ADVERTISEMENT

ദോഹ∙ അവധിയാഘോഷങ്ങൾക്ക് രാജ്യത്തിന് പുറത്തു പോകുന്നവർ വിദേശത്തും കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കാൻ മറക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഇന്നലെയാണ് ബക്രീദ്, മധ്യവേനൽ അവധിയാഘോഷങ്ങൾക്ക് രാജ്യത്തിന് പുറത്തുപോകുന്നവർക്കായി മന്ത്രാലയം കോവിഡ് മുൻകരുതൽ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്.

 

സമീപ ആഴ്ചകളിലായി ഖത്തറിൽ ഉൾപ്പെടെ ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും ഉയർന്നു തുടങ്ങിയ സാഹചര്യത്തിലാണ് വിദേശ യാത്ര നടത്തുന്നവർ കോവിഡ് അപകട സാധ്യതകൾ ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശം.

 

വിദേശയാത്രയ്ക്ക് പോകുന്നവർ മാത്രമല്ല കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും രാജ്യത്തെ എല്ലാ ജനങ്ങളും സ്വയം സുരക്ഷിതമാകാനും മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും മുൻകരുതലുകൾ പാലിക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഫെയ്‌സ് മാസ്‌ക് ഉൾപ്പെടെയുള്ള മുൻകരുതലുകളും സ്വീകരിക്കണം.

 

വിദേശയാത്രാ മാർഗനിർദേശങ്ങൾ

 

1. കോവിഡ് നയങ്ങളും നിയന്ത്രണങ്ങളും

 

∙സന്ദർശിക്കുന്ന രാജ്യത്തെ കോവിഡ് യാത്രാ, ക്വാറന്റീൻ നയങ്ങളും നിയന്ത്രണങ്ങളെയും കുറിച്ച് അറിയുകയും അവ പാലിക്കുകയും വേണം. വാക്‌സിനേഷൻ സ്റ്റേറ്റസ്, കോവിഡ് പരിശോധന തുടങ്ങിയ വ്യവസ്ഥകൾ എല്ലാം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. 

 

∙ഖത്തറിലേക്ക് മടങ്ങിയെത്തുമ്പോൾ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പരിശോധനാ, ക്വാറന്റീൻ വ്യവസ്ഥകളും പാലിക്കണം. ഇതു സംബന്ധിച്ച മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ അപ്‌ഡേറ്റുകൾ യഥാസമയങ്ങളിൽ അറിഞ്ഞിരിക്കണം. 

 

∙കോവിഡ് വാക്‌സീൻ എല്ലാ ഡോസുകളും എടുത്തെന്ന് ഉറപ്പാക്കണം. അർഹരായവർ യാത്രയ്ക്ക് മുൻപ് ബൂസ്റ്റർ ഡോസ് എടുക്കുന്നത് കൂടുതൽ സുരക്ഷ നൽകും. 

 

2. യാത്രകളിൽ പാലിക്കേണ്ട കോവിഡ് മുൻകരുതലുകൾ

 

∙കൈകൾ പതിവായി സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച്  വൃത്തിയാക്കി സൂക്ഷിക്കുക.

 

∙മറ്റുള്ളവരെ അഭിവാദ്യം ചെയ്യുമ്പോൾ ഹസ്തദാനം, ചുംബനം എന്നിവ ഒഴിവാക്കുക, ശാരീരിക സമ്പർക്കം ഒഴിവാക്കി മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കണം.

 

∙തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായയും ടിഷ്യൂ പേപ്പറോ തുണിയോ കൊണ്ട് അടച്ചു പിടിക്കണം. ടിഷ്യൂ പേപ്പറും തുണിയും ഉപയോഗ ശേഷം  മാലിന്യപ്പെട്ടിയിൽ നിക്ഷേപിക്കണം.

 

∙അടഞ്ഞ പൊതുസ്ഥലങ്ങൾ, തിരക്കേറിയ ഇൻഡോർ വേദികൾ എന്നിവിടങ്ങളിൽ ഫെയ്‌സ് മാസ്‌ക് ധരിക്കണം. നിങ്ങൾക്ക് ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇത്തരം രോഗലക്ഷണങ്ങളുള്ളവരുടെ അടുത്ത് നിൽക്കുമ്പോഴും മാസ്‌ക് ധരിക്കണം.

 

∙ഒത്തുചേരലുകളും തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്രകളും ഒഴിവാക്കുക. പ്രത്യേകിച്ചും വായുസഞ്ചാരം കുറവായ ഇടങ്ങളിൽ ഒത്തുകൂടൽ കഴിവതും ഒഴിവാക്കണം.

 

∙സാധ്യമെങ്കിൽ യാത്രക്കാർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ടു വേണം യാത്ര ചെയ്യാൻ.

 

50 വയസ്സിന്  മുകളിലുള്ളവർക്ക് നാലാമത് ഡോസ്

 

ദോഹ∙രാജ്യത്ത് നിശ്ചിത വിഭാഗം ആളുകൾക്ക് കോവിഡ് വാക്‌സീൻ നാലാമത്തെ ഡോസ് ലഭ്യമെന്ന് അധികൃതർ. 50 വയസോ അതിനു മുകളിലോ പ്രായമുള്ളവർക്കും കോവിഡ് അപകടസാധ്യത കൂടുതലുള്ള വിട്ടുമാറാത്ത രോഗമുള്ളവർക്കുമാണ് വാക്‌സീൻ നാലാമത്തെ ഡോസ് നൽകുന്നത്. വിട്ടുമാറാത്ത രോഗമുള്ളവരിൽ കോവിഡ് സാധ്യത കൂടുതൽ ആയതിനാൽ വാക്‌സീൻ നൽകുന്നതിൽ പ്രായം കണക്കിലെടുക്കില്ല.

 

കോവിഡ് ബൂസ്റ്റർ ഡോസ് (മൂന്നാമത്തെ ഡോസ്) എടുത്ത് 4 മാസം കഴിഞ്ഞവർക്കും കോവിഡ് മുക്തരായി 4 മാസം കഴിഞ്ഞവർക്കുമാണ് നാലാമത്തെ വാക്‌സീൻ ഡോസ് നൽകുന്നത്. ഈ വർഷം മാർച്ച് മുതലാണ് രാജ്യത്ത് നാലാമത്തെ വാക്‌സീൻ ഡോസ് വിതരണം തുടങ്ങിയത്. അർഹരായ എല്ലാവരും ബൂസ്റ്റർ ഡോസ് എടുക്കാൻ വിമുഖത കാട്ടരുതെന്നു പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചു. കോവിഡ് വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തിൽ കൂടുതൽ ആയ 12 വയസ്സിന് മുകളിൽ പ്രായമുള്ളവർ ബൂസ്റ്റർ ഡോസിന് യോഗ്യരാണ്.

 

നിലവിൽ ഫൈസർ വാക്‌സീൻ ബൂസ്റ്റർ ഡോസ് 12 വയസ്സിന് മുകളിലും മൊഡേണ 18 വയസ്സിന് മുകളിലും പ്രായമുള്ളവർക്കാണ് നൽകുന്നത്. രാജ്യത്തെ 28 പ്രാഥമിക ഹെൽത്ത് സെന്ററുകളിലും ബു ഗാണിലെ ഖത്തർ വാക്‌സിനേഷൻ സെന്ററിലും വാക്‌സിനേഷൻ സൗകര്യമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com