ADVERTISEMENT

ദുബായ്∙ സമൂഹ മാധ്യമങ്ങളിലെ പോരാളികളും പ്രതികരണക്കാരും  പങ്കുവയ്ക്കലുകാരും ഓർക്കുക, യുഎഇയുടെ സൈബർ നിയമത്തിനു വിരുദ്ധമായി നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ലക്ഷങ്ങളുടെ പിഴയും ജയിൽവാസവുമാണു ശിക്ഷ.

സമൂഹ മാധ്യമങ്ങളിലെ ഓരോ ഇടപെടലും സൈബർ സുരക്ഷാ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങളും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കടുത്ത ശിക്ഷ ക്ഷണിച്ചുവരുത്തും. ഇന്ത്യയിലെ രീതി പോലെ ആരെയും എന്തും പറയാനാവില്ല. ഒളിച്ചിരുന്നോ വ്യാജ പ്രൊഫൈൽ വഴിയോ സൈബർ ആക്രണത്തിനു തുനിയരുത്.

ഏതു മുഖംമൂടി അണിഞ്ഞിറങ്ങിയാലും കൃത്യമായി കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ഇവിടെയുണ്ട്. 10 ലക്ഷം ദിർഹം (2.2 കോടി രൂപ) ആണ് സൈബർ കുറ്റകൃത്യങ്ങൾക്കുള്ള ഉയർന്ന പിഴ. കൂടാതെ ജയിൽ വാസവും. അത് കുറ്റത്തിന്റെ തീവ്രത അനുസരിച്ച് ഉയരും. 

സൈബർ ഇടങ്ങളിൽ ഇടപെടുമ്പോൾ ഇനി പറയുന്ന കാര്യങ്ങളും നിയമങ്ങൾ ഓർക്കുന്നത് നല്ലതായിരിക്കും: 

∙ ഇസ്ലാമിനെയും മറ്റ് അംഗീകൃത മതങ്ങളെയും കളിയാക്കുന്നതോ അപമാനിക്കുന്നതോ ആയ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് 7 വർഷം വരെ തടവ് ശിക്ഷയ്ക്കു കാരണമാകുന്ന കുറ്റമാണ്. 2.5 ലക്ഷം മുതൽ 10 ലക്ഷംവരെ ദിർഹം പിഴയും ലഭിക്കും. സൈബർ നിയമം 37 പ്രകാരം മത വിരുദ്ധമോ മത നിന്ദയ്ക്കു കാരണമാകുന്നതോ ആയ എല്ലാ പോസ്റ്റുകളും കടുത്ത ശിക്ഷയ്ക്കു കാരണമാകും. 

∙ സ്ത്രീകളെയും കുട്ടികളെയും അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാനോ ചർച്ച ചെയ്യാനോ പാടില്ല. മനുഷ്യക്കടത്ത്, അശ്ലീല വിഡിയോ, ചിത്രങ്ങൾ, പൊതു സദാചാര ബോധത്തെ ബാധിക്കുന്ന കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് സൈബർ നിയമം 32 – 37 വകുപ്പുകൾ പ്രകാരം കുറ്റകരമാണ്. 

കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് ഒരു വർഷം മുതൽ 5 വർഷം വരെ തടവും 2.5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം പിഴയും ലഭിക്കും. 

∙ സർക്കാരിനും സർക്കാർ വകുപ്പുകൾക്കും എതിരായ കാര്യങ്ങൾ, ഭരണകൂടത്തിനെതിരായ കാര്യങ്ങൾ, യുഎഇയുടെയോ മറ്റു രാഷ്ട്രങ്ങളുടെയോ  രാഷ്ട്രീയ സംവിധാനത്തിനെതിരായ കാര്യങ്ങൾ, ദേശീയ ചിഹ്നങ്ങൾക്കെതിരായ പരാമർശം, ദേശീയ ചിഹ്നങ്ങളോടുള്ള അനാദരവ് തുടങ്ങിയവ സൈബർ നിയമം 20 – 28 വരെയുള്ള വകുപ്പു പ്രകാരം കുറ്റകൃത്യമാണ്. 

ഏറ്റവും ഗൗരവത്തോടെയാണ് ഈ പ്രവൃത്തികളെ കാണുന്നത്. പരമാവധി ശിക്ഷയ്ക്കു കാരണമാകുന്നവയാണിവ. 

∙ വ്യക്തികളെ ബാധിക്കുന്നതോ, സ്വകാര്യതയെ ഹനിക്കുന്നതോ, അപമാനത്തിനു കാരണമാകുന്നതോ ആയ വിഡിയോ, ഫോട്ടോ എന്നിവ പങ്കുവയ്ക്കുന്നത് 6 മാസം തടവിനും 5000 മുതൽ 5 ലക്ഷം ദിർഹം വരെ പിഴയ്ക്കും കാരണമാകും. 

∙ യുഎഇയുടെ സാംസ്കാരിക സമ്പത്തിനെയും, പൈതൃകത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നതോ എതിർക്കുന്നതോ ആയ ഒരു പരാമർശവും സമൂഹ മാധ്യമങ്ങളിലൂടെ ചെയ്യരുത്.

ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പങ്കുവയ്ക്കുന്നത് കടുത്ത ശിക്ഷയ്ക്കു കാരണമാകും. സർക്കാരുമായി ബന്ധപ്പെട്ടതോ, കുറ്റാന്വേഷണവുമായി ബന്ധപ്പെട്ടതോ ആയ രഹസ്യ വിവരങ്ങൾ ഒരു കാരണവശാലം പരസ്യപ്പെടുത്താനോ അതിനെക്കുറിച്ചു സൂചിപ്പിക്കാനോ പാടില്ല. ജനങ്ങളുടെ അവകാശത്തെ ഹനിക്കുന്നതും ധാർമികത നശിപ്പിക്കുന്നതുമായി പരസ്യങ്ങൾ നൽകുന്നതോ പങ്കുവയ്ക്കുന്നതോ ഗുരുതരമായ കുറ്റമാണ്.

സോഷ്യൽ മീഡിയയിൽ സ്വാധീനമുള്ളയാൾ (ഇൻഫ്ലുവൻസർ) ആകാനോ പണം വാങ്ങി പരസ്യം നൽകാനോ ആഗ്രഹിക്കുന്നവരാണെങ്കിൽ സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് നിയമാനുസരണം അനുമതി വാങ്ങണം.

വാർത്താപരമായ കാര്യങ്ങൾ പങ്കുവയ്ക്കുന്നതിന് ദേശീയ മാധ്യമ കൗൺസിലിന്റെ അംഗീകാരവും അനുമതിയും നേടണം. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ എല്ലാ സ്വാതന്ത്ര്യവും യുഎഇ അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഉപയോഗം ഉത്തരവാദിത്തത്തോടെ വേണമെന്നു മാത്രം. രാജ്യത്തിനെതിരെയോ മതത്തിനെതിരെയോ വ്യക്തിക്കെതിരെയോ ഉപയോഗിക്കാനുള്ള ആയുധമായി സമൂഹ മാധ്യമങ്ങളെ കാണരുത്.അച്ചടക്കമില്ലാതെയുള്ള പ്രവർത്തനങ്ങൾ കടുത്ത ശിക്ഷ ക്ഷണിച്ചു വരുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com