ്‌.

യുഎഇ യാത്ര പൂർത്തിയാക്കി സംഘം ഒമാനിലെത്തി. വീണ്ടും യുഎഇയിലേക്ക് മടങ്ങും. അവിടുന്ന് ഖത്തറിലേക്കും പോകാനാണ് ഇവരുടെ ഇപ്പോഴത്തെ പ്ലാൻ. സന്ദർശിക്കാനുള്ള രാജ്യങ്ങളുടെ പട്ടിക ഏറെയുണ്ട് ഇവരുടെ കയ്യിൽ. സാധാരണ ബൈക്ക് റൈഡർമാർക്ക് ലഭിക്കുന്നതിലേറെ സ്വീകാര്യത അഫ്സലിനും ബിലാലിനും ലഭിക്കുന്നത് അവരുടെ കയ്യിലുള്ള സ്കൂട്ടർ കാരണമാണ്. നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമായ ചേതക് സ്‌കൂട്ടർ തന്നെ യാത്രയ്ക്ക് തിരഞ്ഞെടുത്തത് റിസ്ക് എടുത്തുള്ള യാത്രയാകണമെന്ന ഒറ്റ കാരണത്തിലാണെന്നു ഇവർ പറയുന്നു.

Indian-duo-scooter-oman4

ഈ യാത്രയുടെ ത്രിൽ സ്വയം അനുഭവിക്കുകയും ആ അനുഭവം മറ്റുള്ളവർക്ക് പാഠമാകാൻ യുട്യൂബിലൂടെ മറ്റുള്ളവരുടെ മുന്നിൽ എത്തിക്കുകയുമാണ് ഇവർ. ആത്മവിശ്വാസം ഉണ്ടെങ്കിൽ ഒരു യാത്രയ്ക്ക് ഏതു തരം വാഹനവും ഉപയോഗിക്കാം എന്ന അനുഭവവുമാണ് ‌പഠിപ്പിക്കുന്നത്.

സൊഹാറിലെ കോഴിക്കോടൻ മക്കാനി ഹോട്ടൽ പരിസരത്തൊരുക്കിയ സ്വീകരണത്തിൽ നിരവധി പേർ പങ്കെടുത്തു. ബദറുൽ സമ സൊഹാർ ബ്രാഞ്ച് തലവൻ മനോജ്‌, കെഎംസിസി സൊഹാർ പ്രസിഡന്റ് ബാവ ഹാജി എന്നിവർ ബോക്കെ നൽകി സ്വീകരിച്ചു. മക്കാനി ഹോട്ടൽ ഉടമകളായ റാഷിദ്‌, വാഹിദ് എന്നിവർ ഇരുവരേയും പൊന്നാട അണിയിച്ചു. ചടങ്ങിൽ റിയാസ്, ഡോ. ആസിഫ്, സിറാജ് കാക്കൂർ എന്നിവർ പങ്കെടുത്തു. ബിലാലിന്റെയും അഫ്സലിന്റെയും ചിത്രങ്ങൾ പതിച്ച കേക്ക് വേദിയിൽ മുറിക്കുകയും ചെയ്തു.

Indian-duo-scooter-oman

ഒമാൻ യാത്രയിൽ അനുഭവിക്കാൻ കഴിയുന്ന ശാന്തത തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് ബിലാലും അഫ്സലും പറയുന്നു. ‘ഒരു യാത്ര കൊണ്ട് നേടാൻ കഴിയുന്ന അറിവ് പറഞ്ഞറിയിക്കാൻ സാധിക്കില്ല. യാത്ര ഇഷ്ടപ്പെടുന്നവരാണെങ്കിൽ കിട്ടുന്ന വാഹനത്തിൽ  ആവുന്നടുത്തോളം യാത്ര ചെയ്യുക’ ഇതാണ് യാത്രയ്ക്ക് തയാറെടുക്കുന്നവരോട് അഫ്സലിനും ബിലാലിനും പറയാനുള്ളത്.

കാസർകോട് നയാന്മാർമൂലയാണ് ഇവരുടെ സ്വദേശം. പ്ലസ് ടു വിദ്യാർഥികളാണ് ഇരുവരും. രണ്ടു ദിവസം സൊഹാറിൽ കറങ്ങി  ദുബായിലേക്കുള്ള യാത്ര തുടരും.

English Summary: indian duo ride on 22 yr old scooter oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com