ADVERTISEMENT

ദോഹ∙തൽസമയ വിനോദ പരിപാടികളും വിസ്മയിപ്പിക്കുന്ന ഷോകളുമായി രാജ്യത്തുടനീളമായുള്ള ഷോപ്പിങ് മാളുകൾ സജീവം. രാജ്യത്തെ ജനങ്ങൾക്ക് ഈദ്, വേനൽ അവധി ചെലവിടാൻ ഏറ്റവും മികച്ച ആസ്വാദനം ഉറപ്പാക്കി തന്നെയാണു മാൾ ഓഫ് ഖത്തർ, ദോഹ ഫെസ്റ്റിവൽ സിറ്റി ഉൾപ്പെടെയുള്ള മാളുകളിൽ വൈകുന്നേരങ്ങളിൽ വിനോദ പരിപാടികളും അക്രോബാറ്റിക് ഷോകളും നടക്കുന്നത്.

കുട്ടികളുടെയും കുടുംബങ്ങളുടെയും തിരക്കാണ് എല്ലായിടങ്ങളിലും. ആഫ്രിക്കൻ സർക്കസ് മുതൽ ഹെന്ന ഡിസൈനിങ് വരെ വൈവിധ്യമായ പരിപാടികളാണു നടക്കുന്നത്. കുട്ടികളെ രസിപ്പിക്കാൻ കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ പൊയ്ക്കാൽ കലാകാരന്മാരെയും  മാളുകളിൽ കാണാം. കുട്ടികളിലെ സർഗശേഷി പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ശിൽപശാലകളും മറ്റുമാണ് മിക്കയിടങ്ങളിലും നടക്കുന്നത്. അടുത്തിടെ പ്രവർത്തനം ആരംഭിച്ച പ്ലേസ് വെൻഡോം മാളിലും സന്ദർശക തിരക്കേറി.

tree
ദോഹ നഗരസഭ കുട്ടികൾക്കായി നടത്തിയ കാർഷിക ബോധവൽക്കരണ പരിപാടി.

ഷോപ്പിങ് മാളുകളിലെ റീട്ടെയ്ൽ ശാലകൾ ഈദ് ഓഫറുകളുമായാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. എല്ലായിടങ്ങളിലും ഷോപ്പിങ് വിപണികളും സജീവമാണ്. അതേസമയം കത്താറയിൽ കുട്ടികൾക്കുള്ള ശിൽപശാലകൾ ഉൾപ്പെടെയുള്ള ഈദ് ആഘോഷങ്ങൾ സമാപിച്ചു. ശിൽപശാലകളിൽ നൂറു കണക്കിന് കുട്ടികളാണ് പങ്കെടുത്തത്.

നാടകങ്ങളും അൽതുറായ പ്ലാനിറ്റേറിയത്തിൽ നടന്ന സിനിമ പ്രദർശനം കാണാനും  കാണികൾ ഏറെയുണ്ടായിരുന്നു. കത്താറയിലെ ആഘോഷങ്ങളുടെ പ്രധാന ആകർഷണമായിരുന്ന വെടിക്കെട്ട്  പ്രദർശനം ഇത്തവണ ഇല്ലാതിരുന്നത് സന്ദർശകരെ നിരാശപ്പെടുത്തിയിരുന്നു. ദോഹ നഗരസഭയിലെ പബ്ലിക് പാർക്ക് വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി  നടന്ന കാർഷിക ബോധവൽക്കരണ, വിനോദ പരിപാടികളും മികച്ച പങ്കാളിത്തത്തിലാണ് സമാപിച്ചത്.

ഈദിന്റെ ആദ്യ 3 ദിവസങ്ങളിലായി നടന്ന പരിപാടികളിൽ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിൽ  ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രായോഗിക സെഷനുകളും നടന്നു. വിനോദ പരിപാടികൾക്ക് പുറമെ മത്സരങ്ങളും അരങ്ങേറി. രാജ്യത്തെ  ഹോട്ടലുകളിൽ അവധിക്കാലം ചെലവിടുന്നവരിൽ രാജ്യത്തെ താമസക്കാരും ഉൾപ്പെടുന്നു.

വിദേശരാജ്യങ്ങളിലേക്ക് അവധി ചെലവിടാൻ പോകാത്തവർ ഖത്തറിലെ റിസോർട്ടുകളിലും മറ്റുമാണ് അവധി ആഘോഷിക്കുന്നത്. രാജ്യത്തെ താമസക്കാർക്കായി പ്രത്യേക ഓഫറുകളും ഡിസ്‌ക്കൗണ്ടുകളും ഉൾപ്പെട്ട പാക്കേജാണ് ഹോട്ടലുകൾ നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com