ADVERTISEMENT

ദുബായ് ∙ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമില്ലാതെ തന്നെ നഴ്സുമാർക്ക് യുഎഇയിൽ ജോലിയിൽ പ്രവേശിക്കാമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യയിൽ നഴ്സിങ് പാസായി നിൽക്കുന്നവരും യുഎഇയിൽ ജോലി തേടിയെത്തിയവരുമായ നഴ്സുമാരും മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ/ ടെക്നോളജിസ്റ്റുമാരും. യുഎഇയിൽ ജോലി ലഭിക്കാൻ നേരത്തെ 2 വർഷത്തെ പ്രൃത്തിപരിചയവും യുഎഇ ആരോഗ്യവിഭാഗത്തിന്‍റെ എഴുത്തുപരീക്ഷയും പാസാകണമായിരുന്നു. ഇൗ നിബന്ധന ഒഴിവാക്കിയത് യുഎഇയിലേക്ക് ജോലി തേടി വരാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമായി.‌

 

പ്രവൃത്തിപരിചയത്തിൽ വിടവുണ്ടായാൽ

tibin
ടിബിൻ മാത്യു

 

നഴ്സിങ് പാസായി പ്രവ‍ൃത്തി പരിചയത്തിൽ 2 വർഷത്തിലേറെ വിടവ് വന്നിട്ടുണ്ടെങ്കിൽ അവർ നാലു മാസത്തെ പരിശീലനവും 40 സിഎംഎ ക്രെഡിറ്റും ഹാജരാക്കണം. അല്ലെങ്കിൽ സ്വന്തം രാജ്യത്ത് നിന്നുള്ള പ്രവൃത്തി പരിചയ സർടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. അതുപോലെ മൂന്ന് മുതൽ നാല് വർഷത്തെ വിടവ് വന്നിട്ടുണ്ടെങ്കിലും ഇതേ നടപടികൾ പാലിക്കണം. എന്നാൽ, 5 വർഷത്തിൽ കൂടുതൽ വിടവ് വന്നവർക്ക് ഒരിക്കലും യുഎഇയിലെ ആരോഗ്യവിഭാഗത്തിന്‍റെ പരീക്ഷ എഴുതാൻ സാധിക്കില്ലെന്നും ഇവർ തങ്ങളുടെ രാജ്യത്തെ ഏറ്റവും പുതിയ 2 വർഷത്തെ പ്രവൃത്തിപരിചയ സർടിഫിക്കറ്റ് ഹാജരാക്കിയാലേ അനുവദിക്കുകയുള്ളൂ എന്നും അബുദാബിയിൽ ഡാറ്റാ ഫ്ലോ കൺസൾട്ടന്റ് ആയി പ്രവർത്തിക്കുന്ന കോട്ടയം അതിരമ്പുഴ സ്വദേശി ടിബിൻ മാത്യു മനോരമ ഒാൺലൈനോട് പറഞ്ഞു. വാട്സാപ്പ്:  +9 71506973710, +91 97477 13710.

 

hajira
ഹാജിറ

ജോലി തേടി ഒട്ടേറെ നഴ്സുമാർ യുഎഇയിൽ

 

