ADVERTISEMENT

ദുബായ് ∙ ഇത്തിഹാദ് ട്രെയിൻ യാത്രക്കാർക്ക് അതത് സ്റ്റേഷനുകളിൽ നിന്നു വീടുകളിലേക്കോ മറ്റു കേന്ദ്രങ്ങളിലേക്കോ യാത്രചെയ്യാൻ പൊതുവാഹന സൗകര്യമൊരുക്കും. 7 എമിറേറ്റുകളിലെയും സ്റ്റേഷനുകളിൽ നിന്നു കാർ, ബസ് സൗകര്യമൊരുക്കാനാണ് പദ്ധതി. സ്റ്റേഷനുകളെ പ്രധാന മേഖലകളുമായി ബന്ധിപ്പിച്ച് ട്രാം സർവീസുകൾ തുടങ്ങുന്നതും പരിഗണനയിലാണ്. 

ഏറ്റവും മികച്ച 'ഡോർ ടു ഡോർ' സേവനം യാത്രക്കാർക്കു ലഭ്യമാക്കാൻ അതത് എമിറേറ്റുകളിലെ അധികൃതരുമായി ധാരണയിലെത്തുമെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇത്തിഹാദ് വൃത്തങ്ങൾ വെളിപ്പെടുത്തി. 

ഏറ്റവും സൗകര്യപ്രദമായ ക്രമീകരണം ഉറപ്പുവരുത്താനാണ് പദ്ധതി. എല്ലാ എമിറേറ്റുകളിലെയും പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖലയായതിനാൽ യാത്രക്കാർക്ക് ചുരുങ്ങിയ ചെലവിൽ സമയനഷ്ടമില്ലാതെ ലക്ഷ്യത്തിലെത്താം. ദുബായ് മെട്രോ മാതൃകയിൽ സ്റ്റേഷനുകളിൽ നിന്നു ഫീഡർ ബസ് സർവീസ് തുടങ്ങുന്നതും യാത്രക്കാർക്ക് ഗുണംചെയ്യും. 2024 അവസാനത്തോടെ രാജ്യമാകെ യാത്രാ ട്രെയിൻ ഓടിക്കാനാണ് പദ്ധതി. തുടർന്നു ജിസിസി റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കും. പദ്ധതിയുടെ നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. 

വികസനപാത ലക്ഷ്യത്തിലേക്ക്

അബുദാബിയിലെ അൽ സിലയിൽ നിന്നു റുവൈസ്, മിർഫ, ദുബായ്, ഷാർജ, ദൈദ്, ഫുജൈറ വഴി കടന്നുപോകുന്ന 1,200 കിലോമീറ്റർ പാത രാജ്യത്തെ 11 നഗരങ്ങളെ ബന്ധിപ്പിക്കും. ഫുജൈറയിൽനിന്ന് റാസൽഖൈമ, ഷാർജ, ദുബായ്, ജബൽഅലി, ഖാലിദ് തുറമുഖങ്ങൾ, കിസാഡ് മുസഫ വഴി ഗുവൈഫാത് വരെ 605 കിലോമീറ്ററാണുള്ളത്. ഷാർജ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലായി 145 കിലോമീറ്ററിലേറെയാണ് ട്രാക്ക്. 2015ലാണ് റെയിൽ പദ്ധതിയുടെ 265 കിലോമീറ്റർ വരുന്ന ആദ്യഘട്ടം പൂർത്തിയായത്. ഇതുവഴി പ്രതിവർഷം 70 ലക്ഷം ടൺ ചരക്കു നീക്കം നടക്കുന്നുണ്ട്. ഇത് 5 കോടിയായി വർധിപ്പിക്കും. 

ഒമാനും ട്രാക്കിലേക്ക്

റെയിൽ പദ്ധതിക്ക് ഒമാൻ വൈകാതെ തുടക്കമിടുമെന്നാണ് റിപ്പോർട്ട്.  2,144 കിലോമീറ്റർ പാത യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളെ ഒമാനുമായി നേരിട്ടു ബന്ധിപ്പിക്കുന്നതോടെ കാർഷിക, വ്യവസായ മേഖലകളിലടക്കം വൻമാറ്റത്തിനു തുടക്കം കുറിക്കും. ദുഖം-തുംറൈത്-സലാല,  സോഹാർ തുറമുഖം-മസ്‌കത്ത്,  അൽ മിസ്ഫ-സിനാ,  തുംറൈത്-അൽ മേസൂന,  പാതകളാണ്  ഒമാൻ റെയിലിൽ  ഉൾപ്പെടുന്നത്.

അകലം കുറയും, സുഖയാത്ര

∙ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. 2030 ആകുമ്പോഴേക്കും ഇത്തിഹാദ് ട്രെയിനിൽ പ്രതിവർഷം യാത്രചെയ്യുന്നവരുടെ എണ്ണം 3.65 കോടി കവിയുമെന്നാണ് പ്രതീക്ഷ.

∙ അബുദാബിയിൽ നിന്ന് ദുബായിലെത്താൻ 50 മിനിറ്റും ഫുജൈറയിലെത്താൻ 100 മിനിറ്റും മതി. ചരക്കുനീക്കത്തിനും യാത്രയ്ക്കും ഇത്തിഹാദ് പാത ഉപയോഗപ്പെടുത്താനാണ് പദ്ധതിയെങ്കിലും ആദ്യഘട്ടത്തിൽ ചരക്കുനീക്കത്തിനാകും മുൻഗണന.

∙ ഇത്തിഹാദ് പാത പൂർത്തിയാകുന്നതോടെ ആദ്യഘട്ടത്തിൽ 9,000ൽ ഏറെ തൊഴിലവസരങ്ങളുണ്ടാകും.

∙ ഫുജൈറ, ഖോർഫക്കാൻ തുറമുഖങ്ങളെ ഇത്തിഹാദ് പാതയുമായി ബന്ധിപ്പിക്കുന്നതോടെ പ്രതിവർഷം 20 ലക്ഷം ടിഇയു (20 ഫുട് ഇക്വലന്റ് കണ്ടെയ്നർ യൂണിറ്റ്സ്) ചരക്കു നീക്കം സാധ്യമാകും.

∙ വടക്കൻ എമിറേറ്റുകളിലെ ഇത്തിഹാദ് പാതയിൽ 54 പാലങ്ങളും അൽ ഹജർ മലനിരകളിൽ 9 വലിയ തുരങ്കപാതകളും മൃഗങ്ങൾക്കു കടന്നു പോകാൻ 20 ക്രോസിങ്ങുകളുമുണ്ട്. 

English Summary : Etihad Rail to provide door-to-door service for train passengers to reach their final destination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com