ADVERTISEMENT

ഫുജൈറ∙ കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ താളം തെറ്റിയ ഫുജൈറയെ പൂർവസ്ഥിതിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിൽ ഭരണകൂടം. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജനങ്ങളോടു നാശനഷ്ടങ്ങളുടെ കണക്ക് റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചു. പൊലീസിന്‍റെ വെബ് സൈറ്റ് വഴി വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്.  

 

ശക്തമായ മഴയും കുത്തിയൊലിച്ചു വന്ന വെള്ളവും ഫുജൈറയെ നിനച്ചിരിക്കാത്ത ആഘാതത്തിലേക്കാണു കൊണ്ടെത്തിച്ചത്.  റോഡുകൾ തകർന്നു. വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു. മലവെള്ളപാച്ചിലിൽ അകപ്പെട്ട വാഹനയാത്രക്കാർ പലരും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.

 

ഏറ്റവും അധികം ബാധിച്ച കൽബ മേഖലയിൽ നിന്ന് വെള്ളം പൂർണമായി നീങ്ങിയിട്ടില്ല. പ്രദേശത്തെ വീടുകളും കടകളും ഇപ്പോഴും വെള്ളത്തിലാണ്.  വെള്ളവും ചെളിയും പമ്പ് ചെയ്തു നീക്കുന്ന ജോലികൾ പുരോഗമിക്കുന്നു. അതേസമയം, മറ്റിടങ്ങളിൽ ജനജീവിതം പൂർവസ്ഥിതിയിലായി. വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായ കടകൾ പലതും വീണ്ടും പ്രവർത്തനം തുടങ്ങി.

 

വാഹനങ്ങൾ പലതും വെള്ളം കയറി നശിച്ചു. റോഡിൽ നിർത്തിയിട്ടിരുന്നവയും ഒഴിക്കിൽപ്പെട്ടവയുമെല്ലാം പൊലീസാണ്  യാർഡുകളിലെത്തിച്ചത്. ഇൻഷൂറൻസ് രേഖകൾ ലഭിക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്‍റെ വെബ് സൈറ്റ് വഴി സൌകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം, മഴയെ തുടർന്ന് അടച്ചിട്ട ഫുജൈറ ക്വീദ്ഫ റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു.  ഫുജൈറയിലേക്കും കൽബയിലേക്കുമുള്ള ബസ് സർവീസ് ഷാർജ പുനരാരംഭിച്ചു. എന്നാൽ ഖോർഫക്കാനിലേക്കുള്ള സർവീസ് തുടങ്ങുന്നതു വൈകും. 

 

English Summary: Effort to restore rain ravaged Fujaira  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com