ADVERTISEMENT

ദുബായ്∙ റഷ്യൻ സഹകരണത്തോടെ ബഹിരാകാശ രംഗത്ത് പുതിയ പദ്ധതികൾ തുടങ്ങാനൊരുങ്ങി യുഎഇ. യുഎഇയുടെ ആദ്യബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറിയെ രാജ്യാന്തര നിലയത്തിൽ എത്തിച്ചതടക്കമുള്ള സുപ്രധാന ദൗത്യങ്ങളിൽ മുഖ്യ പങ്കുവഹിച്ച റഷ്യയുമായുള്ള സഹകരണം വിപുലമാക്കും.

 

ബഹിരാകാശത്ത് സ്വന്തമായി രാജ്യാന്തര നിലയം സ്ഥാപിക്കാനും പുതിയ പദ്ധതികൾ തുടങ്ങാനുമുള്ള റഷ്യൻ നീക്കവും രാജ്യത്തിനു കൂടുതൽ അവസരമേകുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ് സി) ഡയറക്ടർ ജനറൽ സാലിം അൽ മർറി പറഞ്ഞു. ബഹിരാകാശ എൻജിനീയറിങ്, രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിന്റെ പ്രവർത്തനം,  റോബട്ടിക്സ്, നാവിഗേഷൻ, മെഡിക്കൽ എയ്ഡ്, റിസോഴ്സ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പഠന-ഗവേഷണങ്ങൾക്ക് അവസരമൊരുങ്ങും.

 

ബഹിരാകാശ നിലയത്തിൽ പരീക്ഷണങ്ങളിൽ ഏർപ്പെട്ട ഹസ്സ അൽ മൻസൂറി, സഹയാത്രികൻ റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക എന്നിവർ.
ബഹിരാകാശ നിലയത്തിൽ പരീക്ഷണങ്ങളിൽ ഏർപ്പെട്ട ഹസ്സ അൽ മൻസൂറി, സഹയാത്രികൻ റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക എന്നിവർ.

ബഹിരാകാശ ദൗത്യങ്ങൾക്കു യുഎഇയിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരെ റഷ്യൻ ഭാഷയും പഠിപ്പിക്കുന്നുണ്ട്. യുക്രെയ്ൻ പ്രശ്നത്തിലെ യുഎസ് നിലപാടിനു 'ബഹിരാകാശത്ത്' തിരിച്ചടി നൽകാനാണ് സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നു റഷ്യ പ്രഖ്യാപിച്ചത്.  രാജ്യാന്തര ബഹിരാകാശ നിലയവുമായി (ഐഎസ്എസ്) ബന്ധപ്പെട്ട് യുഎസുമായുള്ള സഹകരണം 2024ൽ അവസാനിപ്പിക്കാനാണ് റഷ്യൻ നീക്കം.

 

ഭൂമിയെ ഭ്രമണം ചെയ്യുന്ന ബഹിരാകാശ നിലയം റഷ്യ, യുഎസ്, ജപ്പാൻ, കാനഡ, യൂറോപ്യൻ സ്പേസ് ഏജൻസിയിലെ 6 രാജ്യങ്ങൾ എന്നിവ ചേർന്ന് 1998ൽ ആണു യാഥാർഥ്യമാക്കിയത്.  ഇവിടെ ശാസ്ത്ര പഠനങ്ങളും ഗവേഷണങ്ങളും പരിശീലനങ്ങളും നടക്കുന്നു. റഷ്യൻ സഹകരണത്തോടെയും സ്വന്തമായും ഗവേഷണ പദ്ധതികളും ബഹിരാകാശ ദൗത്യങ്ങളുമായി രാജ്യം മുന്നോട്ടു പോകും. ഈ രംഗത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി സഹകരണം ശക്തമാണ്. 

 

പരീക്ഷണങ്ങളിൽ പങ്കാളിയായി ഹസ്സ അൽ മൻസൂറി 

 

ബഹിരാകാശ നിലയത്തിൽ 16 സുപ്രധാന പരീക്ഷണങ്ങളിലാണ് ആദ്യ യാത്രികൻ ഹസ്സ അൽ മൻസൂറി പങ്കാളിയായത്. ശൂന്യതയിലെ ജീവിതം മനുഷ്യരുടെ എല്ലുകളെ ഏതെങ്കിലും വിധത്തിൽ ബാധിക്കുന്നുണ്ടോയെന്ന ഗവേഷണം ഇതിൽ പ്രധാനമായിരുന്നു. ശരീരത്തിലെ വിവിധ ഗ്രന്ഥികളുടെ പ്രവർത്തനം, രക്തചംക്രമണം, തലച്ചോറിൽ രക്തത്തിന്റെയും  സ്രവങ്ങളുടെയും പ്രവാഹം ബഹിരാകാശത്ത് വിവിധ ലോഹസങ്കരങ്ങൾ വികസിപ്പിക്കാനുള്ള സാധ്യതകൾ, ഈന്തപ്പനയുടെയും മറ്റും വിത്തുകൾക്ക് ഉണ്ടാകുന്ന വ്യതിയാനങ്ങൾ തുടങ്ങിയവയിലും പരീക്ഷണം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com