ADVERTISEMENT

ദുബായ് ∙ പുതിയ കാഴ്ചകളും ഉല്ലാസങ്ങളുമായി ഗ്ലോബൽ വില്ലേജ് 27ാം സീസൺ ഒക്ടോബർ 25നു തുറക്കും. 27 പവിലിയനുകളുണ്ടാകും. ഖത്തറും ഒമാനും കൂടുതൽ പുതുമകളോടെ പവിലിയനുകൾ തുറക്കുമെന്ന് സംഘാടകർ അറിയിച്ചു. 'റോഡ് ഓഫ് ഏഷ്യ' എന്ന പ്രമേയത്തിൽ ഇത്തവണ പ്രത്യേക നടപ്പാതയൊരുക്കും.

 

പവിലിയനുകൾ ഇല്ലാത്ത 13 ഏഷ്യൻ രാജ്യങ്ങളുടെ 43 കിയോസ്കുകളോടു കൂടിയ ഈ മേഖലയിൽ സന്ദർശകർക്ക് അതത് നാടുകളിലെ യഥാർഥ ഉൽപന്നങ്ങൾ വാങ്ങാനും രുചിക്കൂട്ടുകൾ ആസ്വദിക്കാനും കഴിയും. ശ്രീലങ്ക, ഇന്തൊനീഷ്യ, കംപോഡിയ, മലേഷ്യ, ബ്രൂണയ്, ലാവോസ്, ഹോങ്കോങ്, തായ്‌വാൻ, വിയറ്റ്നാം, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ കിയോസ്കുകളാണ് തുറക്കുക.

 

കൂടുതൽ സാഹസിക വിനോദങ്ങളും പ്രതീക്ഷിക്കാം. ടിക്കറ്റ് നിരക്ക്, യാത്രാ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. അറബ് സാംസ്കാരികത്തനിമകളും പ്രാദേശിക ഉൽപന്നങ്ങളുമായി അൽ സനാ, ഖലീഫ ഫൗണ്ടേഷനുകളുടെ പവിലിയനുകൾ ഇത്തവണ മടങ്ങിയെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ആഗോള ഗ്രാമത്തിൽ വലുപ്പത്തിലും കാഴ്ചകളിലും കൗതുകങ്ങളിലും ഇന്ത്യ പവിലിയനാണ് മുന്നിൽ. സന്ദർശകരെ കാത്തിരിക്കുന്നത് കേരളം മുതൽ കശ്മീർ വരെയുള്ള കാഴ്ചകളുടെ സമൃദ്ധി. ദക്ഷിണേന്ത്യൻ-ഉത്തരേന്ത്യൻ ഗ്രാമീണ സംഗീതവും നൃത്തവും കരകൗശല വിദ്യകളും ആസ്വദിക്കാം. കുട്ടികളുടെ  ചങ്ങാതിമാരായ  ഛോട്ടാ ഭീം,  ആംഗ്രി ബേഡ്‌സ്, സർക്കസ് കലാകാരന്മാർ എന്നിവരും ആഘോഷം കൊഴുപ്പിക്കാനെത്തും. ഛോട്ടാഭീമിന് അറബ്‌ ലോകത്തും ആരാധകരേറെയാണ്. ഓരോ വർഷവും വ്യത്യസ്ത പ്രമേയത്തിലാണ് പവിയനൊരുക്കുക. ഇത്തവണത്തെ വിവരങ്ങൾ വൈകാതെയറിയാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com