ADVERTISEMENT

അബുദാബി ∙ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കുട്ടികളുടെ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളെ ഒാർമിപ്പിച്ച് അബുദാബി പൊലീസ്. കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തുന്ന അപകടകരമായ ശീലം കുടുംബങ്ങൾ ഒഴിവാക്കണമെന്ന് അബുദാബി പൊലീസ് നിർദേശിച്ചു. ഇൗ വർഷം ആദ്യത്തെ ആറു മാസങ്ങളിൽ ഇത്തരത്തിലുള്ള നിയമലംഘനം നടത്തിയ 180 പേരെ പിടികൂടിയതായി അറിയിച്ചു. 

അരുത്, കനത്ത പിഴ

വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ കുട്ടികളെ അനുവദിക്കുന്നത് കുട്ടികളുടെ സുരക്ഷയ്ക്ക് വളരെയേറെ ഭീഷണിയാണ്. 10 വയസ്സിനു താഴെയുള്ള കുട്ടികൾ വാഹനങ്ങളുടെ പിൻസീറ്റിൽ മാത്രം ഇരിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം. നാലു വയസ്സിന് താഴെയുള്ള കുട്ടികളെ അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉചിതമായ ചൈൽഡ് സീറ്റുകളിൽ ഇരുത്തണം. 

10 വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കുന്ന ഡ്രൈവർമാർക്ക് 400 ദിർഹം പിഴ ചുമത്തും. ട്രാഫിക് നിയമപ്രകാരം വാഹനം പിടിച്ചെടുക്കുകയും ഉടമയ്ക്ക് 5,000 ദിർഹം പിഴ ചുമത്തുകയും ചെയ്യും. നാലു വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് ചൈൽഡ് കാർ സീറ്റ് നൽകാത്ത കുടുംബങ്ങൾക്ക് 400 ദിർഹം പിഴ ചുമത്താനും യുഎഇ ട്രാഫിക് നിയമം വ്യവസ്ഥ ചെയ്യുന്നു. യുഎഇ ട്രാഫിക് നിയമപ്രകാരം 10 വയസിൽ താഴെയോ 145 സെന്റിമീറ്ററിൽ താഴെയോ ഉയരമുള്ള കുട്ടികൾക്ക് വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ അനുവാദമില്ല.  

റോഡപകടങ്ങളിൽ ഉൾപ്പെട്ട് ഒട്ടേറെ കുരുന്നുകൾ

യുഎഇയിൽ ഉണ്ടായിട്ടുള്ള റോഡപകടങ്ങളിൽ ഒട്ടേറെ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ട്രാഫിക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് അവർക്ക് ചൈൽഡ് കാർ സീറ്റ് നൽകുന്നതിൽ കുടുംബങ്ങൾ പരാജയപ്പെട്ടതിനാലോ മുൻ സീറ്റുകളിൽ ഇരിക്കാൻ അനുവദിച്ചതിനാലോ ആണ്. ഒ‌ട്ടേറെ പേർക്ക് പരുക്കേൽക്കുകയും മരണങ്ങൾക്കു കാരണമാവുകയും ചെയ്തു.  

ചില അമ്മമാർ കാറിന്റെ മുൻ സീറ്റിലിരുന്ന് തങ്ങളുടെ മക്കളെ മടിയിൽ ഇരുത്തുന്നതിനാൽ, അപകടമുണ്ടാകുമ്പോൾ കുട്ടികൾക്ക് വലിയ തോതിൽ പരുക്കേൽക്കാനും ജീവഹാനി സംഭവിക്കാനും കാരണമാകുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടങ്ങളും അതുമൂലമുണ്ടാകുന്ന പരുക്കുകളും മരണങ്ങളും കുറയ്ക്കുന്നതിന് വാഹനങ്ങൾക്കുള്ളിൽ ചൈൽഡ് സീറ്റുകൾ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം അബുദാബി പൊലീസ് ഊന്നിപ്പറഞ്ഞു. 

വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തരുത്

കുട്ടികൾ ഒറ്റയ്‌ക്കിരിക്കുമ്പോൾ കാറിന്റെ എൻജിൻ പ്രവർത്തിപ്പിക്കുന്നതും കുട്ടികൾ അപകടത്തിൽപ്പെടാൻ ഇടയാക്കുമെന്ന് ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ വാഹനങ്ങളിൽ ഉപേക്ഷിക്കുന്നത് രക്ഷിതാക്കളുടെ വളരെ അപകടകരമായ ശീലമാണ്. വീടുകളിലോ മറ്റ് സ്ഥലങ്ങളിലോ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്കുള്ളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നത് മരണം ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്ന അശ്രദ്ധയാണ്.

English Summary: UAE: 180 motorists fined for allowing small children in front seats of vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com