ADVERTISEMENT

ദുബായ്∙സൈക്ലിങ്ങിനിടെ അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ടു, ഇച്ഛാശക്തികൊണ്ട് അതിനെ മറികടന്നു നേട്ടങ്ങൾ കൊയ്തു. ഒടുവിലിതാ, തന്റെ പ്രചോദനാത്മകമായ ജീവിതകഥയുമായി യുഎഇ സൈക്ലിങ്  താരവും ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥനുമായ അബ്ദുല്ല സാലിം അൽ ബലൂഷി എത്തിയിരിക്കുന്നു. അദ്ദേഹം എഴുതിയ "ഫ്ലൈ വിത്ത് ദ് വിൻഡ്" എന്ന പുസ്തകം ദുബായ് താമസ- കുടിയേറ്റ വകുപ്പ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ,  ലഫ്.  ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയുടെ സാന്നിധ്യത്തിൽ  പ്രകാശനം ചെയ്തു.

abdulla-balushi-3

ദേശീയ സൈക്ലിങ്  താരമായിരിക്കെയായിരുന്നു അപകടത്തിൽ വലതു കൈമുട്ടിനു താഴെ നഷ്ടപ്പെട്ടത്. എന്നാൽ തന്‍റെ ലക്ഷ്യങ്ങളിൽ നിന്നു പിറകോട്ട് പറക്കാൻ ഇദ്ദേഹം തയാറല്ലായിരുന്നു. കഠിനശ്രമം കൊണ്ട് എല്ലാം പ്രതിസന്ധികളെയും അതിജീവിച്ച്  വീണ്ടും സൈക്കിൾ ട്രാക്കിലേക്കു തിരിച്ചെത്തിയ അബ്ദുല്ല സാലിം ബലൂഷി തന്റെ അതിജീവന കഥ വളരെ മനോഹരമായാണ് ഫ്ലൈ വിത്ത് ദ് വിൻഡിലൂടെ പറഞ്ഞിരിക്കുന്നത്. നിശ്ചയദാർഢ്യമുള്ളവരുടെ നേട്ടങ്ങൾ വിവരിക്കുന്ന വിഭാഗത്തിൽ ഇത്തവണത്തെ  അബുദാബി രാജ്യാന്തര പുസ്തകമേളയിലെ ഏറ്റവും ശ്രദ്ധേയ പുസ്തകങ്ങളിൽ ഒന്നായിരുന്നു ഇത്. അറബിക്കിലും ഇംഗ്ലീഷിലുമായിട്ടാണു പുസ്തകം ഒരുക്കിയിട്ടുള്ളത്.

സ്വപ്നങ്ങളുടെ പിറകെ പറന്നു; ഒടുവിൽ യുഎഇയുടെ പ്രിയ സൈക്ലിങ് താരം

സ്വപ്നങ്ങൾക്കു ചിറകുമുളച്ചു പറക്കാൻ തുടങ്ങിയാൽ പരിമിതികളെല്ലാം അപ്രസക്തമാകുമെന്നതിന്റെ ഉത്തമോദാഹരണമാണ് അബ്ദുല്ല സാലിം ബലൂഷി  എന്ന ഇൗ യുവാവ്. ദൃഢനിശ്ചയം കൊണ്ട് യുഎഇയുടെ കായിക ലോകത്തിനു വലിയ പ്രചോദനമായ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. പ്രതിസന്ധികൾ തളരുന്നവർക്ക് ആത്മവിശ്വാസത്തിന്റെ പ്രതീകം. 

ചെറുപ്രായത്തിൽ തന്നെ  അബ്ദുല്ല സാലിം ബലൂഷി സൈക്ലിങ് താരമെന്ന സ്വപ്നവുമായാണു ജീവിച്ചത്. അതിനു വേണ്ടി ക്ഷമയോടെയുള്ള പരിശ്രമങ്ങൾ നടത്തി. വൈകാതെ,  തന്റെ അഭിലാഷങ്ങളെ ഓരോന്നായി കൈപിടിയിൽ ഒതുക്കി.12–ാം വയസിൽ അൽ അഹ്ലി ക്ലബ്ബിൽ ചേർന്ന  അബ്ദുല്ല സാലിം ബലൂഷി ഒരു വർഷത്തിൽ തന്റെ ആദ്യ മെഡൽ നേടി. പിന്നീട് യുഎഇ ദേശീയ ടീമിന്റെ ഭാഗമാകാനുള്ള യജ്ഞവും തുടങ്ങി. രണ്ടു വർഷത്തിനുശേഷം  യുഎഇ സൈക്ലിങ് ടീമിൽ അംഗമായി ഒട്ടേറെ രാജ്യാന്തര  മത്സരങ്ങളിലും പങ്കെടുത്തു. പരിശീലനത്തിന് ഇടയിൽ സൈക്കിൾ നിയന്ത്രണം വിട്ടു മറിഞ്ഞാണു സാരമായ പരുക്കേറ്റത് ഭാവിയെക്കുറിച്ചുള്ള ആശങ്ക പരത്തി. 

abdulla-balushi

കൈപ്പത്തി അടക്കമുള്ള ഭാഗങ്ങൾക്കു ഗുരുതര പരുക്കേറ്റിരുന്നു. അതു തന്റെ സ്വപ്നങ്ങളെ  തല്ലിക്കെടുത്തും എന്നു ഭയന്നെങ്കിലും, മികച്ച ചികിത്സ നൽകി  മനസാന്നിധ്യം തിരിച്ചുകൊണ്ടുവന്നു.  പതിയെ ട്രാക്കിലേക്കു തിരിച്ചെത്തുകയും ചെയ്തു. അതിനു കൂട്ടായതു പരിശീലകനും യുഎഇയുടെ മികച്ച സൈക്ലിങ് താരങ്ങളിൽ ഒരാളുമായിരുന്ന മുഹമ്മദ് അൽ മുറവ്വി നൽകിയ പ്രോത്സാഹനമായിരുന്നു . അദ്ദേഹത്തിന്റെ പരിശീലനത്തിനു കീഴിൽ  ആദ്യ മത്സരത്തിൽ തന്നെ ഒന്നാം സ്ഥാനക്കാരനായി.  ശേഷം യുഎഇ പാരാലിംപിക് ദേശീയ ടീമിൽ അംഗമായി.  ഉസ്ബെക്കിസ്ഥാനിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ  രാജ്യത്തിനു വേണ്ടി വെങ്കല മെഡൽ നേടി രാജ്യാന്തര തലത്തിൽ രാജ്യത്തിന്റെ അഭിമാനമായി മാറി.

അങ്ങനെ ഓരോ ടൂർണമെന്റുകളിലുമായി  അസാധ്യമായ മനക്കരുത്തു പ്രകടിപ്പിച്ചുകൊണ്ട് അബ്ദുല്ല സാലിം ബലൂഷി വിജയങ്ങൾ ഓരോന്നായി കൈപ്പിടിയിൽ ഒതുക്കി. ഇന്നു താരം രാജ്യത്തിന്റെ പ്രതീക്ഷയാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com