ADVERTISEMENT

ത്തറിൽ ആവേശത്തിന്റെ പന്തുരുളുമ്പോൾ ഇന്ത്യയിൽ നിന്നുള്ള സംസ്കാരിക പരിപാടികൾക്കു ചുക്കാൻ പിടിക്കുന്നത് ഒരു മലയാളിയാണ്. സാംസ്‌കാരിക, കമ്യൂണിറ്റി പരിപാടികളുടെ ഏകോപന ചുമതലയുള്ള ഇന്ത്യൻ കമ്യൂണിറ്റി ലീഡറായി തിരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി സഫീർ റഹ്‌മാനാണ്. 32 കമ്യൂണിറ്റികളിൽനിന്ന് ലീഡർമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഖത്തർ എനർജിയിൽ സീനിയർ സെക്രട്ടറിയാണ് ഫുട്ബോൾ ആരാധകനും 2007 മുതൽ ഖത്തറിൽ പ്രവാസിയുമായ സഫീർ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഫുട്ബോൾ പ്രേമികൾ ഖത്തറിൽ എത്തുമ്പോൾ അവർക്കു മുന്നിൽ ഇന്ത്യയിൽ നിന്നുള്ള മികച്ച കലാ, സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുക എന്നതാണ് സഫീറിന്റെ ചുമതല. 

സഫീർ റഹ്മാൻ ഖത്തർ വേൾഡ് കപ്പ് ഫുട്ബോൾ അംബാസിഡർമാരായ മുൻ ബ്രസീൽ ക്യാപ്റ്റൻ കഫുവിനും ടിം ഖലീലിനും ഒപ്പം.
സഫീർ റഹ്മാൻ ഖത്തർ വേൾഡ് കപ്പ് ഫുട്ബോൾ അംബാസിഡർമാരായ മുൻ ബ്രസീൽ ക്യാപ്റ്റൻ കഫുവിനും ടിം ഖലീലിനും ഒപ്പം.

ദീർഘനാളത്തെ പരിശീലനം 

2010 ൽ ഖത്തർ വേൾഡ് കപ്പ് പ്രഖ്യാപിച്ചതു മുതൽ രാജ്യം തയാറെടുപ്പു തുടങ്ങിയിരുന്നു. 2013 ൽ രാജ്യാന്തര ടൂർണമെന്റുകൾ സംഘടിപ്പിച്ചുതുടങ്ങി. അന്നു മുതൽ ഇന്ത്യൻ സമൂഹം അതുമായി സഹകരിക്കുന്നുണ്ട്. ഫുട്ബോൾ പ്രേമിയായ സഫീർ ഖത്തറിലും ഫുട്ബോൾ ടൂർണമെന്റുകളുടെ സംഘാടകനായിരുന്നു.

രണ്ടു വർഷമായി നടന്നിരുന്ന കമ്യൂണിറ്റി ലീഡർമാർക്കുള്ള പരിശീലനം അവസാനിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. ലീഡർഷിപ്പ്, നെഗോഷ്യേഷൻ, അഡ്മിനിസ്ട്രേഷൻ എന്നിവയിലെല്ലാം പരിശീലനം നൽകാൻ യുഎസിൽ നിന്നുൾപ്പെടെ വിദഗ്ധർ എത്തിയിരുന്നു. 

ലോകകപ്പിലെ ഇന്ത്യൻ കമ്യൂണിറ്റി ഫാൻ ലീഡർ കൂടിയാണ് സഫീർ. ഇന്ത്യയ്ക്ക് ടീം ഇല്ലെങ്കിലും രാജ്യത്തെ ഫുട്ബോൾ പ്രേമികൾക്ക് വേൾഡ് കപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകൾ എത്തിക്കുകയും കളി കാണാൻ എത്തുന്നവരെ സഹായിക്കുകയും ചെയ്യുന്ന ചുമതലയാണ് ഫാൻ ലീഡർക്കുള്ളത്. കാണികൾക്കുള്ള എല്ലാ നിർദേശങ്ങളും ഫാൻ ലീഡർമാർക്കായിരിക്കും ആദ്യം ലഭിക്കുക. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ സോഷ്യൽ മീഡിയയില്‍ വളരെ സജീവമാണെന്ന് സഫീർ പറയുന്നു.

ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ കീഴിൽ വരുന്ന കമ്യൂണിറ്റി ഔട്ട്‌റീച്ച് ഡിപാർട്ട്മെന്റിന്റെ നിയന്ത്രണത്തിലാണ് 600 ൽ അധികം സാംസ്‌കാരിക പരിപാടികൾ നടക്കുക. ഫാൻ സോണുകളിലും സ്റ്റേഡിയങ്ങളുടെ അകത്തും പുറത്തുമായാണ് പരിപാടികൾ. കളി തുടങ്ങുന്നതിന് നാലു മണിക്കൂർ മുൻപ് സംസ്കാരിക പരിപാടികൾ അരങ്ങേറും. അതിൽ ഇന്ത്യൻ കമ്യൂണിറ്റിയുടെ പരിപാടികൾ ഏകോപിപ്പിക്കുക എന്ന വലിയ ചുമതലയാണ് സഫീറിനുള്ളത്.

ഇന്ത്യയിൽ നിന്നുള്ള നൂറോളം പരിപാടികൾക്ക് അവസരം ഉണ്ടാകും. കേരളത്തിൽ നിന്നുള്ള സംഘത്തിന്റെ പരിപാടികളും അധികൃതരുടെ അംഗീകാരത്തിനായി കൊടുത്തിട്ടുണ്ട്. അവരുടെ അനുമതി ലഭിച്ചാൽ അവ അവതരിപ്പിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുട്ബോൾ ആരാധകർ എത്തുമെന്നതിനാൽ അവരെ പിടിച്ചിരുത്തുന്ന സാംസ്‌കാരിക, കലാപരിപാടികൾ വേണം അവതരിപ്പിക്കാൻ.

സഫീർ റഹ്മാൻ കുടുംബത്തോടൊപ്പം.
സഫീർ റഹ്മാൻ കുടുംബത്തോടൊപ്പം.

ഇന്ത്യയിലെ ഫുട്ബോൾ ആരാധകര്‍ക്ക് സുവർണ്ണാവസരം

ഫുട്‌ബോൾ ആരാധകരെ സ്വീകരിക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. ഇതുവരെ നടന്ന ലോകകപ്പുകളിൽനിന്നു വ്യത്യസ്തവും മനോഹരവുമായിരിക്കും ഖത്തർ ലോകകപ്പെന്ന് സഫീർ പറയുന്നു. ഇന്ത്യക്കാരെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഖത്തർ ലോകകപ്പ്. വെറും നാലു മണിക്കൂർ യാത്ര ചെയ്ത് ഖത്തറിലെത്താം. ടിക്കറ്റെടുക്കുക, ഖത്തറിലേക്കു പറക്കുക. ഇതുപോലൊരു സുവര്‍ണ്ണാവസരം ഇനി ലഭിക്കില്ല.

അടുത്ത ലോകകപ്പ് മെക്സിക്കോയിലാണ്. അത് നമ്മളെ സംബന്ധിച്ച് ദൂരക്കൂടുതലാണ്. ഏഴു ലക്ഷത്തിൽ പരം ഇന്ത്യക്കാർ ഖത്തറിലുണ്ട്. അതുകൊണ്ട് ഭാഷ ഒരു പ്രശ്നമാകില്ല. വിമാനത്താവളങ്ങളിൽപോലും മലയാളികളുണ്ട്. സ്റ്റേഡിയത്തിനകത്ത് ഫുട്ബോൾ അരങ്ങേറുമ്പോള്‍ സ്റ്റേഡിയങ്ങൾക്കു പുറത്ത് നടക്കാന്‍ പോകുന്നത് മാമാങ്കമാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് ഫുട്ബോൾ ആരാധകരോട് സഫീർ പറയുന്നത്.

റബീഹയാണ് സഫീറിന്റെ ഭാര്യ. മൂന്നു മക്കളാണ് ഇവർക്കുള്ളത്. ഖറാഫയിലാണ് കുടുംബം താമസിക്കുന്നത്.

English Summary: World cup a great opportunity for malayali football lovers says safeer rahman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com