ADVERTISEMENT

ദോഹ∙ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മലയാളികൾക്കു ഫിഫ ലോകകപ്പ് ഏറ്റവും അടുത്തു കാണാനുള്ള അവസരവും ഭാഗ്യവുമാണു ഖത്തർ ലോകകപ്പെന്ന് കേരളത്തിന്റെ ഫുട്‌ബോൾ ഇതിഹാസം ഐ.എം.വിജയൻ. കേരളത്തിലെ ഫുട്‌ബോൾ ആരാധകരെ സംബന്ധിച്ചു എല്ലായിടങ്ങളിലും പോയി ലോകകപ്പ് കാണുക അസാധ്യമാണ്. അതുകൊണ്ടു തന്നെ ഇത്രയടുത്തു ലോകകപ്പ് കാണാനുള്ള അവസരം വലിയ ഭാഗ്യമാണ്.

ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം ഖത്തറിലേക്ക് എത്തിച്ചതിനു ഖത്തറിന്റെ ഭരണത്തലവന്മാരോടാണു നന്ദി പറയേണ്ടതെന്നും ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഐ.എം വിജയൻ അഭിപ്രായപ്പെട്ടു. ഇതുവരെ നടന്ന ലോകകപ്പുകളെക്കാൾ തികച്ചും വ്യത്യസ്തമായിരിക്കും ഖത്തർ ലോകകപ്പ്. കോവിഡിന്റെ വെല്ലുവിളികളെ മറികടന്നാണു ഖത്തർ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് എന്നതിനാൽ ഏറ്റവും മനോഹരമായ ലോകകപ്പ് തന്നെയാകും ഖത്തറിലേത്.

കോവിഡ് പ്രതിസന്ധികൾക്കു നടുവിലാണ് സ്റ്റേഡിയം നിർമാണം ഉൾപ്പെടെയുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയത്. എല്ലാ ലോകകപ്പ് സ്റ്റേഡിയങ്ങളും 75 കിലോമീറ്ററിനുള്ളിൽ തന്നെയാണെന്നതിനാൽ കളിക്കാരെ സംബന്ധിച്ച്  പറന്നു നടന്നു കളിക്കാനുള്ള സൗകര്യമാണുള്ളതെന്നും ഐ.എം.വിജയൻ ചൂണ്ടിക്കാട്ടി.

ആദ്യം ബ്രസീലിനോട് ആയിരുന്നു ആരാധന. മറഡോണ എന്ന ഇതിഹാസമാണ് അർജന്റീനയുടെ ആരാധകനാക്കി മാറ്റിയത്. ഇനി അർജന്റീനയുടെ ലോകകപ്പ് സാധ്യതയെക്കുറിച്ച് ചോദിച്ചാൽ ടീം സെമിയിൽ എത്തും.എത്തിയാൽ കപ്പും കൊണ്ടേ മടങ്ങൂ എന്നാണ് ഐ.എം.വിജയൻ അഭിപ്രായപ്പെട്ടത്. ഖത്തർ ലോകകപ്പിൽ ആരാകും താരമെന്ന ചോദ്യത്തിന് പുതിയ കഴിവുള്ള കളിക്കാർ തന്നെ താരമായി വരട്ടെ എന്നായിരുന്നു മറുപടി. ഫിഫ ലോകകപ്പിന്റെ 5 ടൂർണമെന്റുകൾ നേരിട്ട് കാണാൻ കഴിഞ്ഞു. ആറാമത്തേതാണു ഖത്തറിലേത്. ഒരു മാസം നീളുന്ന ടൂർണമെന്റ് കാണാൻ ഉറപ്പായും എത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പി.ടി ഉഷ രാജ്യസഭാംഗമായതിനെകുറിച്ചുള്ള ചോദ്യത്തിന് കേരളത്തിൽ നിന്നുള്ള, പ്രത്യേകിച്ചും വനിതാ കായിക താരത്തിന് ലഭിക്കുന്ന വലിയ ആദരവാണിതെന്നും അതിൽ രാഷ്ട്രീയം കലർത്തുന്നത് തെറ്റാണെന്നുമായിരുന്നു മറുപടി.

ദോഹയിലെ ഫുട്‌ബോൾ പ്രവാസി സംഘടനയായ സോൾ ഖത്തർ കേരളത്തിന്റെ ഫുട്‌ബോൾ താരങ്ങളായ എ.എസ്.ഫിറോസ്, ധനരാജൻ എന്നിവരുടെ സ്മരണാർഥം നടത്തുന്ന ഓൾ ഇന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് ഐ.എം വിജയൻ ദോഹയിലെത്തിയത്. വാർത്താസമ്മേളനത്തിൽ സിറ്റി എക്‌സ്‌ചേഞ്ച് സിഇഒ ഷറഫ്.പി.ഹമീദ്, സോൾ ഖത്തർ പ്രസിഡന്റ് സി.വി.ഹേമനാഥ്, സെക്രട്ടറി സുവിത് വാഴപ്പുള്ളി എന്നിവരും പങ്കെടുത്തു.

സെവൻസ് ടൂർണമെന്റ് ഫൈനൽ ഇന്ന്

ദോഹ∙ സോൾ ഖത്തർ സംഘടിപ്പിക്കുന്ന എ.എസ്. ഫിറോസ്, ധനരാജ് മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ടൂർണമെന്റ് ഫൈനൽ ഇന്ന്. സമാപന ചടങ്ങിൽ കേരളത്തിന്റെ ഫുട്‌ബോൾ ഇതിഹാസം ഐ.എം.വിജയൻ പങ്കെടുക്കും. മിസൈമീറിലെ ഹാമിൽട്ടൺ ഇന്റർനാഷനൽ സ്‌കൂളിൽ ഇന്ന് രാത്രി 7.30ന് നടക്കുന്ന സമാപന ചടങ്ങിലാണു ഐ.എം. വിജയൻ മുഖ്യാതിഥിയായെത്തുന്നത്. 8.30ന് ആരംഭിക്കുന്ന ഫൈനൽ മത്സരവും ഐ.എം.വിജയൻ കിക്കോഫ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com