യുഎഇയിൽ ബിഎസ് സി നഴ്സിങ് ബിരുദധാരികളായ ഒട്ടേറെ പേർ ജോലി അന്വേഷിച്ച് നടക്കുന്നുണ്ടെന്ന് സാമൂഹിക–ജീവകാരുണ്യ പ്രവർത്തകയും ദുബായ് ആരോഗ്യവിഭാഗത്തിൽ നഴ്സുമായ തൃശൂർ മുറ്റിച്ചൂർ സ്വദേശിനി ഹാജിറ വലിയകത്ത് മനോരമ ഒാൺലൈനോട് പറഞ്ഞു. നാട്ടിൽ ജോലി ലഭിക്കാതെ പ്രയാസത്തിലായ യുവ നഴ്സുമാർ യുഎഇയിലെ ജോലി സാധ്യതയെക്കുറിച്ച് നിത്യവും അന്വേഷിക്കാറുണ്ട്. അവരോടെല്ലാം 2 വർഷത്തെ പ്രവൃത്തിപരിചയം നേടിയാലേ ഇവിടുത്തെ ലൈസൻസ് ലഭിക്കുകയുള്ളൂ എന്ന് പറയുമായിരുന്നു. എന്നാൽ, പുതിയ തീരുമാനം ഇവർക്കെല്ലാം ഏറെ ഗുണകരമാകും. പലരും കടംവാങ്ങിയും സ്വർണം പണയം വച്ചും ബാങ്കു വായ്പയെടുത്തുമൊക്കെയാണ് മക്കളെ പഠിപ്പിച്ചിക്കുന്നത്. എന്നാൽ പഠനം വിജയകരമായി പൂർത്തിയായിട്ടും ജോലി കിട്ടാത്തത് അവരെ നിരാശരാക്കുക മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്നു. എന്നാൽ, ഏജന്റുമാരുടെ ചതിക്കുഴിയിൽ ചാടാതെ നോർക്കയുമായി ബന്ധപ്പെട്ടു വേണം യുഎഇയിലേക്ക് നഴ്സ് ജോലിക്ക് വരാനെന്നും ഹാജിറ പറഞ്ഞു. 

 

നാട്ടിൽ 2 വർഷത്തെ  പ്രവൃത്തിപരിചയത്തോടെ യുഎഇ ആരോഗ്യവകുപ്പിന്റെ പരീക്ഷയെഴുതി പാസായി വന്നവരാണ് യുഎഇയിൽ ജോലി അന്വേഷിക്കുന്ന നഴ്സുമാർ. പലർക്കും അഞ്ച് വർഷത്തോളം ജോലി ചെയ്ത പരിചയമുണ്ട്. എന്നാൽ, രണ്ട് മാസത്തോളമായി താൻ ജോലിതേടുന്നുണ്ടെങ്കിലും എവിടെ നിന്നും സാധ്യതകൾ വന്നില്ലെന്ന് കണ്ണൂർ സ്വദേശിയായ നഴ്സ് ടീന പറഞ്ഞു. പാലക്കാട് സ്വദേശിനിയായ മെഡിക്കൽ ലാബ് ടെക്നിഷ്യൻ ഷാഹിനയും നാട്ടിൽ നിന്ന് പരീക്ഷ പാസായി എത്തിയിട്ട് 2 മാസത്തോളമായി. ചില അഭിമുഖങ്ങളിൽ പങ്കെടുത്തെങ്കിലും ജോലി ലഭിച്ചിട്ടില്ല. മിക്കയിടത്തും ഇന്റർവ്യൂന് ഉദ്യോഗാർഥികളുടെ തള്ളിക്കയറ്റമാണുണ്ടായിട്ടുള്ളത്. നഴ്സിങ്./ മെഡിക്കൽ ലാബ് ടെക്നീഷ്യൻ, ടെക്നോളജിസ്റ്റ് ജോലി നൽകാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക; +971 50 140 1870 (ഹാജിറ).

നോര്‍ക്ക റൂട്ട്‌സ് വഴി ദുബായില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു  

ദുബായിലെ   പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യന്‍ ഒഴിവുകളിലേക്ക് രണ്ടു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു. സര്‍ജിക്കല്‍/മെഡിക്കല്‍/ ഒറ്റി / ഇആര്‍ / എന്‍ഡോസ്‌കോപ്പി തുടങ്ങിയ നഴ്‌സിങ് വിഭാഗത്തിലും സി.എസ്.എസ്.ഡി / എക്കോ ടെക്‌നിഷ്യന്‍ എന്നീ  വിഭാഗങ്ങളിലാണ് ഒഴിവ് . 

