ADVERTISEMENT

ദുബായ്∙ പ്രചാരണത്തിനായി ഇനിയെന്ത് എന്നതാണ് മലയാള സിനിമയിലെ പുതിയ ചോദ്യം. വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കി പ്രേക്ഷരെ അമ്പരിപ്പിച്ചുള്ള പ്രചാരണ പരിപാടിയാണ് ഓരോ സിനിമയുടെയും അണിയറ പ്രവർത്തകർ പുറത്തിറക്കുന്നത്. ഹോളിവുഡിലും ബോളിവുഡിലും പണമെറിഞ്ഞ് നടത്തുന്ന വൻ പ്രചാരണത്തെ വെല്ലുന്ന പ്രകടനമാണ് മലയാള സിനിമ നടത്തുന്നത്. 

 

ദുബായ് ഫെസ്റ്റിവൽ സിറ്റി ഫൗണ്ടെയ്നിലെ വെള്ളത്തുള്ളികളിൽ തല്ലുമാല സിനിമയുടെ പോസ്റ്റൽ തെളിഞ്ഞപ്പോൾ.
ദുബായ് ഫെസ്റ്റിവൽ സിറ്റി ഫൗണ്ടെയ്നിലെ വെള്ളത്തുള്ളികളിൽ തല്ലുമാല സിനിമയുടെ പോസ്റ്റൽ തെളിഞ്ഞപ്പോൾ.

സിനിമ പ്രചാരണത്തിന്റെ ഇഷ്ടവേദി ദുബായി തന്നെ. ആകാശത്ത് ഡ്രോണുകൾ അണിനിരത്തിയാണ് കടുവ ടീമിന്റെ പ്രചാരണമെങ്കിൽ വെള്ളത്തിൽ ചിത്രം വരച്ചുള്ള പ്രചാരണമാണ് തല്ലുമാല സംഘത്തിന്റേത്. വെള്ളത്തിൽ വരച്ച വരയുടെ തലവര തന്നെ മാറ്റുന്ന കാഴ്ചയ്ക്കാണ് ദുബായ് ഫെസ്റ്റിവൽ സിറ്റി സാക്ഷ്യം വഹിച്ചത്. 

 

ദുബായ് ഫെസ്റ്റിവൽ സിറ്റിമോളിന്റെ പുറം ചുവരിൽ തല്ലുമാല സിനിമയുടെ ട്രെയിലർ തെളിഞ്ഞപ്പോൾ.
ദുബായ് ഫെസ്റ്റിവൽ സിറ്റിമോളിന്റെ പുറം ചുവരിൽ തല്ലുമാല സിനിമയുടെ ട്രെയിലർ തെളിഞ്ഞപ്പോൾ.

ഫൗണ്ടേനിൽ നിന്നുയരുന്ന വെള്ളത്തുള്ളികളിൽ ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ചു തല്ലുമാല സിനിമയുടെ പേരെഴുതി. ഒപ്പം നായകൻ ടോവിനോയുടെയും നായിക കല്യാണിയുടെയും ചിത്രങ്ങളും തെളിഞ്ഞു. ആയിരക്കണക്കിനു പ്രവാസി മലയാളികളെ സാക്ഷി നിർത്തി നടത്തിയ ലേസർ ഷോയിൽ ടൊവിനോയും കല്യാണിയും ഷൈൻ ടോം ചാക്കോയും ചെമ്പൻ വിനോദും അടക്കം താര നിര അണിനിരന്നു. ഫെസ്റ്റിവൽ സിറ്റി മോളിന്റെ പുറം ചുവരിൽ തല്ലുമാലയുടെ ട്രെയിലർ ഷോയും നടന്നു. ആദ്യമായാണ് ഒരു മലയാള സിനിമ അതിന്റെ പ്രചാരണത്തിന്റെ ഭാഗമായി വെള്ളത്തിൽ ചിത്രം വരയ്ക്കുന്നത്. 

 

2014 മുതൽ മനസിൽ കൊണ്ടു നടന്ന സിനിമയാണ് തല്ലുമാലയെന്ന് തിരക്കഥകൃത്തുക്കളിൽ ഒരാളായ മുഹസിൻ പെരാരി പറഞ്ഞു. കാലത്തിനൊപ്പം ചിത്രവും വളർന്നു. നായക കഥാപാത്രം മണവാളൻ വസീമായി ടൊവിനോയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ബിവാത്തുമായ കല്യാണിയും വേഷമിടുന്നു. മലബാറിലെ ജീവിത പശ്ചാത്തലവും പാട്ടുകളുമാണ് സിനിമയുടെ ആത്മാവ്. പേരു സൂചിപ്പിക്കുന്നതു പോലെ വിവിധ തലങ്ങളിൽ നടക്കുന്ന തല്ലുകളിലൂടെ കഥ വളരും. സിനിമയുടെ അണിയറ പ്രവർത്തകരുടെ അടക്കം ജീവിതത്തിൽ നടന്നിട്ടുള്ള തല്ലുകളാണ് തല്ലുമാലയിൽ കോർത്തിരിക്കുന്നത്. 

 

ഒരു സംഘം സിനിമാ സുഹൃത്തുക്കൾ എട്ടു വർഷം മനസിൽ കൊണ്ടു നടന്ന കഥയുടെ സാക്ഷാത്കാരമാണ് 12നു തീയറ്ററുകളിൽ തെളിയുകയെന്ന് ടൊവിനോ പറഞ്ഞു. ഉള്ളടക്കത്തിന്റെ കാര്യത്തിൽ മലയാള സിനിമകളെ വെല്ലാൻ കഴിയില്ല. കോവിഡ് പ്രതിസന്ധിക്കിടെ സിനിമകൾ ഒടിടി ലക്ഷ്യമാക്കിയാണ് ഒരുങ്ങിയത്. എന്നാൽ, വീണ്ടും തീയറ്ററുകളെ ത്രസിപ്പിക്കുന്ന സിനിമകളിലേക്കു മലയാളം മാറുകയാണ്. അത്തരം ചിത്രങ്ങൾ തീയറ്ററുകളിൽ ഏറ്റെടുക്കപ്പെടുമ്പോൾ മാത്രമാണ് പുതിയ ചിത്രങ്ങൾ എടുക്കാൻ നിർമാതാക്കൾക്കും സംവിധായകർക്കും ധൈര്യമുണ്ടാകുയെന്നും അദ്ദേഹം പറഞ്ഞു. തല്ലുമാലയുടെ നിർമാണ ചെലവിനോളം ഇതിലെ വസ്ത്രാലങ്കാരത്തിനും ചെലവുണ്ടായി. കാഴ്ചയുടെ ഒരു വിരുന്നു തന്നെയാകും തല്ലുമാലയെന്നും ടൊവിനോ പറഞ്ഞു. 

 

സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവൻസർ എന്ന നിലയിൽ സെലിബ്രറ്റിയാണ് നായിക ബിപാത്തുവെന്ന് കല്യാണി പറഞ്ഞു. ഒരു മുറിക്കുള്ളിൽ തന്റെ കംപ്യൂട്ടറിൽ ആയിരങ്ങളെ സ്വാധീനിക്കുന്ന നായിക സ്വന്തം സാമ്ര്യാജ്യത്തിലെ രാജാവാണ്. ദുബായിലും കേരളത്തിലുമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com