ADVERTISEMENT

ദോഹ ∙ 22-ാമത് ഫിഫ ലോകകപ്പിന്റെ ഫൈനല്‍ വേദിയായ ഖത്തറിന്റെ ലുസെയ്ല്‍ സ്റ്റേഡിയത്തിന്റെ കളിക്കളം ഉണര്‍ന്നു. കാല്‍പന്തുകളിയുടെ ആരവം നിറച്ച് കാണികളും. ഇന്നലെ രാത്രി ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ അല്‍ റയാനും അല്‍ അറബിയും തമ്മിലുള്ള പോരാട്ടമായിരുന്നു നിര്‍മാണം പൂര്‍ത്തിയായ ശേഷമുള്ള ആദ്യ മത്സരം. 80,000 പേര്‍ക്ക് ഇരിപ്പിടമുള്ള ഗാലറിയില്‍ നിന്ന് ഫുട്‌ബോള്‍ ആരാധകരുടെ ആരവവും കയ്യടികളും ഉയര്‍ന്നപ്പോള്‍ മത്സരത്തേക്കാള്‍ ലോകകപ്പ് ഫൈനല്‍ വേദി ലോകകപ്പിന് മുന്‍പേ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം കൂടിയായിരുന്നു കാണികള്‍ പങ്കുവെച്ചത്. 

qsl-match
അല്‍ അറബിയും അല്‍ റയാനും തമ്മിലുള്ള മത്സരം (ചിത്രം-ഖത്തര്‍ സ്റ്റാര്‍സ് ലീഗ്, ട്വിറ്റര്‍ പേജ്)

മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അല്‍ അറബിയാണ് വിജയിച്ചത്. പ്രാദേശിക ടൂര്‍ണമെന്റുകളിലൊന്നായ ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ സീസണ്‍ മത്സരങ്ങളിലൊന്നാണിത്. ലോകകപ്പ് ഫൈനല്‍ വേദിയില്‍ ആദ്യ മത്സരം കളിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലില്‍ വാശിയേറിയ പോരാട്ടം തന്നെയാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. 

സ്‌റ്റേഡിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടന മത്സരം സെപ്റ്റംബര്‍ 9ന് നടക്കുന്ന ലുസെയ്ല്‍ കപ്പ് ആണ്. സൗദി പ്രോ ലീഗ് ചാംപ്യന്മാരും ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരും തമ്മിലാണ് സൂപ്പര്‍ കപ്പ് മത്സരം നടക്കുന്നത്. മത്സരം കാണാനുള്ള ടിക്കറ്റ് വില്‍പന ഈ മാസം 18ന് തുടങ്ങും. ലോകപ്രശസ്ത ഗായകരുടെ സംഗീത നിശയും ടൂര്‍ണമെന്റിന്റെ ഭാഗമായി നടക്കും. പാട്ടും മേളവും കളിയും ഒക്കെയായി ഏറ്റവും മികച്ച ഉദ്ഘാടനത്തിനാണ് ഖത്തര്‍ ഒരുങ്ങുന്നത്. 

lusail-stadium
ലുസെയ്ല്‍ സ്‌റ്റേഡിയം

ഖത്തര്‍ ലോകകപ്പിന്റെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസെയ്‌ലില്‍ തന്നെയാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളും നടക്കുന്നത്. ഗ്രൂപ്പ് ഘട്ടം, റൗണ്ട്-16, ക്വാര്‍ട്ടര്‍-സെമി ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെ 10 മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. ദോഹയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ലുസെയ്ല്‍ സിറ്റിയിലാണ് സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്നത്. പരിസ്ഥിതി സൗഹൃദ നിര്‍മാണവും സുവര്‍ണ യാനപാത്രത്തിന്റെ ആകൃതിയിലുള്ള സ്റ്റേഡിയവും ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവം തന്നെയാകും നല്‍കുക. 

English Summary : Al Arabi edge Al Rayyan in Qatar Stars League as stunning Lusail Stadium stages first match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com