ADVERTISEMENT

ദുബായ്∙ അവധി കഴിഞ്ഞു പ്രവാസികൾ കേരളത്തിൽ നിന്നു മടക്കയാത്രയ്ക്കു ബുക്കിങ് തുടങ്ങിയതോടെ ടിക്കറ്റ് നിരക്കിൽ വീണ്ടും കുതിപ്പ്. ഈ മാസം 14 മുതൽ ടിക്കറ്റിനു പൊള്ളും വിലയാണ്. ഒരാൾക്ക് 1500 ദിർഹം (32250 രൂപ) വരെയാണ് നിരക്ക്. 20ാം തീയതിക്കു ശേഷം റേറ്റ് 2000 ദിർഹത്തിലെത്തും. 30,31 തീയതികളിൽ ടിക്കറ്റ് നിരക്ക് 2000 ദിർഹത്തിനും മുകളിലാണ്.

 

സെപ്റ്റംബർ 30 വരെ ഈ വർധന നിലനിൽക്കും.  അവധി തുടങ്ങിയപ്പോൾ 1000 – 2000 ദിർഹം മുടക്കിയാണ് പലരും നാട്ടിലെത്തിയത്. നിരക്ക് കുറയും എന്ന പ്രതീക്ഷയിൽ പലരും മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. അതേസമയം, കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഇപ്പോൾ നിരക്ക് തീരെ കുറവാണ്. അവധിക്കു നാട്ടിൽ പോകുന്നവരുടെ തിരക്കു കുറഞ്ഞതോടെ ഇവിടെ നിന്നു കേരളത്തിലേക്കു 400 (8600 രൂപ) ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണ്. കഴിഞ്ഞ മാസം ഇത് 2000 ദിർഹമായിരുന്നു. 

 

4 പേരടങ്ങുന്ന കുടുംബം അവധി കഴിഞ്ഞു മടങ്ങിവരുമ്പോൾ ടിക്കറ്റിനു മാത്രം ചെലവാകുന്നത് 8000 ദിർഹമാണ് (ഏകദേശം 1.6 ലക്ഷം രൂപ). ടിക്കറ്റ് നിരക്കിൽ 45 - 50 ശതമാനത്തിന്റെ വർധന. എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ടിക്കറ്റ് നിരക്കിൽ വർധനയുണ്ട്. ഓഗസ്റ്റ് അവസാന വാരം സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ മടങ്ങി വരുന്നത് നീട്ടി വയ്ക്കാനും കഴിയില്ല. നിലവിൽ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും സെപ്റ്റംബർ ആദ്യവാരം കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കിലും വർധനയുണ്ട്. ഓണത്തിനു നാട്ടിലേക്കു പോകുന്നവരുടെ തിരക്കാണ് നിരക്കാണ് ഇതിനുകാരണം. 

 

വരുമോ ചാർട്ടേഡ് വിമാനങ്ങൾ?

 

കൊച്ചി, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി സെക്ടറുകളിലെ നിരക്കു വർധന ഇതിനകം നിലവിൽ വന്നു. ടിക്കറ്റ് നിരക്ക് ക്രമാതീതമായി വർധിച്ചപ്പോൾ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങൾ പറത്തിയിരുന്നു. അത്തരം  സംവിധാനം മടങ്ങി വരുന്ന പ്രവാസികൾക്കും ലഭിക്കുമെന്നു പ്രതീക്ഷയുണ്ട്.

 

യുഎഇ – ഇന്ത്യ സെക്ടറിൽ സർവീസ് നടത്തുന്ന പല കമ്പനികൾക്കും ചാർട്ടേഡ് വിമാനങ്ങൾ വിട്ടു നൽകുന്നതിനു നിയന്ത്രണങ്ങളുണ്ട്. സാധാരണ ഫ്ലൈറ്റിന് ഉയർന്ന നിരക്ക് വാങ്ങുമ്പോൾ അതേ കമ്പനിയുടെ വിമാനം കുറഞ്ഞ നിരക്കിൽ ചാർട്ടർ ചെയ്യാൻ നൽകുന്നത് ഓപ്പറേറ്റർമാർ എതിർക്കുന്നതാണ് കാരണം. 

 

 

നിരക്ക് നിയന്ത്രണം: അധികാരമില്ലെന്ന് സർക്കാരുകൾ

 

സീസൺ സമയത്തു കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നത് വർഷങ്ങളായി പ്രവാസികൾ ഉന്നയിക്കുന്ന വിഷയമാണ്. ലോക കേരള സഭയിലും ഇത് ചർച്ച ചെയ്തിരുന്നു.

 

എന്നാൽ, ഇന്ത്യയിലെ മുഴുവൻ വിമാന കമ്പനികളും സ്വകാര്യ മേഖലയിലായതോടെ വില നിയന്ത്രണ അധികാരം സർക്കാരുകൾക്ക് നഷ്ടപ്പെട്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

 

കുറഞ്ഞ നിരക്കിൽ വിമാന സർവീസിന് ഏതെങ്കിലും കമ്പനി തയാറായാൽ മറ്റു കമ്പനികളും അമിത നിരക്ക് ഈടാക്കുന്നതിൽ നിന്ന് പിന്മാറേണ്ടിവരും. എന്നാൽ, നിരക്കു വർധനയുടെ കാര്യത്തിൽ വിമാനക്കമ്പനികൾ ഒറ്റക്കെട്ടായതിനാൽ തിരക്ക് കൂടും തോറും നിരക്കും കൂടുന്ന സ്ഥിതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com