 നഴ്‌സുമാര്‍ക്ക് 3500 മുതല്‍ 5000 ദിര്‍ഹവും ടെക്‌നീഷ്യന്മാര്‍ക്ക് 5000 ദിര്‍ഹവും  ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.norkaroots.org വഴി ഇൗ മാസം  25 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്നു നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കറൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ നിന്നും കൂടാതെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91 8802 012345 ലും (വിദേശത്തു നിന്നും) ലഭിക്കുന്നതാണ്. ഇ-മെയില്‍ rmt4.norka@kerala.gov.in. 

 

നഴ്സുമാരുടെ ജീവിതം മാറിമറിയും

 

മലയാളികളടക്കം ഒട്ടേറെ യുവ നഴ്സുമാരുടെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന പുതിയ തീരുമാനം ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിലെ പ്രഫഷനൽ ക്വാളിഫിക്കേഷൻ വിഭാഗ (പേജ് 70) ത്തിലാണ് ചേർത്തിട്ടുള്ളത്. ഇനിമുതൽ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റും നഴ്സിങ് കൗൺസിലിന്റെ റജിസ്ട്രേഷനും സ്വഭാവ സർട്ടിഫിക്കറ്റും ഉള്ളവർക്ക് യുഎഇ ആരോഗ്യ വകുപ്പിന്റെ പരീക്ഷ എഴുതാവുന്നതാണ്. ഇത് പാസാകുന്നവർക്ക് യുഎഇയിലെ വിവിധ ആശുപത്രികളിൽ ഒഴിവനുസരിച്ച് ജോലിയും നേടാം.  മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ/ ടെക്നോളജിസ്റ്റ്എന്നിവർക്കും പ്രവൃ‍ത്തി പരിചയമില്ലാതെ യുഎഇയിൽ പരീക്ഷ എഴുതാനാകുമെന്ന് വെബ് സൈറ്റിൽ പറയുന്നു.

നഴ്സുമാരെ ഭൂമിയിലെ മാലാഖമാരായി കാണുന്ന യുഎഇ, സ്വന്തം ജീവൻ പോലും വകവയ്ക്കാതെ പോരാടുന്ന കോവിഡ്19 മുന്നണിപ്പോരാളികൾക്ക് ആദരവായി 10 വർഷത്തെ ഗോൾ‍ഡൻ വീസ നൽകിത്തുടങ്ങിയത് അടുത്തിടെയാണ്. 

യുഎഇയിൽ നഴ്സ്; വേണ്ട യോഗ്യതകൾ 

 

–ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നു നഴ്സിങ്ങിലുള്ള ബാച് ലർ ബിരുദം. 

 

–നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ.

 

–ഗുഡ് സ്റ്റാൻഡിങ് സർടിഫിക്കറ്റ്.

 

–യുഎഇ ആരോഗ്യ വകുപ്പിന്റെ പരീക്ഷ പാസാകണം.

 

(കാനഡ, യുഎസ്, യുകെ, അയർലൻഡ്, ദക്ഷിണാഫ്രിക്ക, ഒാസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനി യുഎഇ ആരോഗ്യവകുപ്പിന്റെ പരീക്ഷ ആവശ്യമില്ല).

 

 

 

സ്കൂൾ നഴ്സ്

 

സ്കൂളിൽ നഴ്സുമാരുടെ ജോലി ലഭിക്കാൻ 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഇവർക്ക് റജിസ്റ്റേർഡ് നഴ്സിന്റെ യോഗ്യതയുണ്ടായിരിക്കണം. കൂടാതെ, അംഗീകാരമുള്ള പീഡിയാട്രിക് അഡ്വാൻസ്ഡ് ചൈൽഡ് സപ്പോർട്ട് (പിഎഎൽഎസ്), പീഡിയാട്രിക് െഎസിയു, എമർജൻസി വിഭാഗങ്ങളിൽ 2 വർഷത്തെ പ്രവ‍ൃത്തി പരിചയവും ഉണ്ടായിരിക്കണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com