ADVERTISEMENT

ദുബായ് ∙ ലഹരിമരുന്നു കേസുകളിൽ നടപടികൾ കൂടുതൽ ശക്തമാക്കി യുഎഇ. കുറഞ്ഞത് 50,000 ദിർഹം (10.8 ലക്ഷത്തിലേറെ രൂപ) പിഴയും തടവുമാണ് ശിക്ഷ. കേസിന്റെ ഗൗരവമനുസരിച്ച് തടവും പിഴയും കൂടും.

ലഹരിമരുന്ന് ഇടപാടുകൾക്ക് പണം നിക്ഷേപിക്കുക, പണം  സ്വീകരിക്കുകയോ കൈമാറുകയോ മറ്റാരെയെങ്കിലും കൊണ്ട് അയപ്പിക്കുകയോ ചെയ്യുക, സ്വാധീനിക്കാൻ ശ്രമിക്കുക, മറ്റുവിധത്തിൽ നേട്ടമുണ്ടാക്കുക തുടങ്ങിയവ അതീവ ഗുരുതര കുറ്റകൃത്യമാണെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് വ്യക്തമാക്കി.

ഓൺലൈനിൽ ലഹരിമരുന്നുകൾ പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഘങ്ങൾക്കെതിരെയും നടപടി  ഊർജിതമാക്കി. ഈ വർഷം നൂറിലേറെ പേരെ പിടികൂടി. കൊച്ചുകുട്ടികൾക്കു പോലും സന്ദേശമയയ്ക്കുന്നത് വർധിച്ചതോടെ നിരീക്ഷണം ശക്തമാക്കി. ശബ്ദ സന്ദേശങ്ങൾ സഹിതം അയച്ച് സ്ഥലവും സമയം നിശ്ചയിച്ച് ആവശ്യക്കാർക്ക് ലഹരിമരുന്ന് കൈമാറുന്നതാണ് ഇവരുടെ രീതി.

സന്ദേശം അവഗണിക്കുകയോ നമ്പർ ബ്ലോക് ആക്കുകയോ ചെയ്യാതെ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണം. രാജ്യത്ത് ലഹരിമരുന്നിനെതിരായ ബോധവൽക്കരണം ഊർജിതമാക്കും. വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലും സെമിനാറുകൾ നടത്തും. ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും.  

നന്നാകണോ, വഴിയുണ്ട്

ലഹരിമരുന്നു ശീലത്തിൽ നിന്നു രക്ഷപ്പെടാൻ ചികിത്സയ്ക്കു സൗകര്യമൊരുക്കും. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ നടപടിയെടുക്കില്ല. മദ്യത്തിനും ലഹരിക്കും അടിമകളായവരെ ചികിത്സിക്കാനും പുനരധിവസിപ്പിക്കാനും ഇറാദ സെന്റർ ഫോർ ട്രീറ്റ്മെന്റ് ആൻഡ് റിഹാബിൽ വിദേശികൾക്കും പ്രവേശനമുണ്ട്.

രോഗിയിലും കുടുംബാംഗങ്ങളിലും ആത്മവിശ്വാസം വളർത്തിയെടുക്കുകയാണ് ആദ്യഘട്ടം. മനഃശ്ശാസ്ത്രജ്ഞരുടെയടക്കം സേവനങ്ങൾ ലഭ്യമാണ്. പൊലീസിന്റെ സഹായവും ലഭിക്കും. ലഹരിമരുന്ന് കൈവശം വയ്ക്കുകയോ ചികിത്സയോടു നിസ്സഹകരിക്കുകയോ െചയ്താൽ നടപടിയുണ്ടാകും.

ഉപയോഗം കുറഞ്ഞു

നടപടികളും ബോധവൽക്കരണവും ഊർജിതമാക്കിയതോടെ യുഎഇയിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി ലഹരിമരുന്നു വിരുദ്ധ കർമസമിതി റിപ്പോർട്ട് ചെയ്തു. 2016നെ അപേക്ഷിച്ച് 2020ൽ 24 ശതമാനവും കഴിഞ്ഞവർഷം വീണ്ടും 10 ശതമാനവും കുറഞ്ഞു. ലഹരിമരുന്നിന്റെ അമിത ഉപയോഗം മൂലമുള്ള മരണനിരക്ക് പകുതിയോളം കുറയ്ക്കാനായി. 

നിസ്സാരമല്ല സ്വഭാവമാറ്റം 

കുട്ടികളിലെ അസ്വാഭാവിക പെരുമാറ്റങ്ങൾ നിസ്സാരമായി കാണരുത്. ആദ്യഘട്ടത്തിൽ തന്നെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. പെട്ടെന്നു ദേഷ്യം വരുക, പഠനത്തിൽ താൽപര്യം കുറയുക, ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുക, ശുചിമുറിയിൽ കൂടുതൽ സമയം ചെലവഴിക്കുക, കിടപ്പുമുറി പൂട്ടി അകത്തിരിക്കുക എന്നിവ ശ്രദ്ധിക്കണം. കുട്ടികൾ എവിടെ പോകുന്നു, എപ്പോൾ വരുന്നു, സൗഹൃദങ്ങൾ തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം.

English Summary : Atleast Dh50,000 fine and jail term for funding drug abuse in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com