ADVERTISEMENT

അബുദാബി ∙ കടുത്ത ചൂടിനു കുളിരായി അബുദാബിയിലും അൽഐനിലും കനത്ത മഴ. ദുബായിലെ ചിലയിടങ്ങളിൽ ചാറ്റൽ മഴ പെയ്തു. ഇന്നലെ രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു യുഎഇയിലെങ്ങും. ഉച്ചയോടെ  അബുദാബിയിലും അൽഐനിലും ഇടിയുടെ അകമ്പടിയോടെ ആരംഭിച്ച മഴ ചിലയിടങ്ങളിൽ വൈകിട്ടും തുടർന്നു. പല റോ‍ഡുകളും വെള്ളത്തിലായി.

 

കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് നഗരസഭാ ഉദ്യോഗസ്ഥർ പമ്പ് ചെയ്തു മാറ്റി. ഇതേസമയം താമസ കേന്ദ്രങ്ങൾക്കു സമീപത്തെ വെള്ളക്കെട്ട് കുട്ടികളെ ആവേശത്തിലാക്കി. കൊടും ചൂടിൽ മഴ നനഞ്ഞും വെള്ളത്തിൽ ചാടിമറിഞ്ഞും പ്രവാസി ബാല്യങ്ങൾ മഴ ആഘോഷമാക്കി. സർ ബനിയാസ്, അൽ ഷവാമെക് ഭാഗങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. ഇതേസമയം ദുബായിലെ ഷെയ്ഖ് സായിദ് റോഡ്, ഗർഹൂദ്, ഖവാനീജ് തുടങ്ങി ചില പ്രദേശങ്ങളിൽ ചാറ്റൽ മഴ പെയ്തു.

musafa-rain
മഴയിൽ താമസ സ്ഥലത്തിനു സമീപം രൂപപ്പെട്ട വെള്ളക്കെട്ടിൽ കളിക്കുന്ന മലയാളി കുട്ടികൾ. മുസഫ ഷാബിയ 12ൽ നിന്നുള്ള ദൃശ്യം.

 

ചൊവ്വാഴ്ചയും അൽഐനിൽ ശക്തമായ മഴ ലഭിച്ചിരുന്നു. അൽഹിലി, മസാകിൻ, അൽഷിക് ല തുടങ്ങി ഭാഗങ്ങളിലാണ് കനത്ത മഴ ലഭിച്ചത്.  മഴയിൽ ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയ കാലാവസ്ഥയിൽ വേഗപരിധി 80 കി.മീ ആയി കുറച്ചതറിയാതെ വാഹനമോടിച്ച  പലർക്കും പിഴ ലഭിച്ചു. മഴ പെയ്തതോടെ താപനില കുറഞ്ഞു.

 

നേരത്തെ 50 ഡിഗ്രി വരെ റിപ്പോർട്ട് ചെയ്തിരുന്ന താപനില 2 ദിവസങ്ങളിലായി മഴ പെയ്തതോടെ 39–42 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു. ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് തെക്കുകിഴക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

ഇന്നു മുതൽ ഞായർ വരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മഴ പെയ്യാൻ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com