ADVERTISEMENT

ദോഹ∙ കലാ പ്രദർശനങ്ങളും ഇക്വസ്ട്രിയൻ ഇവന്റുകളും ഇ-കായിക ടൂർണമെന്റുകളുമായി  ഖത്തർ ടൂറിസം കലണ്ടർ സജീവം. ഫിഫ 22 ന്റെ പ്ലേ സ്റ്റേഷൻ 5 ലാണ് ഇ-കായിക മത്സരങ്ങൾ നടക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തുടക്കമിട്ട ടൂർണമെന്റ് 26 വരെ നീളും.

 

മേഖലയിലെ ഫിഫയുടെ മുൻനിര  കളിക്കാരനായ ഖത്തറിന്റെ അഹമ്മദ് അൽ മെഘാസിബിന്റെ പേരിൽ എഎമെഘാസിബ് എന്ന തലക്കെട്ടിലാണ് ടൂർണമെന്റ് നടക്കുന്നത്. 26ന് ദോഹ ഫെസ്റ്റിവൽ സിറ്റിയിലാണ് ടൂർണമെന്റിന്റെ ഫൈനൽ.

 

ഒന്നാം സ്ഥാനം 45,000 റിയാൽ, രണ്ടാം സ്ഥാനത്തിന് 30,000 റിയാൽ, മൂന്നാം സ്ഥാനത്തിന് 15,000 റിയാൽ എന്നിങ്ങനെയാണ് വിജയികൾക്കുള്ള സമ്മാനത്തുക. ഖത്തർ സ്റ്റാർസ് ലീഗിന്റെ സീസൺ മത്സരങ്ങളും പുരോഗമിക്കുകയാണ്. സെപ്റ്റംബർ വരെയാണ് മത്സരങ്ങൾ നീളുന്നത്. 22 ആഴ്ച നീളുന്ന മത്സരത്തിൽ ലീഗ് കിരീടം നേടാൻ 12 ക്ലബുകളാണ് കളിക്കളത്തിലുള്ളത്.

 

അൽ ഷഖാബ് ഇക്വസ്ട്രിയൻ കേന്ദ്രത്തിൽ വേനൽക്കാല ഇക്വസ്ട്രിയൻ പ്രോഗ്രാമും പുരോഗമിക്കുകയാണ്. കുട്ടികൾക്കായി പോണി റൈഡ്, കൗമാരക്കാർക്കും വനിതകൾക്കുമായി കുതിര സവാരി ക്ലാസുകൾ,  വേനൽക്കാല അക്കാദമിക് റൈഡേഴ്‌സ് ക്യാംപ് എന്നിവയും ഈ മാസം ഇക്വസ്ട്രിയൻ കേന്ദ്രത്തിൽ നടക്കുന്നുണ്ട്.

 

കുട്ടികൾക്കായി കിഡ്‌സാനിയ ദോഹയിൽ ഉൾപ്പെടെ വേനൽക്കാല ക്യാംപുകളും സജീവമാണ്. ഖത്തർ നാഷനൽ മ്യൂസിയത്തിന്റെ കുട്ടികൾക്കായുള്ള മാനസികാരോഗ്യ വേനൽക്കാല ക്യാംപും ഈ മാസം 14 വരെയാണ്. പിഎസ്ജിയുടെ വേനൽക്കാല പ്രോഗ്രാമുകൾ 18 വരെയാണ്. ഖത്തർ നാഷനൽ മ്യൂസിയം, മിഷ്‌റെബിലെ എം7 ഗാലറി, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ കലാ, ഫാഷൻ, കാർ പ്രദർശനങ്ങളും നടക്കുന്നുണ്ട്.

 

ഈ മാസം 11 മുതൽ 13 വരെ ഫിഫ ഖത്തർ ലോകകപ്പിന്റെ 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങളും ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, പ്ലേസ് വിൻഡോം എന്നിവിടങ്ങളിലായി നടക്കും. സൂഖ് വാഖിഫിൽ ഏഴാമത് ഈന്തപ്പഴ വിപണന മേളയും പുരോഗമിക്കുന്നുണ്ട്. വിപണന മേള ബുധനാഴ്ച സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com