ADVERTISEMENT

ദുബായ് ∙ പരിസ്ഥിതി സൗഹൃദ കുപ്പികളുടെ ഉപയോഗം കൂട്ടാനും വിവിധ കേന്ദ്രങ്ങളിലെ പൊതു സ്റ്റേഷനുകളിൽ നിന്നു കുടിവെള്ളം സൗജന്യമായി നിറയ്ക്കാനും സൗകര്യമൊരുക്കുന്ന 'ദുബായ് കാൻ' പദ്ധതി കൂടുതൽ മേഖലകളിലേക്ക്. വർഷാവസാനത്തോടെ 50 പുതിയ പൊതു സ്റ്റേഷനുകൾ സജ്ജമാക്കും.

 

ഇതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 90 ആകും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫെബ്രുവരിയിൽ തുടക്കമിട്ട 'ദുബായ് കാനിന്' വൻ സ്വീകാര്യതയാണു ലഭിച്ചത്. ഇതുവഴി 500 മില്ലിയുടെ 10 ലക്ഷത്തിലേറെ പ്ലാസ്റ്റിക് കുപ്പികളാണ് ഒഴിവാക്കിയത്. ഹോട്ടലുകൾ, മാളുകൾ, ഉല്ലാസ കേന്ദ്രങ്ങൾ തുടങ്ങിയവ ഇതുമായി സഹകരിക്കുന്നു.

 

പ്ലാസ്റ്റിക് കുപ്പികൾ ഉപേക്ഷിക്കുക, വാട്ടർ ഫിൽറ്ററുകൾ സ്ഥാപിക്കുക, ജീവനക്കാർക്ക് നിലവാരമുള്ള വെള്ളക്കുപ്പികൾ വിതരണം ചെയ്യുക തുടങ്ങിയ സുസ്ഥിരതാ രീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് യുഎഇ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. ദുബായിൽ കഴിഞ്ഞ മാസം ഒന്നുമുതൽ കടകളിൽ നിന്നു പ്ലാസ്റ്റിക് കവർ കിട്ടാൻ 25 ഫിൽസ് നൽകണം.

 

റീട്ടെയ്ൽ, ടെക്സ്റ്റൈൽ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ,  റസ്റ്ററന്റുകൾ, ഫാർമസികൾ എന്നിവയ്ക്കു പുറമേ ഇ-കൊമേഴ്‌സ് ഡെലിവറികൾക്കും നിയന്ത്രണമുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2 വർഷത്തിനകം പൂർണനിരോധനം ഏർപ്പെടുത്തും.  അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചു.

 

ഭീഷണിയുയർത്തി പ്ലാസ്റ്റിക് 

 

പ്ലാസ്റ്റിക് മാലിന്യങ്ങളും പ്ലാസ്റ്റിക് ഘടകങ്ങളുള്ള മാസ്കുകളും പൊതുസ്ഥലങ്ങളിൽ കുമിഞ്ഞുകൂടുന്നത് കടുത്ത പാരിസ്ഥിതിക ഭീഷണി ഉയർത്തുന്നു. മനുഷ്യർക്കും ഇതര ജീവജാലങ്ങൾക്കും ഇവ വൻ ഭീഷണിയാണെന്നു പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. മാലിന്യങ്ങൾ കടലിൽ എത്തുന്നത് മത്സ്യങ്ങളുടെയും ഇതര ജീവികളുടെയും നാശത്തിനു കാരണമാകുന്നു. മരുഭൂമി, മറ്റ് ഉല്ലാസമേഖലകൾ എന്നിവിടങ്ങളിൽ നിന്നു വൻതോതിലാണ് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നത്.

 

സ്റ്റേഷനുള്ള സ്ഥലങ്ങൾ

 

ദി ബീച്ച്, ജെബിആർ, വെസ്റ്റ് പാം ബീച്ച്, ലാമർ, കൈറ്റ് ബീച്ച്, സഫ, ജെൽടി, അൽ ബർഷ, മുഷ്റിഫ്, സബീൽ പാർക്കുകൾ, മറീന മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, മദീനത് ജുമൈറ, ദുബായ് ഹാർബർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com