ADVERTISEMENT

ദുബായ് ∙ കൊടുംചൂടിൽ നിന്നു രക്ഷനേടി ബീച്ചുകളിലെത്തുന്നവരുടെ തിരക്കു കൂടിയതോടെ 'സ്മാർട്' നിരീക്ഷണം ശക്തമാക്കി. രക്ഷാദൗത്യങ്ങൾക്ക് പ്രത്യേക പരിശീലനം നേടിയ കൂടുതൽ നീന്തൽ വിദഗ്ധരെ നിയോഗിച്ചു. കടലിൽ നിരീക്ഷണത്തിന് നൂതന സംവിധാനങ്ങളോടു കൂടിയ ഡ്രോണുകളുമുണ്ട്.

 

ബോട്ടുകൾ, ജെറ്റ് സ്കീ, ക്വാഡ് ബൈക്ക്, ബൈക്ക്, സൈക്കിൾ എന്നിവയിൽ പട്രോളിങ് ഊർജിതമാക്കി. പകർത്തുന്ന ചിത്രം 38 ഇരട്ടി വലുപ്പത്തിൽ കാണാൻ കഴിയുന്ന ക്യാമറകളോടു കൂടിയ ഡ്രോൺ ഉപയോഗിച്ചു തുടങ്ങിയതായി ഷാർജ സിവിൽ ഡിഫൻസ് മറൈൻ റസ്ക്യൂ വിഭാഗം അറിയിച്ചു. തെർമൽ സെൻസറുകളോടു കൂടിയ ഡ്രോണുകൾക്ക് ബീച്ചിലെയും കടലിലെയും ചെറു ചലനങ്ങൾ പോലും കണ്ടെത്താനാകും.

 

കടലിൽ അപകടത്തിൽ പെടുന്നവർക്ക് മുങ്ങാതിരിക്കാനുള്ള സുരക്ഷാ ട്യൂബുകളുമായാണ് ഡ്രോണുകൾ എത്തുക. ഷാർജ അൽഖാൻ, ഹംറിയ ബീച്ചുകളിൽ വനിതാ ലൈഫ്ഗാർഡുകളെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ദുബായ് ബീച്ചുകളിൽ രക്ഷാപ്രവർത്തനത്തിന് 'ഫ്ലൈയിങ് റെസ്ക്യൂവർ'  ഡ്രോണുകളാണുള്ളത്. ഒരേ സമയം ചുരുങ്ങിയത് 8 പേരെ രക്ഷിക്കാനാകും.  4 രക്ഷാവളയങ്ങളുമായി (ലൈഫ് ബോയ് റിങ്) അപകടസ്ഥലത്ത് അതിവേഗമെത്തും.

 

കൂടുതൽ പേരുണ്ടെങ്കിൽ റസ്ക്യൂ റാഫ്റ്റ് എന്ന റബ്ബർ വഞ്ചി എത്തിക്കും. വെള്ളത്തിൽ തൊടുന്നയുടൻ തനിയെ വികസിക്കുന്ന പ്രത്യേക വഞ്ചിയാണിത്. വിവരങ്ങൾ യഥാസമയം ഉദ്യോഗസ്ഥർക്കു കൈമാറാനുള്ള സംവിധാനവും ഡ്രോണിലുണ്ട്. മുങ്ങൽ വിദഗ്ധർക്ക് കരയിൽ നിന്നു നിർദേശങ്ങളും വിവരങ്ങളും കൈമാറാൻ വയർലെസ് സംവിധാനങ്ങളോടു കൂടിയ പ്രത്യേക ഫെയ്സ് മാസ്ക് നൽകി. രക്ഷാപ്രവർത്തനങ്ങളിൽ കൂടുതൽ കൃത്യതയും വേഗവും ഉറപ്പാക്കാൻ ഇതു സഹായിക്കും.

 

വിവിധ മേഖലകളിലായി അടുത്തിടെ കൂടുതൽ നിരീക്ഷണ ടവറുകൾ സ്ഥാപിച്ചിരുന്നു. മംസാർ ബീച്ചിൽ നാലും അൽഖാൻ ബീച്ചിൽ മൂന്നും ടവറുകളാണ് സ്ഥാപിച്ചത്. ഇതോടെ ടവറുകളുടെ എണ്ണം 21 ആയി. ഷാർജ സുരക്ഷാ വിഭാഗം കഴിഞ്ഞവർഷം നടത്തിയത് 38 രക്ഷാദൗത്യങ്ങൾ. ഈ വർഷം ജൂൺ 15 വരെ 10 രക്ഷാദൗത്യങ്ങളും നടത്തി. കടലിൽ മുങ്ങിയവരെ രക്ഷിച്ചതിനു പുറമേ ജെറ്റ് സ്കീ, ബോട്ട് അപകടങ്ങളിലെ രക്ഷാപ്രവർത്തനങ്ങളും ഉൾപ്പെടുന്നു. 

 

അവഗണിക്കരുത്, മുന്നറിയിപ്പുകൾ

 

∙ ബീച്ചുകളിൽ വരുന്നവർ നിയമങ്ങൾ പാലിക്കാതെ അപകടങ്ങൾ പൂർണമായും നിയന്ത്രിക്കാനാവില്ലെന്ന് അധികൃതർ.  

 

∙ വേണ്ടത്ര പരിശീലനമില്ലാതെയും ഒറ്റപ്പെട്ട മേഖലകളിലും കടലിലിറങ്ങരുത്. സുരക്ഷാ ജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിക്കരുത്.

 

∙ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. ലൈഫ് ജാക്കറ്റ് നിർബന്ധമായും ധരിപ്പിക്കണം. കുട്ടികൾ നീന്താനിറങ്ങുമ്പാൾ രക്ഷിതാക്കളും കൂടെയുണ്ടാകണം. 

 

∙ മത്സരിച്ചുള്ള നീന്തുന്നതും അനുവദനീയ മേഖലകൾ മറികടക്കുന്നതും നിർബന്ധമായും ഒഴിവാക്കുക. 

 

∙ സംഘമായി പോകുന്നവർ കൂടെയുള്ളവരെ എപ്പോഴും ശ്രദ്ധിക്കണം. അപകടങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണം.  

 

∙ നീന്താനിറങ്ങുന്നവർ തിരമാലകളുടെ ശക്തി കുറഞ്ഞ മേഖലകൾ തിരഞ്ഞെടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com