ADVERTISEMENT

കുവൈത്ത് സിറ്റി∙ ക്യാമറയെയും ദൃശ്യങ്ങളെയും അഗാധമായി പ്രണയിച്ച ഫൊട്ടോഗ്രഫറാണ് ഇന്നലെ കോഴിക്കോട്ട് അന്തരിച്ച ഗഫൂർ മൂടാടി. സർക്കാർ സ്ഥാപനമായ കുവൈത്ത് ശാസ്ത്ര ഗവേഷണ സ്ഥാപനത്തിലെ (കിസ്ർ) മുഖ്യ ഫൊട്ടോഗ്രഫർ എന്നതിലുപരി കർമ്മോത്സുകനായ പ്രസ് ഫൊട്ടോഗ്രഫർ.

ഇതായിരുന്നു മലയാളി സമൂഹത്തിനിടയിൽ ഗഫൂറിന്റെ സ്ഥാനം. ജോലി തേടി കുവൈത്തിൽ എത്തുന്നതിനും മുൻപെ സ്വദേശമായ കൊയിലാണ്ടിയിൽ സ്റ്റുഡിയോ ഫൊട്ടോഗ്രഫിയുമായി ബന്ധപ്പെട്ടായിരുന്നു ജീവിതം. കുവൈത്തിൽ എത്തിയ ശേഷവും ക്യാമറ താഴെ വച്ചില്ല.

മൂന്നരപതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിനിടയിൽ, ദൃശ്യമികവുള്ള ഫൊട്ടോഗ്രഫർ എന്ന പേര് സമ്പാദിച്ച ഗഫൂറിന്റെ ചിത്രങ്ങൾ ഒന്നിനൊന്നു മെച്ചം. വ്യത്യസ്ത കൊണ്ടു കാഴ്ചക്കാരുടെ ഹൃദയം കവർന്നു ഗഫൂർ പകർത്തി ഓരോ ദൃശ്യങ്ങളും. ‘കിസ്റി‘നു വേണ്ടി കുവൈത്തിലെ കടലിലും കരയിലും ക്യാമറയുമായി നീങ്ങിയ ഗഫൂർ മരുഭൂമിയിലെയും സമുദ്രത്തിലെയും വിവിധ ജീവികളെയും ക്യാമറയിൽ പകർത്തി.

മലയാളികളുടെ പൊതു പരിപാടികളിലെല്ലാം പത്ര ഫൊട്ടോഗ്രഫർ എന്ന നിലയിൽ സജീവ സാന്നിധ്യമായിരുന്നു ഗഫൂർ മൂടാടി. അഞ്ചും ആറും പരിപാടികൾ വരെ ഒരേ സമയത്ത് വിവിധയിടങ്ങളിൾ അരങ്ങേറിയിരുന്ന കാലത്ത് ഓരോയിടത്തും കുതിച്ചെത്തി മെച്ചപ്പെട്ട ചിത്രം പകർത്താൻ തിടുക്കം കാണിച്ചു. ഓണസദ്യകളാൽ സമ്പന്നമായ ചില ദിനങ്ങളിൽ നാലഞ്ച് പരിപാടികളിൽ സംബന്ധിച്ചിട്ടും ഉച്ചയൂണ് കഴിക്കാൻ ഗഫൂർ മറന്നുപോയിട്ടുണ്ട്.

4 വർഷത്തോളമായി വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട് നാട്ടിലും കുവൈത്തിലും ആശുപത്രികൾ കയറിയിറങ്ങുകയായിരുന്നു. പക്ഷേ, അപ്പോഴും ക്യാമറ താഴെവയ്ക്കാൻ തയാറായില്ല. ഏറ്റവും നൂതനമായ ക്യാമറ വരെ ഉപയോഗിച്ചിരുന്ന ഗഫൂർ ഫൊട്ടോഗ്രഫിയിലെ മാറ്റങ്ങളെക്കുറിച്ചു നിരന്തര പഠനം നടത്തുമായിരുന്നു. കാലത്തിനു മായ്ക്കാൻ കഴിയാത്ത ഒട്ടേറെ ചിത്രങ്ങൾ സമ്മാനിച്ചാണ് ഈ ഫൊട്ടോഗ്രഫർ ഓർമയായത്.

അനുശോചിച്ച് പ്രമുഖർ 

കുവൈത്ത് സിറ്റി∙ കുവൈത്തിലെ പ്രമുഖ ഫൊട്ടോഗ്രഫർ ഗഫൂർ മൂടാടിയുടെ (അബ്ദുൽഗഫൂർ) ആകസ്മിക നിര്യാണത്തിൽ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അനുശോചിച്ചു. കുവൈത്തിലെ സാമൂഹിക, സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ഗഫൂറിന്റെ വിയോഗത്തിൽ കെഎംസിസി ഉൾപ്പെടെ കെഎംസിസി ഉൾപ്പെടെ വിവിധ സംഘടനകളും അനുശോചിച്ചു.  മലയാള മനോരമയിലും ഗഫൂറിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പൊടിപടലങ്ങൾ നിറഞ്ഞ് ഓറഞ്ച് നിറത്തിലേക്കു മാറിയ കുവൈത്തിന്റെ ദൃശ്യമാണ് ഏറ്റവും ഒടുവിൽ (മേയ് 25ന്) മനോരമയിൽ പ്രസിദ്ധീകരിച്ച ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com