ADVERTISEMENT

ദുബായ് ∙ ഒറ്റനോട്ടത്തിൽ രോഗം കണ്ടെത്തി ചികിത്സ നൽകുന്ന 'റോബട് ഡോക്ടർമാർ' ആശുപത്രിയിൽ റൗണ്ട്സിനിറങ്ങുന്ന കാലം അരികെ. പേടിയുളള രോഗിയാണെങ്കിൽ പാട്ടു പാടാനും നൃത്തം ചെയ്യാനും ‘ഡോക്ടർ’ റെഡി. പല മേഖലകളിലും സ്പെഷലൈസ് ചെയ്ത ഇവർ ശസ്ത്രക്രിയ നടത്തുന്നതിലും 'നമ്പർ വൺ' ആയതോടെ യുഎഇയിലെ ആശുപത്രികൾ ആരോഗ്യരംഗത്ത് ലോകത്തിന്റെ മുൻനിരയിലേക്ക്.

 

റോബട്ടിക് സാങ്കേതിക വിദ്യകൾ എല്ലാ മേഖലകളിലും നടപ്പാക്കുകയാണ് യുഎഇ. നട്ടെല്ലിന്റെ സങ്കീർണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതാണ് ഏറ്റവും ഒടുവിലത്തെ നേട്ടം.  മേന മേഖലയിൽ നട്ടെല്ലിൽ ഇത്തരമൊരു സങ്കീർണ ശസ്ത്രക്രിയ വിജയകരമായി നടത്തുന്ന ആദ്യ രാജ്യമാണ് യുഎഇ. സ്വദേശിയായ ഡോ. അബ്ദുൽ സലാം അൽ ബലൂഷിയാണ് അബുദാബിയിൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്.

 

ന്യൂറോ സർജറിയിൽ റോബട്ടിക് സാങ്കേതിക വിദ്യ ഏറെ ഫലപ്രദമാണെന്നും രാജ്യത്തെ സർജൻമാർ ഇതിൽ വിദഗ്ധ പരിശീലനം നേടുകയാണെന്നും അദ്ദേഹം പറഞ്ഞു. മേയിൽ റോബട്ടിക് സാങ്കേതിക വിദ്യ വഴി സങ്കീർണ ശസ്ത്രക്രിയയിലൂടെ 22 വയസ്സുകാരന്റെ വൃക്കത്തകരാർ പരിഹരിച്ചും യുഎഇ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.

 

ഡാവിഞ്ചി എക്സ്ഐ എന്ന റോബട്ടിന്റെ സഹായത്തോടെ ദുബായ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ഡോ. യാസർ അഹമ്മദ് അൽ സഈദിയാണ് നേതൃത്വം നൽകിയത്. ഹൃദ്രോഗം, അസ്ഥിരോഗം തുടങ്ങിയവയുടെ ചികിത്സയ്ക്കും റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. 

 

കൃത്യത, അതിവേഗം

 

ഡോക്ടർമാരുടെ എണ്ണവും ജോലിയും കുറയ്ക്കാനും ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയെ ശ്രദ്ധയോടെ പരിചരിക്കാനും കഴിയും. റോബട്ടിക് ശസ്ത്രക്രിയകളിൽ മുറിവുകളുടെ വ്യാപ്തി കുറയ്ക്കാം. റോബട്ടുകൾക്ക് നിർദേശം നൽകിയാൽ കൃത്യതയോടെ ചെയ്യുന്നതിനാൽ ഡോക്ടർമാർക്ക് മേൽനോട്ടം വഹിച്ചാൽ മതി. ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ, മുതിർന്നവരുടെ പരിചരണം, സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു ചെയ്യാൻ റോബട്ടുകൾക്കാകും.

 

കുട്ടികളുടെ പേടിമാറ്റുന്ന റോബട്ടുകൾ വരെ യുഎഇയിലെ ആശുപത്രികളിലുണ്ട്. പേടിച്ചുകരയുന്ന കുട്ടികളെ ചിരിപ്പിക്കാനും കുത്തിവയ്ക്കുമ്പോൾ ശ്രദ്ധ മാറ്റാനുമൊക്കെ റോബട്ടിനറിയാം.കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണം.  രക്ഷിതാക്കളോടും പൊലീസ് ഉദ്യോഗസ്ഥരോടും കുട്ടികൾ പറയാൻ മടിക്കുന്ന കാര്യങ്ങൾ റോബട്ടുകളോടു പറയുമെന്നു കണ്ടെത്തിയതിനെ തുടർന്നാണിത്.

 

സാധനങ്ങളും ഭക്ഷണവും എത്തിക്കാൻ റോബട് 

 

ഓർഡർ ചെയ്ത സാധനങ്ങളുമായി റോബട്ടുകൾ വരുന്ന കാലം വിദൂരമല്ല. 2030 ആകുമ്പോഴേക്കും ഇതു യാഥാർഥ്യമാക്കാനാണ് ദുബായുടെ പദ്ധതി. അറബ് മേഖലയിൽ ആദ്യമായി, താമസ മേഖലകളിൽ ഭക്ഷണവും ഗ്രോസറി സാധനങ്ങളും എത്തിക്കാൻ റോബട്ടുകളെ ഉപയോഗപ്പെടുത്തും. 15 മിനിറ്റിനകം 10 കിലോമീറ്റർ വരെ സാധനങ്ങൾ എത്തിക്കാൻ റോബട്ട് ബഗ്ഗികൾക്ക് ( ചെറുവാഹന രൂപത്തിലുള്ള റോബട്) കഴിയും. പാതകളിൽ ഇവയ്ക്കു പ്രത്യേക ലെയ്നുകൾ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com